കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്താനായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ വയോജനങ്ങളുടെ ചികില്‍സ മുടങ്ങാതിരിക്കാനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കാനുമായാണ് സംസ്ഥാനതലത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ജില്ലയിലെ 1.8 ലക്ഷത്തോളം വരുന്ന വയോജനങ്ങള്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ആഗസ്ത് 20 മുതല്‍ കണ്‍ട്രോള്‍ റൂം സജീവമാവും.
ടെലിമെഡിസിന്‍ സംവിധാനവും കൗണ്‍സിലിങ്ങ് സൗകര്യങ്ങളുമാണ് കണ്‍ട്രോള്‍ റൂം വഴി ലഭ്യമാവുക. ജില്ലയില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കണ്‍ട്രോള്‍ റൂം ആരംഭിക്കുന്നത്. രാവിലെ ആറുുതല്‍ രാത്രി 10 വരെയാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തന സമയം. ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും രണ്ടുമുതല്‍ രാത്രി 10 വരെയും രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കുക. ഓരോ ഷിഫ്റ്റിലും 10 വോളന്റിയര്‍മാരുടെയും ഒരു ഡോക്ടറുടെയും സേവനം ഉറപ്പാക്കും. അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെയാണ് വോളന്റിയര്‍മാരായി നിയമിക്കുക. ആളുകളെ വിളിക്കുന്ന മുറയ്ക്ക് അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും. വയോജനങ്ങള്‍ക്ക് തിരികെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ആവശ്യമായ നമ്പറും ലഭ്യമാക്കും.
ഇതിന് പുറമെ ജില്ലയിലെ വൃദ്ധസദനങ്ങളില്‍ സാമൂഹികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡ് പരിശോധനയും നടത്തിവരുന്നുണ്ട്. 41 വൃദ്ധസദനങ്ങളിലായി 1200 ഓളം അന്തേവാസികളാണ് ജില്ലയില്‍ കഴിയുന്നത്. ഇതുവരെ ആറ് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. മറ്റുള്ള കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളിലായി ടെസ്റ്റ് നടത്തും. ഇതുവരെ നടത്തിയതില്‍ വൃദ്ധസദനത്തിലെ ഒരാള്‍ക്ക് കൊവിഡ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ കേന്ദ്രങ്ങളില്‍ വേണ്ട സുരക്ഷാക്രമീകരണങ്ങളും സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
Covid: control room starts for senior citizens in Kannur