"തടവുകാരനെ സെല്ലിൽ പൂട്ടിയിട്ടു" എന്ന് കേൾക്കുമ്പോൾ നമുക്ക് എന്ത് തോന്നും.?
പക്ഷെ തടവിലാക്കപ്പെടുന്നു എന്നതിനാൽ ഒരാളുടെ മനുഷ്യപദവി റദ്ദാക്കപ്പെടുന്നില്ല. ജയിലിലെ നാലുചുമരുകൾക്കുള്ളിലേക്കു ചുരുക്കപ്പെട്ട നിലയിൽ അയാൾക്കും മനുഷ്യാവകാശങ്ങൾക്ക് അർഹതയുണ്ടെന്ന് നമ്മുടെ നിയമം പറയുന്നു.
വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിന്ന് ദിനംപ്രതി പുറത്തുവരുന്ന വാർത്തകൾ ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. നിരന്തരം കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാവുകയാണ് അവിടത്തെ തടവുകാർ. രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം നയിക്കുന്ന കേരളത്തിലെ ചുരുക്കംചില അഭിഭാഷകരിൽ ഒരാളായ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. തുഷാർ നിർമൽ സാരഥി, മാവോവാദി തടവുകാരൻ ടി കെ രാജീവന്റെ അനുഭവത്തിലൂടെ വിഷയത്തെ അപഗ്രഥിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്.
"തടവുകാരനെ സെല്ലിൽ പൂട്ടിയിട്ടു" എന്ന് കേൾക്കുമ്പോൾ നമുക്ക് എന്ത് തോന്നും.? ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം അതിൽ അസ്വാഭാവികമായി ഒന്നും തന്നെ തോന്നാനിടയില്ല. തടവുകാരൻ / കാരി എന്നാൽ തന്നെ തടവിൽ ആയവൻ/ ആയവൾ ആണല്ലോ. തടവുകാരെ പൂട്ടിയിടാൻ വേണ്ടി തന്നെയാണല്ലോ ജയിലുകൾ.
പക്ഷെ തടവിലാക്കപ്പെടുന്നു എന്നതിനാൽ ഒരാളുടെ മനുഷ്യപദവി റദ്ദാക്കപ്പെടുന്നില്ല. ജയിലിലെ നാലുചുമരുകൾക്കുള്ളിലേക്കു ചുരുക്കപ്പെട്ട നിലയിൽ അയാൾക്കും മനുഷ്യാവകാശങ്ങൾക്ക് അർഹതയുണ്ടെന്ന് നമ്മുടെ നിയമം പറയുന്നു. നിരവധി തവണ നമ്മുടെ കോടതികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നു. ജയിലിന്റെ ചുവരുകൾ നിർമ്മിച്ചിരിക്കുന്നത് കല്ലുകൾ കൊണ്ടല്ല നിയമത്താൽ ആണെന്നും ജയിലിനകത്തും നിയമവാഴ്ച ഉറപ്പു വരുത്തേണ്ടതുണ്ടെന്നും വിധിന്യായത്തിൽ എഴുതിവച്ചത് വി ആർ കൃഷ്ണയ്യർ ആയിരുന്നു. നിരവധി തവണ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സുപ്രിംകോടതി കർക്കശമായ വിമർശനങ്ങൾ ഉയർത്തിക്കൊണ്ട് വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജയിലിനകത്തെ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുക തന്നെ ചെയ്യുന്നു.
അത്തരത്തിൽ ഒരു മനുഷ്യാവകാശ ലംഘനത്തെ സംബന്ധിച്ച ഒരു കേസ് അടുത്ത ദിവസങ്ങളിൽ ബോംബെ ഹൈക്കോടതിയുടെ പരിഗണനക്ക് വന്നിരുന്നു. ഔറംഗബാദ് സെൻട്രൽ ജയിലിൽ ശിക്ഷാ തടവുകാരനായി കഴിയുന്ന തൻ്റെ ഭർത്താവ് ഇമ്രാൻ ഷെയ്ഖിനെ കഴിഞ്ഞ 2 വർഷമായി ആണ്ടാ സെല്ലിൽ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഏകാന്തതടവ് അദ്ദേഹത്തെ ശാരീരികവും മാനസികവുമായി രോഗിയാക്കി മാറ്റിയിരിക്കുന്നു എന്നും ഏകാന്ത തടവിൽ നിന്നും അദ്ദേഹത്തെ മോചിപ്പിച്ച് മറ്റു തടവുകാരോടൊപ്പം ഒന്നിച്ചു കഴിയാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇമ്രാൻ ഷെയ്ഖിന്റെ ഭാര്യ ഷെയ്ഖ് റുഹീനാ നൽകിയ ഹരജിയാണ് ബോംബെ ഹൈക്കോടതി പരിഗണിച്ചത്. നോക്കൂ.. എത്ര പരിമിതമായ ആവശ്യം.
ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ഇമ്രാൻ ഷെയ്ഖ് ജയിൽ സൂപ്രണ്ടിന് 15.9.21 നു ഒരു അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷ വിശദമായി തന്നെ ബോംബെ ഹൈക്കോടതി വിധിയിൽ എഴുതി ചേർത്തിരിക്കുന്നു. 2019 ഒക്ടോബർ മുതൽ തന്നെ അണ്ടാ ബാരക്കിൽ അടച്ചിരിക്കുകയാണെന്നും ഒരു വർഷം താൻ ഇവിടെ ഒറ്റയ്ക്കായിരുന്നു എന്നും അതിനു ശേഷം ജയിൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ചില തടവുകാരെ 15 മുതൽ 2 മാസം വരെ ഇവിടെ പാർപ്പിച്ചിരുന്നു എന്നും എന്നാൽ താൻ കഴിഞ്ഞ 2 വർഷമായി ഇവിടെ കഴിയുകയാണെന്നും ഇമ്രാൻ സൂപ്രണ്ടിനെഴുതി. അണ്ടാ ബാരക്കിലെ ഏകാന്ത തടവ് നിരവധി ശാരീരിക മാനസിക അസുഖങ്ങൾക്ക് കാരണമായിരിക്കുകയാണെന്നും അതിനു മരുന്ന് കഴിക്കാൻ ആരംഭിച്ചിരിക്കുകയാണെന്നും പലതരം മാനസിക വിഭ്രാന്തികൾ ഉണ്ടാകുന്നു എന്നും മനുഷ്യരുമായി ആശയവിനിമയം നടത്താൻ മറന്നു പോയെന്നും മാനുഷിക വികാരങ്ങൾ പോലും ഇല്ലാതാകുന്നു എന്നും മൃഗങ്ങളെ പോലും ഇത്തരത്തിൽ അല്ല പാർപ്പിക്കാറെന്നും അദ്ദേഹം സൂപ്രണ്ടിനെഴുതി. ഈ കാരണങ്ങളാൽ തന്നെ അണ്ടാ സെല്ലിൽ നിന്നും മാറ്റി മറ്റു തടവുകാരുടെ കൂടെ ഇടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ അപേക്ഷയിൽ സൂപ്രണ്ട് നടപടി എടുത്തില്ലെന്നു മാത്രമല്ല ഒരു മറുപടി പോലും നൽകാൻ തയ്യാറായില്ല.
പിന്നീട് ഇമ്രാൻ ഷെയ്ഖിന്റെ ഭാര്യ ഷെയ്ഖ് റുഹാന ജയിൽ അധികൃതർക്ക് ഒരു അപേക്ഷ നൽകി. 24.11.21 നു താൻ ഭർത്താവിനെ ജയിലിൽ സന്ദർശിച്ചെന്നും എന്നാൽ തന്റെ സംസാരം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭർത്താവെന്നും ഉടൻ തന്നെ അദ്ദേഹത്തെ ഏകാന്ത തടവിൽ നിന്നും മോചിപ്പിച്ചു മറ്റു തടവുകാരോടൊപ്പം കഴിയാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഈ അപേക്ഷകളിൽ ഒന്നും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഷെയ്ഖ് റുഹാന ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജിയിലും അപേക്ഷകളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തങ്ങളെ ഞെട്ടിച്ചു എന്ന് പ്രസ്താവിച്ച ഹൈക്കോടതി ഉടൻ തെന്നെ ഇമ്രാനെ ഏകാന്ത തടവിൽ നിന്നും മോചിപ്പിക്കാൻ ഇടക്കാല ഉത്തരവിട്ടു. അത് കൂടാതെ പിറ്റേന്ന് തന്നെ ഔറംഗാബാദ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോട് ജയിൽ സന്ദർശിച്ച് ഇമ്രാൻ ഷെയ്‌ഖിന്റെ മൊഴി രേഖപ്പെടുത്താനും അണ്ടാ സെൽ പരിശോധിക്കാനും അതിന്റെ ഫോട്ടോ എടുക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
കോടതി ഉത്തരവ് വഴി ഇമ്രാൻ ഷെയ്ഖ് തൽക്കാലം ഏകാന്ത തടവിൽ നിന്നും രക്ഷപ്പെടും എന്ന് പ്രതീക്ഷിക്കാം. ഏകാന്ത തടവ് എന്ന സംഗതി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി നിരവധി തവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പക്ഷെ ഇപ്പോഴും അത് തുടരുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇമ്രാൻ ഷെയ്ഖിന്റെ അനുഭവം.
