'നാലു ലക്ഷം രാമഭക്തര്‍ കൊല്ലപ്പെട്ടു'; രാമക്ഷേത്ര നിര്‍മാണ പിരിവിന് പച്ചക്കള്ളം പ്രചരിപ്പിച്ച് സംഘപരിവാരം
76 സംഘർഷങ്ങളിലായി നാല് ലക്ഷം രാമഭക്തർ കൊല്ലപ്പെട്ടുവെന്നും ശ്രീരാമന്റെ ക്ഷേത്രം എന്ന ലക്ഷ്യം നേടാൻ 36 വർഷത്തെ സുസംഘടിതമായ പരിശ്രമം വേണ്ടിവന്നു
കോഴിക്കോട്: ബാബരി ഭൂമിയിലെ രാമക്ഷേത്ര നിർമാണ പിരിവിന് പച്ചക്കള്ളം പ്രചരിപ്പിച്ച് സംഘപരിവാരം. ക്ഷേത്രം നിർമ്മിക്കുന്നത് വിശ്വ ഹിന്ദു പരിഷത്തിന്റെ കാര്യകർത്താക്കൾ വീടുകളിൽ എത്തി ധനസമാഹരണം നടത്തുമ്പോൾ നൽകുന്ന ലഘുലേഖയിലാണ് വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നുണപ്രചരണം.
രാമക്ഷേത്രത്തിനായി കഴിഞ്ഞ 492 വർഷമായി പോരാട്ടത്തിലായിരുന്നുവെന്നും കഴിഞ്ഞ 76 സംഘർഷങ്ങളിലായി നാല് ലക്ഷം രാമഭക്തർ (ബലിദാനികളായി) കൊല്ലപ്പെട്ടുവെന്നും ശ്രീരാമന്റെ ക്ഷേത്രം എന്ന ലക്ഷ്യം നേടാൻ 36 വർഷത്തെ സുസംഘടിതമായ പരിശ്രമം വേണ്ടിവന്നുവെന്നും ലഘുലേഖയിൽ പറയുന്നു.
ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയേയും തെറ്റായി ലഘുലേഖയിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. പൗരാണികമായ തെളിവുകളുടേയും പുരാവസ്തു ശാസ്തരപരമായ ഉത്ഖനനങ്ങളുടേയും റഡാർ വഴിയുള്ള ചിത്രങ്ങളുടേയും ചരിത്ര വസ്തുതകളുടേയും അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ബാബരി കേസിൽ വിധി പ്രഖ്യാപിച്ചതെന്ന നട്ടാൽ മുളയ്ക്കാത്ത നുണയും സംഘപരിവാർ ലഖുലേഖയിലൂടെ അവകാശപ്പെടുന്നുണ്ട്.
എന്നാൽ ബാബരി ഭൂമി കേസിൽ രാമക്ഷേത്രം തകര്‍ത്ത് ബാബരി മസ്ജിദ് നിര്‍മിച്ചതിന് തെളിവില്ലെന്ന വസ്തുതയാണ് കോടതി കണ്ടെത്തിയത്. 1949ല്‍ മസ്ജിദില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും 1992ല്‍ മസ്ജിദ് തകര്‍ക്കുകയും ചെയ്തത് നിയമലംഘനമാണെന്ന് കോടതി വിധിയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ബാബരി ഭൂമിയിൽ രാമ ക്ഷേത്രമുണ്ടായതിന് യാതൊരുവിധത്തിലുള്ള രേഖകളും ഇല്ലെന്ന് 2019ലെ സുപ്രിംകോടതിയിൽ വ്യക്തമാക്കിയിരുന്നു.
രാമക്ഷേത്രത്തിനായുള്ള സംഭാവന സമർപ്പണം ചെയ്യുന്നത് രാമരാജ്യ പുനസ്ഥാപന ലക്ഷ്യത്തിനാണെന്നും ലഘുലേഖ പറഞ്ഞുവയ്ക്കുന്നുണ്ട്. കോടതി വിധി തെറ്റായി വ്യാഖ്യാനിക്കുന്നത് കോടതിയലക്ഷ്യമാണെന്നിരിക്കേ സംഘപരിവാരം നടത്തുന്ന നുണപ്രചരണം രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.