യോഗിയുടെ നാട്ടിലെ കര്‍ഷകര്‍ വില്‍പ്പനക്കായി നെല്ല് പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതെന്തിന്?

Update: 2020-12-03 14:45 GMT

കെ സഹദേവന്‍

കര്‍ഷക സമരം ഒരു ഭാഗത്ത് ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ (രണ്ടും ബിജെപി ഭരണം നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍) സംസ്ഥാനങ്ങളില്‍ നിന്നായി പ്രതിദിനം 3-4 ലക്ഷം ടണ്‍ നെല്ലാണ് പഞ്ചാബിലെ സര്‍ക്കാര്‍ മണ്ഡികളിലേക്കെത്തുന്നത്. ഖാരിഫ് വിളകള്‍ പൂര്‍ണമായും എത്തുമ്പോഴേക്കും 30 ലക്ഷം ടണ്‍ നെല്ല് പഞ്ചാബിലെത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.

എന്താണിതിന് കാരണം? ഉത്തരം ലളിതം. പഞ്ചാബിലെ എപിഎംസികളില്‍ മിനിമം സഹായ വില ഉറപ്പുവരുത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നു എന്നത് തന്നെ.  

നെല്ല് ക്വിന്റലിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച എംഎസ്പി 1,888 രൂപയാണ്. എന്നാല്‍ യുപിയിലും ബീഹാറിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 800-1200 രൂപ വരെയാണ്. ചെറുകര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് പഞ്ചാബിലെത്തിച്ച് എംഎസ്പി വിലയ്ക്ക് നെല്ല് വില്‍ക്കുന്ന ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാരാണ്?

ബീഹാറില്‍ എപിഎംസി 2003ല്‍ തന്നെ ഇല്ലാതാക്കിയിരുന്നു. യുപിയില്‍ മണ്ഡി പരിഷദ് നിയമം മുന്നെ തന്നെ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ കുത്തക അവസാനിപ്പിച്ചിരുന്നു. ഉത്തരപ്രദേശില്‍ കേവലം 3.6% നെല്ല് മാത്രമേ സര്‍ക്കാര്‍ സംഭരണ കേന്ദ്രം വഴി ശേഖരിക്കപ്പെടുന്നുള്ളൂ.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ എപിഎംസികളും നിലനിര്‍ത്തുന്നതിന് വേണ്ടി ജീവന്മരണ സമരം നടത്തുന്നതെന്തിനെന്ന് മനസ്സിലാക്കാന്‍ ഈയൊറ്റ കാര്യം അറിഞ്ഞാല്‍ മതി. യു.പി., ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷക പ്രക്ഷോഭത്തിന് കൂടിയ പിന്തുണ ലഭിക്കുന്നതെന്തുകൊണ്ടെന്നും മനസ്സിലാക്കാം. എഎസ്പി നിയമപരമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നതും മറ്റൊന്നുംകൊണ്ടല്ല.

Similar News