ജയിൽ നിയമമനുസരിച്ച് ജയിലിനകത്തെ കുറ്റങ്ങൾക്ക് വിധിക്കാവുന്ന ശിക്ഷയാണ് സെല്ലിൽ ഒറ്റയ്ക്ക് പൂട്ടിയിടുക, മറ്റു തടവുകാരിൽ നിന്നും വേർ തിരിച്ചു തടവിലിടുക എന്നത്. പക്ഷെ അങ്ങനെ ചെയ്യുമ്പോഴും ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നതിന് വേണ്ടി തുറന്നു വിടണം. കൂടാതെ മറ്റു തടവുകാരോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയും വേണം എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നു. മാത്രവുമല്ല ജയിൽ നിയമമനുസരിച്ച് ഒരു തവണ സെല്ലിൽ പൂട്ടിയിടാവുന്ന പരമാവധി കാലാവധി 14 ദിവസമാണ്. മുൻപ് പൂട്ടിയിടപ്പെട്ട അത്രയും ദിവസം കഴിയാതെ വീണ്ടും അതെ തടവുകാരനെ സെല്ലുലാർ സെല്ലിൽ പൂട്ടിയിടാൻ പാടില്ല എന്നും നിയമം അനുശാസിക്കുന്നു. ഇവിടെ ഇമ്രാൻ ഷെയ്‌ഖിന്റെ കാര്യത്തിൽ അദ്ദേഹം തുടർച്ചായി 2 കൊല്ലവും 4 മാസവും ഏകാന്ത തടവിൽ ആയിരുന്നു എന്ന വസ്തുത കൂടി ഓർക്കുക.
ജയിലിൽ പൂട്ടിയിടുക എന്നത് അത്ര നിസാരമായ സംഭവമല്ല എന്ന് സൂചിപ്പിക്കാൻ ആണ് ഇമ്രാൻ ഷെയ്ഖിന്റെ അനുഭവം വിശദീകരിച്ചത്. ഇനി നമുക്ക് കേരളത്തിലേക്ക് വരാം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന രാജീവൻ അറിയിച്ചത് അദ്ദേഹത്തെ യാതൊരു കാരണവും ഇല്ലാതെ പല സമയത്തായി മൂന്ന് തവണ സെല്ലിൽ പൂട്ടിയിട്ടു (cellular confinement) എന്നാണ്. ജയിൽ അധികൃതരുടെ നിയമലംഘനങ്ങളെ ചോദ്യം ചെയ്‌താൽ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പരാതിപ്പെട്ടാൽ യാതൊരു മുന്നറിയിപ്പ് പോലും ഇല്ലാതെ സെല്ലുകളിൽ പൂട്ടിയിടുന്നത് ഇവിടെ പതിവാണെന്ന് തടവുകാർ പരാതിപ്പെടുന്നു. കോടതിയിലേക്കും പോലീസ് കസ്റ്റഡിയിലേക്കും പോയി തിരിച്ചു വരുന്ന തടവുകാരെ ഇപ്പോൾ നിർബന്ധിത ക്വാറന്റൈനു വിധേയമാക്കാറുണ്ട്.പുതിയ സർക്കാർ നിർദ്ദേശമനുസരിച്ച് ക്വറന്റൈൻ കാലാവധി 7 ദിവസമാണ്. എന്നാൽ ജയിൽ അധികൃതർക്ക് ഇഷ്ടമല്ലാത്ത തടവുകാരെ സംബന്ധിച്ചിടത്തോളം ഈ കാലാവധി 14 മുതൽ 28 ദിവസം വരെയൊക്കെ നീളുമെന്നാണ് തടവുകാർ അറിയിക്കുന്നത്. 7 മുതൽ 21 ദിവസം വരെ നിയമവിരുദ്ധമായ ഏകാന്ത തടവെന്ന് അർത്ഥം. ഈ ജയിലിലെ പുസ്തക നിരോധനത്തെ കുറിച്ച് മുൻപ് എഴുതിയിരുന്നതാണ്. വീണ്ടും അതിലേക്കു പോകുന്നില്ല.
