കാറിനെ ആചാരപ്രകാരം സംസ്‌കരിച്ച് ഒരു കുടുംബം

ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ആണ് സംഭവം

Update: 2024-11-09 07:20 GMT

ഗാന്ധിനഗര്‍: ഒരു കാറിന് സംസ്‌കാര ചടങ്ങുകള്‍ നടത്തിയാല്‍ എങ്ങനെയുണ്ടാകും. കേള്‍ക്കുമ്പോള്‍ അല്‍ഭുതം തോന്നുമെങ്കിലും അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ആണ് സംഭവം. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ ലാഠി താലൂക്കിലെ പാദര്‍ശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാരയാണ് തന്റെ വാഗണര്‍ കാറിനെ സംസ്‌കരിച്ചത്. 1500-ഓളം പേരാണ് ചടങ്ങില്‍ ആദരാഞ്ജലിയര്‍പ്പിച്ചത്.

തന്റെ കുടുംബത്തില്‍ ഐശ്വര്യം വരാന്‍ കാരണം 12 വര്‍ഷം പഴക്കമുള്ള ഈ കാറാണെന്ന് പൊളാര കരുതുന്നു. കര്‍ഷകനും സൂറത്തില്‍ കെട്ടിടനിര്‍മാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറുവാങ്ങിയതുതൊട്ട് വെച്ചടി കയറ്റമായിരുന്നത്രെ. അതിനാലാണ് വണ്ടി പഴകിയപ്പോള്‍ വില്‍ക്കുന്നതിനുപകരം സമാധിയിരുത്താന്‍ തീരുമാനിച്ചതെന്ന് പൊളാര പറയുന്നു.

സംസ്‌കാരച്ചടങ്ങിന് കുറിയടിച്ച് ആളുകളെ ക്ഷണിച്ചു. മുല്ലപ്പൂകൊണ്ട് അലങ്കരിച്ച കാറിനെ വീട്ടില്‍നിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി. 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി. പുരോഹിതര്‍ മന്ത്രങ്ങള്‍ ചൊല്ലി . കുടുംബാംഗങ്ങള്‍ പൂക്കള്‍ ചൊരിഞ്ഞു. ബുള്‍ഡോസര്‍കൊണ്ട് മണ്ണിട്ട് മൂടി. എത്തിയവര്‍ക്കെല്ലാം സമൃദ്ധമായ അന്നദാനവുമുണ്ടായി.ഭാവിതലമുറ ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടി വേണ്ടിയാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാര പറഞ്ഞു. നാലുലക്ഷം രൂപയാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് പൊളാര ചെലവഴിച്ചത്.

Tags:    

Similar News