വയോധികരുടെ ആരോഗ്യസുരക്ഷയ്ക്ക് വയോമിത്രം
65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികില്‍സ, സൗജന്യ മരുന്ന്, കൗണ്‍സലിങ് എന്നിവ നല്‍കി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ജോലിയെടുക്കാവുന്ന പ്രായപരിധി കഴിഞ്ഞിട്ടും പലരും ചെറിയ ജോലിയെങ്കിലും ചെയ്യുന്നത് എന്തിനാണെന്നു ചോദിച്ചാല്‍ അധികപേരും പറയുന്ന മറുപടി ഒന്നാണ്-മരുന്ന് വാങ്ങാന്‍. നിത്യ ചെലവുകളെല്ലാം മക്കളോടൊപ്പം കഴിയുന്നുണ്ടെങ്കിലും ഒരു ചെറുതലവേദനയുണ്ടായാല്‍ അവരോട് പറയാന്‍ മടിക്കുകയാണ്.
ഇതു തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ വയോമിത്രം പദ്ധതി നടപ്പാക്കിയിട്ടുള്ളത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ക്ലിനിക്കിലൂടെ സൗജന്യ ചികില്‍സ, സൗജന്യ മരുന്ന്, കൗണ്‍സലിങ് എന്നിവ നല്‍കി ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സംസ്ഥാന വ്യാപകമായി 57 സ്ഥലങ്ങളില്‍ ഇപ്പോള്‍ വിജയകരമായി പദ്ധതി നടപ്പാക്കുന്നുണ്ട്.
87 നഗരപ്രദേശങ്ങളിലേക്കു കൂടി പദ്ധതി ആരംഭിക്കുന്നതിനുളള നടപടി ത്വരിതഗതിയില്‍ നടക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പദ്ധതിയില്‍ പുതുതായി 69694 വയോജനങ്ങളാണ് പേര്‍ രജിസ്റ്റര്‍ ചെയ്ത് പദ്ധതി ആനുകൂല്യം കൈപറ്റുന്നത്. പദ്ധതി ചെലവുകള്‍ക്കായി 31.01.2017 വരെ 765 ലക്ഷം രൂപ ചെലവഴിച്ചു. 65 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാരുടെ മാനസികോല്ലാസവും ആരോഗ്യ സംരക്ഷണവുമാണ് ഇതുവഴി നടപ്പാവുന്നത്.