സോമൻ കാണിപ്പറമ്പിൽ
ഗായകനും നടനുമായ ദിൽജിത് ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് കൊടും തണുപ്പിൽ നിന്ന് രക്ഷനേടാൻ കമ്പിളി പുതപ്പ് വാങ്ങാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. സമരത്തിലേർപ്പെട്ടിരിക്കുന്ന കർഷകർക്ക് സൗജന്യ ചികിൽസാ സഹായവുമായി സഹോദരങ്ങളായ ഡോക്ടർമാർ. സൗജന്യ നിയമ സഹായവുമായി സുപ്രിം കോടതി ബാർ അസാസിയേഷൻ. പണിമുടക്ക് പ്രഖ്യാപിച്ച് ട്രക്ക് ഉടമകൾ. പിന്തുണയുമായിചെറുകിട വ്യാപാരികൾ , തൊഴിലാളി സംഘടനകൾ, കലാകാരൻമാർ , ക്രിക്കറ്റ് താരമുൾപ്പടെയുള്ള കായിക താരങ്ങൾ, ബോളിവുഡ് താരങ്ങൾ അടക്കമുള സിനിമാ നടൻമാർ മാത്രമല്ല കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും. ബ്രിട്ടീഷ് പാർലമെന്റഗങ്ങൾ, അവസാനം ഇതാ ഐക്യ രാഷ്ട സംഘടനയും. കർഷക സമരം ഈ രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും നിലനിൽപ്പിന് വേണ്ടിയുള്ളതാണന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു.
മോദി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണനത്തിന് തടയിടാൻ ത്യാഗോജ്ജ്വലമായ പോരാട്ടമാണ് കർഷകർ നടത്തുന്നത്. മോദി സർക്കാരിന്റെ കോർപ്പറേറ്റുകൾക്ക് വേണ്ടി കോർപ്പറേറ്റുകളാൽ നയിക്കപ്പെടുന്ന കോർപ്പറേറ്റ് ഭരണത്തിനെതിരെ അണിനിരന്നിരിക്കുന്നു. ഹിന്ദുത്വ കാർഡ് ഉപയോഗിച്ച് നടത്തിവന്ന കോർപ്പറേറ്റ് ഭരണവ്യവസ്ഥ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം സ്വരുകൂട്ടി പടുത്തുയർത്തിയ രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയും അത് ചോദ്യം ചെയ്യുന്നവരെ കരിനിയമങ്ങൾ ഉപയോഗിച്ച് തുറുങ്കിലടച്ചും കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തും നടത്തിവന്ന ഭരണ വ്യവസ്ഥ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
ബി.ജെപി.യുടെ തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വ അജണ്ട കൊണ്ട് നേരിടാൻ ശ്രമിച്ച പ്രതിപക്ഷ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഇടതെന്നോ വലതെന്നോ വ്യത്യസമില്ലാതെ മോദി സർക്കാർ പിൻതുടർന്ന കോർപ്പറേറ്റു നയങ്ങളുടെ നടത്തിപ്പുകാരായ എല്ലാം ഭരണ - പ്രതിപക്ഷ കക്ഷികൾക്കുമുള്ള താക്കീതു കൂടിയാണ് ഈ കർഷക പ്രക്ഷോഭം. കോർപ്പറേറ്റ് വൽക്കരണത്തിലൂടെ തൊഴിൽ നഷ്ടപ്പെടുന്ന റെയിൽവേ , ബി.എസ്.എൻ.എൽ, എൽ.ഐ.സി., ബാങ്കിംഗ് മേഖലയിലെ തൊഴിലാളികളും അവരുടെ തോളിൽ വേതാളത്തെപ്പോലെ പിടിമുറുക്കിയിട്ടുള്ള ട്രേഡ് യൂണിയൻ നേതാക്കളെ തെരുവിലേക്ക് വലിച്ചെറിഞ്ഞ് വരും കാലങ്ങളിൽ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കാൻ തയ്യാറാകും.
അശുഭ വാർത്തകൾ മാത്രം ശ്രവിച്ചിരുന്ന ഇന്ത്യയിലെ ദരിദ്ര ജനകോടികൾക്ക് ആശ്വാസം പകരുന്ന വാർത്തകളാണ് രാജ്യത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ഉയരുന്നത്. ഹിന്ദുത്വ കാർഡ് ബി.ജെ.പിക്ക് കോർപ്പറേറ്റ് സേവക്കുള്ള മറ മാത്രമായിരുന്നെന്ന് ഇന്ന് ഹിന്ദുക്കളും മനസ്സിലാക്കിയിരിക്കുന്നു. പിരിച്ചു വിടപ്പെട്ടവരിലും തൊഴിൽ നഷ്ടപ്പെട്ടവരിലും ബഹുഭൂരിപക്ഷവും ബി.ജെ.പി യെ പിന്തു ണച്ചിരുന്ന ഹിന്ദുക്കളാണ്. അത് കൊണ്ടു തന്നെ കോർപ്പറേറ്റ് നയങ്ങളിൽ നിന്ന് പിന്മാറിയേ മതിയാകൂ. അത് ബി.ജെ.പിയും മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ അവർ തയ്യാറായത്. ഇത് ജനങ്ങളുടെ വിജയമാണ്. കോർപ്പറേറ്റിസത്തിനേറ്റ തിരിച്ചടിയും.