റിജേക്ക(ക്രെയേഷ്യ): 2018ലെ ലോകകപ്പ് സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ മാറ്റുരയ്ച്ച ക്രൊയേഷ്യയും ഇംഗ്ലണ്ടും ഇന്ന് യുവേഫ കപ്പിലെ ലീഗ് എയില്‍ നേര്‍ക്കുനേര്‍ വരുന്നു.തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനല്‍ തട്ടിത്തെറിപ്പിച്ച ക്രൊയേഷ്യയ്‌ക്കെതിരേ വിഷപ്പകയോടെ ഇംഗ്ലണ്ട് അവരുടെ നാട്ടില്‍ ചെന്ന് കൊമ്പുകോര്‍ക്കുമ്പോള്‍ വിജയപ്രതീക്ഷ കൈവിടാതെയാണ് നിലവിലെ ലോകകപ്പ് റണ്ണേഴ്‌സ് അപ് സ്വന്തം മടയില്‍ ഇറങ്ങുന്നത്.
എക്‌സ്ട്രാ ടൈമില്‍ പൊലിഞ്ഞുപോയ തങ്ങളുടെ ഫൈനല്‍ മോഹത്തിന് കരിനിഴല്‍ വീഴ്ത്തിയ ക്രൊയേഷ്യയ്‌ക്കെതിരേ ഇംഗ്ലണ്ട് വിജയത്തില്‍ കുറവൊന്നും പ്രതീക്ഷിക്കുന്നില്ല. സ്‌പെയിന്‍ കൂടി അടങ്ങുന്ന ഗ്രൂപ്പ് നാലിലാണ് ഇരുടീമും ഉള്ളത്. ആദ്യ രണ്ട് മല്‍സരവും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന സ്‌പെയിനിനെ വെല്ലുവിളിക്കാന്‍ ഇന്ന് ഇരുടീമിനും ജയം അനിവാര്യം. വെറും ഒരു മല്‍സരം മാത്രം കളിച്ച ഇരുവരും സ്‌പെയിനിനോടാണ് പരാജയപ്പെട്ടത്. സ്‌പെയിനിനെതിരേ ക്രൊയേഷ്യ 6-0ന്റെ നാണം കെട്ട പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ 2-1നാണ് ഇംഗ്ലണ്ടിന് തോല്‍ക്കേണ്ടി വന്നത്. ഈ മല്‍സരത്തിന് പിന്നാലെ രണ്ടു മല്‍സരം കൂടിയാണ് അവശേഷിക്കുന്നത് എന്നതിനാല്‍ ഓരോ മല്‍സരവും ഇരു ടീമിനും നിര്‍ണായകമാണ്.
ലോകകപ്പിന് ശേഷം കളിച്ച മൂന്ന് കളികളിലും ക്രൊയേഷ്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ക്രോട്ടുകാരെ അലട്ടുന്ന പ്രധാന പ്രശ്‌നം. അവസാനം കളിച്ച മൂന്നെണ്ണത്തില്‍ ഒന്നില്‍ സമനില വഴങ്ങിയപ്പോള്‍ തുടര്‍ന്നുള്ള രണ്ടിലും പരാജയമായിരുന്നു ഫലം. എന്നാല്‍ മറിച്ചാണ് ഇംഗ്ലണ്ടിന്റെ കാര്യം. അവസാനമായി എതിര്‍ ടീമിന്റെ മൈതാനത്ത് ചെന്ന് അവരുമായി 15 കളികളില്‍ പോരടിച്ച ഇംഗ്ലണ്ട് വെറും മൂന്ന് മല്‍സരങ്ങളിലാണ് പരാജയപ്പെട്ടത്. ഇതില്‍ ഏഴെണ്ണം ജയിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ സമനിലയും വഴങ്ങി. ലോകകപ്പില്‍ ക്രോട്ടുകാരെ ഫൈനല്‍ വരെ കൈപിടിച്ചുയര്‍ത്തിയ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിലാണ് ടീം ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത്. മോഡ്രിച്ചിന്റെ താളത്തിനൊപ്പം കാല്‍പന്തുകളിയില്‍ തന്ത്രങ്ങള്‍ മെനയുന്ന ഇവാന്‍ പെരിസിച്ചും മരിയോ മാന്‍സുക്കിച്ചും കൂടി ക്രൊയേഷ്യന്‍ മുന്നേറ്റ നിരയെ നയിക്കുന്നതോടെ ടീം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ ശക്തര്‍. അതേസമയം, നായകന്‍ ഹാരി കെയ്‌ന്റെ ഫോമില്ലായ്മയാണ് ഇംഗ്ലണ്ട് നിരയെ വല്ലാതെ വലയ്ക്കുന്നത്. കെയ്ന്‍ ഫോം വീണ്ടെടുത്തില്ലെങ്കിലും ടീമിനായി ആസ്വദിച്ച് കളിക്കുന്ന മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലും ആരാദകര്‍ കണ്ണുവയ്ക്കുന്നുണ്ട്. സ്‌പെയിനിനെതിരേ ഗോള്‍ കണ്ടെത്തിയ താരം കൂടിയാണ് റാഷ്‌ഫോര്‍ഡ്്.