സമൂഹത്തിൽ നിന്നും വേർതിരിക്കപ്പെട്ടവരാണ് തടവുകാർ. ജയിലിനകത്ത് തടവുകാരോട് ഭരണകൂടം എങ്ങനെ പെരുമാറുന്നു എന്നത് പലപ്പോഴും പുറത്തറിയാറില്ല. തടവ് ജീവിതം കഠിനമായിരിക്കണം എന്നാലേ സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയൂ എന്ന ചിന്താഗതി പലരും വച്ച് പുലർത്താറുണ്ട്. പക്ഷെ അതുകൊണ്ട് നിയമ വിരുദ്ധമായി തടവുകാരുടെ മേൽ മർദ്ധനം അഴിച്ചു വിടുന്നത് തെറ്റല്ലെന്ന് വരുന്നത് വലിയ അപകടമാണ്. ശിക്ഷ വിധിക്കാൻ നമ്മുടെ നിയമങ്ങൾ പ്രകാരം കോടതികൾക്ക് മാത്രമാണ് അധികാരം. ജയിൽ കുറ്റങ്ങൾക്ക് സൂപ്രണ്ടിന് ശിക്ഷ വിധിക്കാമെങ്കിലും നിയമാനുസൃതമായ അന്വേഷണം നടത്തി തന്റെ ഭാഗം ന്യായീകരിക്കാൻ തടവുകാരന് അവസരം നൽകി തെളിവെടുത്തു കഴിഞ്ഞു മാത്രമേ ശിക്ഷ വിധിക്കാൻ കഴിയൂ. പൂർണ്ണമായും ഭരണകൂടത്തിന്റെ അധീനതയിൽ ഉള്ളയാളാണ് ഒരു തടവുകാരൻ. ഒരു ആധുനിക ഭരണകൂടം എന്ന നിലയിൽ നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് കൊണ്ടേ ഭരണകൂടം തടവുകാരോടും ഇടപെടാൻ പാടുള്ളു. അങ്ങനെ അല്ലെന്നു വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടവരുത്തും. അത്തരം ഭരണകൂടത്തിന് കീഴിൽ തടവുകാർ മാത്രമല്ല ഒരു പൗരനും സുരക്ഷിതനല്ല. അത് കൊണ്ട് തടവുകാരുടെ മനുഷ്യാവകാശ ലംഘനങ്ങളെ ചെറുക്കുക എന്നത് തടവുകാരുടെ മാത്രം ഒരു പ്രശ്നമല്ലാതാകുന്നു.
കേരളത്തിലെ ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിച്ചു വരികയാണ്. നിയമപരമായ യാതൊരു അനുമതിയും അംഗീകാരവും ഇല്ലാതെ ജയിലിൽ തടവുകാരെ സന്ദർശിക്കാൻ എത്തുന്ന ബന്ധുമിത്രാദികളുടെയും അഭിഭാഷകരുടെയും ഫോട്ടോ എടുത്തു സൂക്ഷിക്കുക, സെല്ലുകൾക്കകത്ത് തടവുകാരുടെ സ്വകാര്യതക്കുള്ള എല്ലാ അവകാശങ്ങളെയും ലംഘിച്ച് ക്യാമറകൾ സ്ഥാപിക്കുക, മനുഷ്യാന്തസ്സിനു കളങ്കമേൽപ്പിക്കും വിധം നിർബന്ധിതമായി നഗ്നരാക്കി പരിശോധിക്കുക തുടങ്ങി മർദ്ധനം, ദിവസങ്ങളോളം പൂട്ടിയിടൽ, പുസ്തകങ്ങൾ നൽകാതിരിക്കാൻ വരെയുള്ള നിരവധിയായ മനുഷ്യാവകാശ ലംഘനങ്ങളാണ് ദിവസേന ജയിലുകളിൽ അരങ്ങേറുന്നത്. അവബോധത്തിന്റെയും ഇടപെടലിന്റെയും തലത്തിൽ ശക്തമായ ഒരു മനുഷ്യാവകാശ മുന്നേറ്റം ഈ കാര്യത്തിൽ അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. ഇമ്രാൻ ഷെയ്ഖ്മാരുടെ അനുഭവങ്ങൾ നമ്മുടെ ജയിലുകളിൽ ഉണ്ടാകരുതെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത നമുക്കുണ്ട്.