രണ്ടാം കോവിഡ് തരംഗം: കുട്ടികളില്‍ ഗുരുതരമായ എംഐഎസ്-സി രോഗതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം (എംഐഎസ്-സി) എന്നത് കുട്ടികളിലും കൗമാരക്കാരിലും പ്രതിരോധ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വീക്കമാണ്. 50 ശതമാനത്തിലധികം പേരിലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2021-07-06 08:55 GMT

കൊച്ചി: ദക്ഷിണേന്ത്യയില്‍ ഉടനീളം വരാനിരിക്കുന്ന, കുട്ടികളെ കാര്യമായി ബാധിച്ചേക്കാവുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം അഥവാ എംഐഎസ്-സി (മിസ്‌ക്) തരംഗത്തെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ഇപ്പോള്‍ തന്നെ എംഐഎസ്-സി ലക്ഷണങ്ങളുമായി ആശുപത്രിയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി കണ്ടു വരുന്നുണ്ടെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കൊവിഡ് ബാധിച്ച കുട്ടികളെയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുട്ടികളെയോ പ്രധാനമായും ബാധിക്കുന്ന ഈ രോഗം, മുതിര്‍ന്നവരില്‍ ഇതിനോടകം വ്യാപിച്ചു കഴിഞ്ഞിരിക്കുന്ന കൊവിഡ് തരംഗത്തിനു ശേഷം 3 മുതല്‍ 6 ആഴ്ച വരെ പിന്നിടുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമാക്കി തുടങ്ങുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.കൊവിഡിന്റെ രണ്ടാം തരംഗം അവസാനത്തിലേക്ക് എത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍, കുറച്ചു സമയത്തിനുള്ളില്‍ തന്നെ എംഐഎസ്-സി തരംഗം യുവജനങ്ങളില്‍ കണ്ടു തുടങ്ങാനുള്ള സാധ്യതയുളളതായി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

രോഗപ്രതിരോധ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വീക്കം കുട്ടികള്‍, കൗമാരക്കാര്‍, ചെറുപ്പക്കാര്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കുന്നത്. എംഐഎസ്-സി ബാധിക്കുന്നവരില്‍ 50 ശതമാനത്തിലധികം പേര്‍ക്കും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. രോഗികളില്‍ ഹൃദയത്തിനുണ്ടാകുന്ന തകരാറുകളുടെ തീവ്രതയാണ് രോഗത്തിന്റെ അനന്തര ഫലം എന്തായിരിക്കുമെന്ന് നിര്‍ണയിക്കുക.

മുതിര്‍ന്നവരിലെ കൊവിഡ് തരംഗവുമായി എംഐഎസ്-സി ക്ക് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റുമറ്റോളജി വിഭാഗത്തിലെ ഡോ.സുമ ബാലന്‍ പറയുന്നു.കൊവിഡ് തരംഗം കൂടുതലാണെങ്കില്‍ മിസ്‌ക് തരംഗവും കൂടുതലായിരിക്കും. ദക്ഷിണേന്ത്യയില്‍ നിലവിലെ കൊവിഡ് തരംഗം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതലായതിനാല്‍ വരും മാസങ്ങളില്‍ കേരളത്തിലും ദക്ഷിണേന്ത്യയിലും ഒരു വലിയ എംഐഎസ്-സി തരംഗത്തിനുള്ള ഒരു സാധ്യത പ്രതീക്ഷിക്കുന്നുണ്ടെന്നും ഡോ.സുമ ബാലന്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് നെഗറ്റീവ് ആയ കേസുകളില്‍ പെട്ടെന്നുണ്ടാകുന്നതും അതിവേഗം തീവ്രത കൂടുന്നതുമായ കടുത്ത പനി, ഹൃദയവും ചെറുകുടലും ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകല്‍ എന്നിവയാണ് എംഐഎസ്-സി ലക്ഷണങ്ങളായി കണ്ടുവരുന്നത്. കൊവിഡ് നേരത്തെ ബാധിച്ച ഒരു കുട്ടിക്ക് എംഐഎസ്-സി ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതുകൊണ്ടു തന്നെ പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്യുന്നില്ല. കൊവിഡ് ഭേദമായി കഴിഞ്ഞ് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ എംഐഎസ്-സി പ്രകടമാകാന്‍ തുടങ്ങും. ഭൂരിഭാഗം കേസുകളിലും തീവ്രപരിചരണം ആവശ്യമാണ്. ഹൃദയത്തെ രോഗം എത്ര മാത്രം ബാധിച്ചിരിക്കുന്നുവെന്ന് ഇസിജിയിലൂടെയും രക്തപരിശോധനയിലൂടെയും തീവ്രനിരീക്ഷണത്തിലൂടെയും അറിയുകയെന്നത് നിര്‍ണായകമാണെന്ന് പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് സിഎംആര്‍ സര്‍വീസസ് വിഭാഗത്തിലെ ക്ലിനിക്കല്‍ പ്രഫസര്‍ ഡോ. മഹേഷ് കപ്പനായില്‍ പറയുന്നു.