ബെല്‍ജിയം സ്വിസ് പടയ്‌ക്കെതിരേ
ലീഗ് എയില്‍ രണ്ടാം ഗ്രൂപ്പില്‍ ആദ്യ മല്‍സരത്തില്‍ തന്നെ ഐസ്ലന്‍ഡിനെ പരാജയപ്പെടുത്തിയ ബെല്‍ജിയവും സ്വിറ്റ്‌സര്‍ലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആരുടെ ഭാഗത്ത് നില്‍ക്കുമെന്നത് പ്രവചനാതീതം. നിലവില്‍ ഐസ്ലന്‍ഡിനെ ആറില്‍ മുക്കിയ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയം കുഞ്ഞന്‍ ടീമിനെ പരാജയപ്പെടുത്തിയത്.
ലോകകപ്പില്‍ മികച്ച പ്രകടനത്തോടെ സെമി വരെ മുന്നേറിയ ബെല്‍ജിയത്തിനാണ് വിജയപ്രതീക്ഷ കൂടുതല്‍. എന്നാല്‍ സൂപ്പര്‍ താരം ഷെര്‍ദന്‍ ഷാക്കിരിയും സാക്കയുമൊക്കെ അണിനിരക്കുന്ന മുന്നേറ്റ നിര നന്നായൊന്ന് ഫോമിലേക്കുയര്‍ന്ന് കളിച്ചാല്‍ ബെല്‍ജിയത്തിന് സ്വന്തം തട്ടകത്തില്‍ പരാജയത്തോടെ ബൂട്ടഴിക്കണ്ടി വരും. അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏഴ് ഗോളുകളുമായി ഗോള്‍സ്‌കോറര്‍മാരില്‍ മുന്നിലുള്ള ചെല്‍സി താരം ഈഡന്‍ ഹസാര്‍ഡിനോടൊപ്പം വിന്‍സന്റ് കംപാനിയും റൊമേലു ലുക്കാക്കുവും അടങ്ങുന്ന ടീമിനെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് നേരിടുന്നതെന്നതിനാല്‍ അത്രയും ഒരുങ്ങിത്തന്നെയാവും അവര്‍ ബ്രസല്‍സിലെ സ്റ്റേഡിയത്ത് ഇറങ്ങുന്നത്.
ഇരു ടീമുകളും താര നിബിഡമാണെന്നതിനാല്‍ മുമ്പത്തെ റെക്കോഡിന്റെ കണക്കുകള്‍ നിരത്തി നോക്കുമ്പോള്‍ വിജയത്തിന്റെ തുലാസ് ഇവിടെയും ബെല്‍ജിയത്തിനൊപ്പമാണ്. ഫുട്‌ബോള്‍ കരിയറില്‍ ഇരു ടീമും 27 തവണ പരസ്പരം കൊമ്പുകോര്‍ത്തപ്പോള്‍ 13 എണ്ണത്തിലും ജയിച്ചാണ് ബെല്‍ജിയം വമ്പു കാട്ടുന്നത്. ഇതില്‍ ആറെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ എട്ട് മല്‍സരത്തിലെ ജയം സ്വിസ് പടയ്‌ക്കൊപ്പം നിന്നു. റോബര്‍ട്ട് മാര്‍ട്ടിനെസിന്റെ കീഴില്‍ കളിക്കളത്തില്‍ ഇറങ്ങിയ ബെല്‍ജിയം അവസാനം കളിച്ച 22 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് പരാജയഭാരം ചുമക്കേണ്ടി വന്നത്.