കോഴിക്കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ ഒരുകൂട്ടം ഹരജികളില്‍ സ്‌റ്റേ അനുവദിക്കാതെ നാലാഴ്ച സമയം നീട്ടിനല്‍കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നടപടിയെ വിമര്‍ശിക്കുകയാണ് യുവപണ്ഡിതനും എസ് എസ് എഫ്(കാന്തപുരം) നേതാവുമായ ഷൗക്കത്ത് നഈമി അല്‍ബുഖാരി. ഇന്ത്യന്‍ ജനത കഴിഞ്ഞ കാലങ്ങളില്‍ അലസമായും അശ്രദ്ധമായും പലതും വിട്ടുകളഞ്ഞിരുന്നുവെന്നും ജനത അതെല്ലാം വീണ്ടെടുത്ത് തുടങ്ങിയിരുന്നത് പൂര്‍ണമാക്കാന്‍ ഇനിയും സമയം വേണ്ടിയിരുന്നുവെന്നും ഷൗക്കത്ത് നഈമി ഫേസ്ബുക്കില്‍ കുറിച്ചു.
ഷൗക്കത്ത് നഈമി അല്‍ബുഖാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്റര്‍നെറ്റില്ലാത്ത കാശ്മീരിലായതിനാല്‍ വാര്‍ത്തയറിയാന്‍ അല്‍പം വൈകി. ഇടയ്ക്കു കിട്ടിയ വൈഫൈ സൗകര്യത്തില്‍ ഒന്നു കുറിച്ചോട്ടെ.
പ്രിയപ്പെട്ട പരമോന്നത പീഠമേ,
അവിടുന്ന് വിധിച്ചത് വളരെ ശരി. ഞങ്ങള്‍ക്ക് കുറച്ചുകൂടി സമയം വേണ്ടിയിരുന്നു. ഞങ്ങള്‍ക്ക് മതഭേദമന്യേ രാജ്യ സ്‌നേഹത്തിന്റെ നിറഞ്ഞ ആനന്ദം ആസ്വദിക്കാന്‍ കുറച്ചു കൂടി സമയം വേണ്ടിയിരുന്നു. സ്വന്തം കാര്യങ്ങളില്‍ തിരക്കിട്ട് ജീവിക്കുന്നതിനിടയില്‍ രാജ്യത്തിനു വേണ്ടി പരസ്പരം ഉള്ളു തുറന്ന് കാണാനും ആശ്ലേഷിക്കാനും ഹിന്ദുക്കള്‍ക്കും മുസ് ലിംകള്‍ക്കും പലപ്പോഴും സമയം കിട്ടിയിരുന്നില്ല. അതെല്ലാം ഇപ്പോള്‍ ഞങ്ങള്‍ ആസ്വദിച്ച് ചെയ്യുകയായിരുന്നു. അതിന് കുറച്ചുകൂടി സമയം വേണ്ടിയിരുന്നു.
ഇന്ത്യന്‍ യുവതയെ അരാഷ്ട്രീയത പിടികൂടിയ കലികാലത്ത് ചുളുവില്‍ പലരും അധികാരത്തിലേറി. എന്നാല്‍ രാഷ്ട്രീയ ബോധത്തിലേക്ക് യുവത തിരിഞ്ഞുനടന്നു തുടങ്ങിയിരുന്നു. അത് പൂര്‍ണമാവാന്‍ കുറച്ചു കൂടി സമയം വേണ്ടിയിരുന്നു. ഈ രാജ്യത്തിന്റെ ആത്മാവായ മതസൗഹാര്‍ദ്ദം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഞങ്ങള്‍ക്ക് കുറച്ചു കൂടി സമയം വേണ്ടിയിരുന്നു. ഈ രാജ്യത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടന നിയമവിദ്യാര്‍ഥികള്‍ മാത്രമായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ അതെല്ലാവരും പഠിച്ചു തുടങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ മന:പാഠമാക്കി തുടങ്ങിയിരുന്നു. ഇനിയും കുറെ ആര്‍ട്ടിക്കിളുകള്‍ ബാക്കിയുണ്ട്. കുറച്ചുകൂടി സമയം വേണ്ടിയിരുന്നു.
മഹാത്മജി, മൗലാനാ മുഹമ്മദലി, ഭഗത് സിങ്, മൗലാനാ ഷൗക്കത്തലി തുടങ്ങിയ നിരവധി ധീര ദേശാഭിമാനികളുടെ കഥകള്‍ കേട്ട് കേട്ട് ആവേശം കൊള്ളുമ്പോഴും അവരെപ്പോലെ ഈ രാജ്യത്തിനു വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന് നിരാശപ്പെട്ടിരുന്നവര്‍ ആവേശത്തോടെ തെരുവുകളില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് കൂടുതല്‍ സമയവും അവസരവും വേണ്ടിയിരുന്നു.(നാലാഴ്ച മതിയാവുമോന്ന് അറിയില്ല കേട്ടോ). ഇന്ത്യന്‍ ജനത കഴിഞ്ഞ കാലങ്ങളില്‍ അലസമായി അശ്രദ്ധമായി പലതും വിട്ടുകളഞ്ഞു. ആ അലസതയും അശ്രദ്ധയും മുതലാക്കി ദേശദ്രോഹികള്‍ മുന്നേറി. എന്നാല്‍ ജനത അതെല്ലാം വീണ്ടെടുത്ത് തുടങ്ങിയിരുന്നു. അത് പൂര്‍ണമാക്കാന്‍ ഇനിയും സമയം വേണ്ടിയിരുന്നു.
നാലാഴ്ച കൂടി നീട്ടിക്കിട്ടിയിരിക്കുന്നു.
നീട്ടി നീട്ടി മടുപ്പ് നല്‍കാമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്.
ദേശസ്‌നേഹികളേ, നമുക്ക് തുടരാം. നമുക്ക് നമ്മുടെ ഇന്ത്യയെന്ന ആശയത്തെ വീണ്ടെടുക്കാം.
Full View