മാത്യു സാമുവല്‍
അങ്ങനെ ആ ശിക്ഷാ വിധിയും വന്നു. ജയ ജയ്റ്റ്‌ലിയും കൂട്ടരും അകത്ത്. 4 വര്‍ഷം ജയില്‍വാസം, കൂടെ ഒരു ലക്ഷം രൂപ പിഴ കൊടുക്കണം. 20 വര്‍ഷത്തിനു ശേഷം ചരിത്രപരമായ ഒരു വിധി. 2001 മാര്‍ച്ച് 13 ാം തീയതിയില്‍ ഇന്ത്യയെ പിടിച്ചു കുലുക്കിയ, രാജ്യ രക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ അഴിമതിയാണ് തെഹല്‍ക്ക പുറത്തു വിടുന്നത്. ഓപറേഷന്‍ വെസ്റ്റ് എന്‍ഡ്-അത് പുറത്ത് കൊണ്ടുവരാന്‍ ഈ എളിയവന്‍ അതി നിര്‍ണായകമായ ഒരു പങ്ക് വഹിച്ചു. തുടര്‍ന്ന് എന്നെ തകര്‍ക്കാനും തളര്‍ത്താനും എല്ലാ രീതിയിലും അതീവ ശ്രമം നടത്തി. കുടുംബബന്ധത്തില്‍ പോലും ഛിദ്രമാക്കാന്‍ ഇടപെടലുകള്‍ നടത്തി. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ (കാട്ടുപത്തനാപുരം) ജനിച്ചു വളര്‍ന്ന അവന്റെ മുന്‍പില്‍ ഈ ഇവിള്‍ ഡിസൈന്‍ എല്ലാം തകര്‍ന്നടിഞ്ഞു.
ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിക്ക് എതിരെയാണ് ഞാന്‍ വിരല്‍ ചൂണ്ടിയത്. ഇന്ന് അതേ പാര്‍ട്ടി ഇന്ത്യയെ ഭരിക്കുമ്പോള്‍ തെളിയിച്ചു കൊടുത്തു. അവര്‍ സമ്മതിക്കേണ്ടി വന്നു ചൂണ്ടുവിരല്‍ ശരിയായിരുന്നു..! അന്ന് ബിജെപി വക്താവായിരുന്ന, ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നെ വിളിച്ചത്, അമേരിക്കന്‍ ചാരന്‍ എന്നായിരുന്നു! ഇത് ഇന്ത്യയില്‍ നടന്ന ആദ്യത്തെ സ്റ്റിങ് ഓപ്പറേഷന്‍. എട്ട് മാസം നീണ്ടു നിന്നു. 2000 ഡിസംബര്‍ 25 , ഒരു ക്രിസ്തുമസ് രാത്രി, നല്ല തണുപ്പുള്ള ദിവസം, അതുപോലും കുടുംബത്തോട് കൂടി ആഘോഷിക്കാതെ, ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുവാന്‍ പോകുന്നു. അന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ വീട്ടില്‍, അതെനിക്ക് ഇന്നും ഓര്‍മ്മയിലുണ്ട്.
ഡല്‍ഹിയില്‍ വച്ച്, അന്ന് വൈകുന്നേരം ഈ ഓപറേഷന്‍ കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തിയത് രാത്രി 12 മണി കഴിഞ്ഞ്. ക്രിസ്തുമസ് കേക്കും ഉണ്ടായിരുന്നു കയ്യില്‍. അപ്പോ വീട്ടില്‍ ആരും ഇല്ല. വീട് പൂട്ടി, ഭാര്യ പിണങ്ങി, കുട്ടിയേയും കൊണ്ട് അവളുടെ വീട്ടില്‍ പോയി.(കാരണം ഭാര്യയ്ക്ക് പോലും അറിയില്ല എന്ത് കുന്തമാണ് ഈയുള്ളവന്‍ ചെയുന്നത് ).7 മാസം പ്രായമുള്ള മൂത്ത മകന്‍. ഇതൊക്കെ ഞാന്‍ ചിലപ്പോള്‍ രണ്ടെണ്ണം അടിച്ചിട്ട് ഇരുന്നു ആലോചിച്ചു ചിരിക്കും. സിബിഐ ഓഫീസര്‍ ഇത് വിളിച്ചു പറഞ്ഞിട്ട് പറഞ്ഞത്, നിന്റെ തെളിവുകള്‍, മൊഴി ശക്തമായിരുന്നു എന്ന്.