ചില സന്ദര്‍ഭങ്ങളില്‍ കുട്ടികളില്‍ ഹൃദയമിടിപ്പ് പുന:സ്ഥാപിക്കാന്‍ പേസ്മേക്കര്‍ ഘടിപ്പിക്കേണ്ടതായി വരും. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ മികച്ച ചികിത്സ ലഭ്യമാക്കാനായാല്‍ ഹൃദയാരോഗ്യം പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാനാകുമെന്നും ഡോ. മഹേഷ് കപ്പനായില്‍ പറയുന്നു.എംഐഎസ്-സി ബാധിച്ച കുട്ടികള്‍ക്ക് തീവ്രപരിചരണം ആവശ്യമായി വരുമ്പോള്‍ അവര്‍ക്ക് ഐവിഐജി ചികില്‍സ കൂടി ലഭ്യമാക്കണമെന്ന് പീഡിയാട്രിക് പള്‍മണറി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.സജിത്ത് കേശവന്‍ പറയുന്നു.ചിലവേറിയതാണെങ്കിലും ഈ ചികില്‍സയിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനാകും.

ഈ രോഗം നിരവധി അവയവങ്ങളെ ബാധിക്കുന്നതിനാല്‍ രോഗമുക്തിക്കായി പല വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടേണ്ടതുണ്ട്. ഒരു കുട്ടിക്ക് എംഐഎസ്-സി ബാധയുണ്ടെന്ന് സംശയമുണ്ടെങ്കില്‍ കൊവിഡ് സാധ്യതകള്‍ പരിശോധിക്കുകയും അതിനനുസരിച്ച് ഉചിതമായ ചികിത്സ നിര്‍ദേശിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.കാവസാക്കി രോഗത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്, എന്നാല്‍ എംഐഎസ്-സി വ്യത്യസ്തമായ അവയവങ്ങളെ ബാധിക്കുന്നുവെന്ന് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പീഡിയാട്രിക് വിഭാഗം മേധാവിയും പ്രഫസറുമായ ഡോ.സി ജയകുമാര്‍ പറയുന്നു.

ചെറുകുടല്‍,ശ്വാസകോശം,വൃക്ക,ത്വക്ക് എന്നിവയെ എംഐഎസ്-സി രോഗം ബാധിക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ ഒരു പക്ഷേ അവസ്ഥ അതീവഗുരുതരമായേക്കാം.ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍, കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, പനി മുതലായ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്നു തന്നെ ചികിത്സ തേടേണ്ടതാണ്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഒരിക്കലും അത് അവഗണിക്കരുത്.എംഐഎസ്-സി യെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രതിരോധമാണ്. കുട്ടികളുമായി ഇടപഴകുന്ന എല്ലാ മുതിര്‍ന്ന ആളുകളും വാക്സിനേഷന്‍ ഉറപ്പാക്കുകയും കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ തേടുകയും ചെയ്യണം. ഈ കാര്യങ്ങള്‍ കര്‍ശനമായി ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമായ ഈ രോഗം കുട്ടികളെ കാര്യമായി തന്നെ ബാധിക്കാനിടയാകുമെന്നും ഡോ.സി ജയകുമാര്‍ പറഞ്ഞു.

Tags:    

Similar News