2023ല്‍ 'കൊല്ലപ്പെട്ട' സ്ത്രീ വീട്ടില്‍ തിരിച്ചെത്തി; ഞെട്ടല്‍ മാറാതെ കുടുംബം

Update: 2025-03-22 10:31 GMT
2023ല്‍ കൊല്ലപ്പെട്ട സ്ത്രീ വീട്ടില്‍ തിരിച്ചെത്തി; ഞെട്ടല്‍ മാറാതെ കുടുംബം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 2023 ല്‍ കൊല്ലപ്പെട്ട സ്ത്രീ വീട്ടില്‍ തിരിച്ചെത്തി. 35 കാരിയായ ലളിത ബായി ആണ് മന്ദ്സൗര്‍ ജില്ലയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ലളിതാ ബായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട നാല് പേര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികെയാണ് സംഭവം.

2023 സെപ്റ്റംബറില്‍ ഗാന്ധി സാഗര്‍ പ്രദേശത്ത് നിന്ന് ശ്രീമതി ബായിയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദിവസങ്ങള്‍ക്ക് ശേഷം ഒരു ട്രക്ക് അപകടത്തിന്റെ വീഡിയോ പുറത്തുവന്നു. തല തകര്‍ന്ന നിലയില്‍ ഇരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈയില്‍ പച്ചകുത്തിയതും കാലില്‍ കെട്ടിയ കറുത്ത നൂലും ഉള്‍പ്പെടെയുള്ള ശാരീരിക അടയാളങ്ങളുടെ സഹായത്തോടെ പിതാവ് മകളെ തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജാബുവയില്‍ കൊലപാതക കേസ് ഫയല്‍ ചെയ്തു.ഇമ്രാന്‍, ഷാരൂഖ്, സോനു, ഇജാസ് എന്നീ നാല് പുരുഷന്മാരെയാണ് കൊലപാതകത്തിന് അറസ്റ്റ് ചെയ്തത്.

ലളിത ബായി പറയുന്നതനുസരിച്ച്, അവര്‍ സ്വന്തമായി വീട് വിട്ടുപോയതായിരുന്നു. എന്നാല്‍ ഷാരൂഖ് എന്നയാള്‍ അവരെ അതേ ജില്ലയിലെ ഭാന്‍പുരയിലേക്ക് കൊണ്ടുപോവുകയും മറ്റൊരു പുരുഷന് 5 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയുമായിരുന്നു. അവിടെ നിന്നും അയാള്‍ അവരെ രാജസ്ഥാനിലെ കോട്ടയിലേക്ക് കൊണ്ടുപോയി. 18 മാസത്തോളം കോട്ടയില്‍ താമസിച്ച ലളിത അവിടെ നിന്നു രക്ഷപെടുകയായിരുന്നു. തന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ലളിത ആധാറും വോട്ടര്‍ ഐഡിയും ഉള്‍പ്പെടെയുള്ള രേഖകള്‍ പോലിസില്‍ ഹാജരാക്കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു.

വിചാരണ കാത്തിരിക്കുന്ന ജയിലില്‍ കഴിയുന്ന പ്രതികള്‍, സ്ത്രീയുടെ തിരിച്ചുവരവ് ചൂണ്ടിക്കാട്ടി പ്രാദേശിക കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഈ വിഷയത്തെക്കുറിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ജാബുവ പോലിസ് സൂപ്രണ്ട് പത്മവിലോചന്‍ ശുക്ല പറഞ്ഞു.സ്ത്രീയുടെ വൈദ്യപരിശോധനക്കും ഡിഎന്‍എ പരിശോധനക്കും ശേഷമായിരിക്കും തിരിച്ചു വന്നത് അതേ സ്ത്രീയാണെന്ന് ഉറപ്പിക്കുക എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News