കുടുംബമാണ് എല്ലാം; കുടുംബമാവണം എല്ലാം

കൂടുമ്പോള്‍ ഇമ്പം കൂടുന്നതാണ് കുടുംബമെന്ന് കവി കുഞ്ഞുണ്ണി മാഷ് പാടുന്നതിനു മുമ്പേ മലയാളി അനുഭവിച്ചറിഞ്ഞതാണ്. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും മുത്തശ്ശിയും ജ്യേഷ്ഠന്‍മാരും അനുജത്തിമാരും ഒന്നുമില്ലാത്ത ജീവിതം അതനുഭവിച്ചവര്‍ക്ക് ഊഹിക്കാന്‍ പോലുമാവില്ല.

Update: 2018-12-22 11:46 GMT

നാം മലയാളികളെ സംബന്ധിച്ചിടത്തോളം കുടുംബം എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടു തന്നെയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നു വിഭിന്നമായി ഇവിടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഇത്രയേറെ ഊഷ്മളമായതും. പ്രവാസികള്‍ മണലാരിണ്യത്തില്‍ നിന്നു വിയര്‍പ്പൊഴുക്കുന്നതും കുടുംബത്തിനു വേണ്ടിയാണ്. ഓരോരാളും രാപകലില്ലാതെ കഷ്ടപ്പെടുന്നത് അവനവന്റെ മാത്രം അരച്ചാണ്‍ വയര്‍ നിറയ്ക്കാനല്ലല്ലോ. കൂടുമ്പോള്‍ ഇമ്പം കൂടുന്നതാണ് കുടുംബമെന്ന് കവി കുഞ്ഞുണ്ണി മാഷ് പാടുന്നതിനു മുമ്പേ മലയാളി അനുഭവിച്ചറിഞ്ഞതാണ്. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും മുത്തശ്ശിയും ജ്യേഷ്ഠന്‍മാരും അനുജത്തിമാരും ഒന്നുമില്ലാത്ത ജീവിതം അതനുഭവിച്ചവര്‍ക്ക് ഊഹിക്കാന്‍ പോലുമാവില്ല. കുടുംബത്തിന്റെ വിലയറിഞ്ഞവന് കുടുംബം തകരുമ്പോള്‍ ഹൃദയം പൊട്ടുന്നതും വെറുതെയല്ല. എന്നാല്‍ ന്യൂജെന്‍ ശീലങ്ങളില്‍ അണുകുടുംബത്തില്‍ നിന്നു പോലും മാറി തന്റേതായ ലോകം സൃഷ്ടിക്കാനുള്ള വെപ്രാളത്തിലാണ് പലരും. ആരോഗ്യവും ജോലിയുമുള്ളപ്പോള്‍ ഇങ്ങനെയൊക്കെ ചിലര്‍ക്ക് തോന്നാം. പക്ഷേ, വളരെ പെട്ടെന്നു തന്നെ യാഥാര്‍ഥ്യത്തിലേക്കു വലിച്ചെറിയപ്പെട്ടാല്‍ നാം പറയും; കുടുംബമാണ് എല്ലാം, കുടുംബമാവണം എല്ലാമെന്ന്.

എന്തെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബത്തിന്റെ പിന്തുണ പോലെ ആവുമോ മറ്റേതെങ്കിലും ബന്ധം. ഒരിക്കലുമില്ല. അപ്പോഴാണ് കാരണവന്‍മാരുടെയും മുത്തച്ഛന്‍മാരുടെയും റോള്‍ നമുക്ക് ഓര്‍മ വരിക. അനുഭവപാഠങ്ങളില്‍ നിന്നുള്ളതിനേക്കാള്‍ വലിയ തീരുമാനമൊന്നും ആനുകാലികങ്ങളില്‍ നിന്ന് ലഭിക്കില്ലല്ലോ. പക്വതയും മധ്യമവുമായ നിലപാടുകളായിരിക്കും തലമുതിര്‍ന്നവര്‍ നല്‍കുക. ഇതെല്ലാം ഇട്ടെറിഞ്ഞ് പോയവര്‍ പലപ്പോഴും തിരിച്ചെത്തുകയോ പടുകുഴിയില്‍ പെടുകയോ ആണു പതിവെന്നും ഓര്‍ക്കണം.

തീര്‍ച്ചയായും ഒരു കുടുംബത്തിന്റെ അടിസ്ഥാനം പിതാവ് തന്നെയാണ്. എന്നാല്‍, നമ്മള്‍ ഓരോരുത്തരെയും നന്നായി വിശപ്പടക്കാന്‍, പഠിപ്പിക്കാന്‍, വളര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍ കുട്ടികളോടൊപ്പം അവര്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നില്ല. അത് അവര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിട്ടും ഒഴിഞ്ഞുമാറുകയല്ല, മറിച്ച് നഷ്ടപ്പെടുന്ന സമയത്തുണ്ടാവുന്ന നഷ്ടക്കണക്കുകളാണ് അവര്‍ക്കു മുന്നിലെത്തുന്ന തടസ്സം. പിതാവിന്റെ സമയക്കുറവ് തിരിച്ചറിഞ്ഞ അമ്മ, കുട്ടികളുടെ മുന്നില്‍ വച്ച് അവരോടൊപ്പം തമാശ പറയാന്‍ സമയം കണ്ടെത്താത്ത പിതാവിനെ കുറ്റപ്പെടുത്തുമെങ്കിലും കിടപ്പറയിലെത്തിയാല്‍ അമ്മമാരുടെ ആധിയെല്ലാം മക്കളെ കുറിച്ചുള്ളതായിരിക്കും.

പിതാവിനോട് സ്‌നേഹത്തോടെ കരഞ്ഞുപറയും, നമ്മുടെ മക്കളെ നല്ലവരായി വളര്‍ത്താന്‍ കഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്ന ആസ്വാദനത്തെയോര്‍ത്ത്. പിതാവിന്റെ സ്ഥാനം ഭംഗിയായി നിര്‍വഹിക്കപ്പെടുന്ന കുടുംബം കൂടുതല്‍ ശക്തമായിരിക്കുമെന്ന് എല്ലാ പഠനങ്ങളും തെളിയിച്ചതാണ്. പിന്നെയുള്ള സ്ഥാനം മാതാവിനു തന്നെയാണ്. ഒരു കുടുംബത്തിന്റെ ആത്മീയ അടിത്തറയാണ് മാതാവെന്നതില്‍ സംശയമില്ല. മാറുന്ന ലോകത്ത് എറ്റവും കൂടുതല്‍ ആധിയുള്ളത് അമ്മമാര്‍ക്കു തന്നെ. കാരണം, മകളൊന്നു വരാന്‍ വൈകിയാല്‍ മനസ്സില്‍ തീയാണ്. കുടുംബനാഥനു പനിപിടിച്ചാല്‍ എങ്ങനെ കുടുംബം പോറ്റുമെന്ന ഉരുകലാണ്. പക്ഷേ, ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം വെല്ലുവിളികളെ നാം ആരോഗ്യകരമായി നേരിട്ടേ മതിയാവൂ. അതിന് കുടുംബാംഗങ്ങളുടെയെല്ലാം പിന്തുണയും ശക്തിയും അനിവാര്യമാണ്. അപ്പോഴാണ് ഒരു കുടുംബം പൂര്‍ണതയിലെത്തുന്നത്. 

Tags:    

Similar News