ഇനി വേണ്ടത് പുതിയ രാഷ്ട്രീയ ബദലെന്ന് സമസ്ത നേതാവ് അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍
മതേതരജനാധിപത്യ ഇന്ത്യയുടെ തിരിച്ചുവരവിന്, ദയാവധം കാത്തുകഴിയുന്ന ഇത്തരം പാര്‍ട്ടികളില്‍ ഇനിയും പ്രതീക്ഷവയ്ക്കുന്നത് നഷ്ടമായിരിക്കും. മഹാനഷ്ടം.
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുകയും പുതിയ പ്രസിഡന്റിനെ പോലും കണ്ടെത്താനാവാതെ വിഷമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനെതിരേ സമസ്ത നേതാവ് രംഗത്ത്. ഇ കെ വിഭാഗം സമസ്തയുടെ നേതാവും മുഖമാസികയായ സത്യധാരയുടെ എഡിറ്ററുമായ അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍ ആണ് ഫേസ്ബുക്കിലൂടെ പുതിയൊരു രാഷ്ട്രീയ ബദലാണ് ഇനി വേണ്ടതെന്ന അഭിപ്രായം പങ്കുവച്ചത്.
അന്‍വര്‍ സാദിഖ് ഫൈസി താനൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇഷ്ടപ്പെട്ടാലും ഇല്ലേലും!
മയ്യിത്തിന്റെ തലയില്‍ നിന്ന് പേനിറങ്ങുന്നതു പോലെ കോണ്‍ഗ്രസില്‍ നിന്ന് അണികളും നേതാക്കളും കൊഴിഞ്ഞു പോവുകയാണ്. ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം ദുര്‍ബലമായി കഴിഞ്ഞു ആ പാര്‍ട്ടി. കേരളം പോലുള്ള ഇടങ്ങളില്‍ എഴുന്നേറ്റു നില്‍ക്കുന്നതുതന്നെ സഖ്യകക്ഷികളുടെ താങ്ങിലാണ്. പാര്‍ട്ടിക്ക് ദേശീയ പ്രസിഡന്റ് നഷ്ടപ്പെട്ടിട്ട് മാസം ഒന്നുകഴിഞ്ഞു. പകരം ആളില്ല. ഉള്ളവരെയെല്ലാം ബിജെപി റാഞ്ചിയെടുക്കുകയാണ്. അതിന്റെ ഒടുക്കത്തെ ഉദാഹരണമാണ് കര്‍ണാടക. ഈയിടെ ലോകസഭയില്‍ നടന്ന എന്‍ഐഎ, വിവരാവകാശ ചര്‍ച്ചയില്‍ പാര്‍ട്ടി സ്വീകരിച്ച സമീപനം പ്രതീക്ഷയുടെ അവസാനകിരണവും നശിപ്പിച്ചു കളയുന്നതാണ്. ഇനിയും അവരില്‍ പ്രതീക്ഷവയ്ക്കുന്നവര്‍ കൊണ്ടറിഞ്ഞിട്ടും പഠിക്കാത്തവരാവും.
ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ് ഇടതുപക്ഷവും. കേരളമൊഴിച്ചാല്‍ സംപൂജ്യര്‍. എകെജിയെ ഇന്ത്യന്‍ പ്രതിപക്ഷ നേതാവാക്കുകയും ജ്യോതി ബസുവിനു കൈവന്ന പ്രധാനമന്ത്രി പദം വേണ്ടെന്നു വയ്ക്കുകയും ചെയ്ത പാര്‍ട്ടി ഇപ്പോള്‍ ഓട്ടോറിക്ഷ പരുവത്തിലാണ്. ബംഗാളിലും ത്രിപുരയിലുമൊന്നും തിരിച്ചുവരവിന്റെ യാതൊരു സാധ്യതയുമില്ല. മറ്റു 'മതേതറ'കളുടെ കഥയും തഥൈവ.
മതേതരജനാധിപത്യ ഇന്ത്യയുടെ തിരിച്ചുവരവിന്, ദയാവധം കാത്തുകഴിയുന്ന ഇത്തരം പാര്‍ട്ടികളില്‍ ഇനിയും പ്രതീക്ഷവയ്ക്കുന്നത് നഷ്ടമായിരിക്കും. മഹാനഷ്ടം. ഇനി വേണ്ടത് പുതിയ രാഷ്ട്രീയ ബദലാണ്. 1970-77 കളില്‍ ഇന്ദിരയുടെ സര്‍വാധിപത്യം തകര്‍ത്ത, ജയപ്രകാശ് നാരായണനെ പോലുള്ള ഒരു നേതാവും. അതിനുവേണ്ടി രാജ്യം ദാഹിക്കുന്നുണ്ട്. ആ ദാഹത്തിന്റെ നീളമനുസരിച്ചായിരിക്കും സംഘ്പരിവാര്‍ ആധിപത്യത്തിന്റെ ആയുസ്സ്.
Full View