കാഴ്ചയില്ലാതെ 30 വര്‍ഷം പിന്നിട്ട് രാംകുമാര്‍;അകക്കണ്ണിന്റെ വെളിച്ചത്തില്‍ കാഴ്ചയുടെ ജാലകം തുറന്നുകൊടുത്തത് 110 ലധികം പേര്‍ക്ക്
24ാം വയസില്‍ യുവത്വത്തിന്റെ പ്രസരിപ്പില്‍ എല്ലായിടത്തും ഓടി നടന്നിരുന്ന രാംകുമാറിന്റെ ജീവിത്തില്‍ പൊടുന്നനെ ഒരു ദിവസം വിധി കരിനിഴല്‍ വീഴ്ത്തുകയായിരുന്നു.അതുവരെ വര്‍ണ്ണങ്ങളാല്‍ സമ്പുഷ്ടമായിരുന്നു രാംകുമാറിന്റെ ജീവിതം ഒറ്റദിവസം കൊണ്ട് ഇരുട്ടിന് കീഴ്‌പ്പെട്ടു.
കണ്ണില്‍ ഇരുട്ട് കയറി കാഴ്ചയുടെ ലോകം അന്യമായി 30 വര്‍ഷം പിന്നിട്ടെങ്കിലും കാഴ്ചയില്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്നും വ്യാപൃതനാണ് നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം ഉണ്ണിയെന്ന് വിളിക്കുന്ന എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം ചിത്രപ്പുഴ മഠത്തില്‍ രാംകുമാര്‍.തനിക്ക് കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും ഇക്കാലത്തിനുള്ളില്‍ 110 ലധികം പേര്‍ക്ക് കാഴ്ചയുടെ ലോകം സമ്മാനിക്കാന്‍ രാംകുമാറിന് കഴിഞ്ഞു.അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഇത് തന്റെ ജീവിത നിയോഗമായി കണ്ട് 54ാം വയസിലും രാംകുമാര്‍ തന്റെ ദൗത്യം തുടരുകയാണ്.
24ാം വയസില്‍ യുവത്വത്തിന്റെ പ്രസരിപ്പില്‍ എല്ലായിടത്തും ഓടി നടന്നിരുന്ന രാംകുമാറിന്റെ ജീവിത്തില്‍ പൊടുന്നനെ ഒരു ദിവസം വിധി കരിനിഴല്‍ വീഴ്ത്തുകയായിരുന്നു.അതുവരെ വര്‍ണ്ണങ്ങളാല്‍ സമ്പുഷ്ടമായിരുന്നു രാംകുമാറിന്റെ ജീവിതം ഒറ്റദിവസം കൊണ്ട് ഇരുട്ടിന് കീഴ്‌പ്പെട്ടു.സുഹൃത്തുക്കള്‍ക്കൊപ്പം വള്ളത്തില്‍ അരൂക്കുറ്റിയിലേക്ക് യാത്രചെയ്യവെ ആസ്വദിച്ച അസ്തമയ സൂര്യന്റെ ഭംഗിയാണ് താന്‍ അവസാനമായി കണ്ട കാഴ്ചയെന്ന് രാംകുമാര്‍ പറഞ്ഞു.
പിന്നീട് നടത്തിയ വിദഗ്ദ പരിശോധനകളില്‍ രാംകുമാറിന് ഇനി ഒരിക്കലും ലോകകാഴ്ചകള്‍ കാണാന്‍ കഴിയില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി.ചെറുപ്രായത്തില്‍ തന്നെ കാഴ്ച നഷ്ടപ്പെട്ടതോടെ ഇനി എന്തിനു ജീവിക്കണമെന്ന ചിന്തയെ തുടര്‍ന്ന് മൂന്നു തവണ രാംകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും ദൈവം രാംകുമാറിന് മറ്റൊരു നിയോഗം കരുതിവെച്ചിരുന്നതിനാല്‍ മൂന്നു തവണയും ആത്മഹത്യാ ശ്രമം പരാജയപ്പെട്ടു.എല്ലാം നഷ്ടപ്പെട്ട് നിരാശയില്‍ കഴിഞ്ഞ തനിക്ക് പിന്നീട് പ്രചോദനമായത് മോളി കോശിയെന്ന ജീവകാര്യണ പ്രവര്‍ത്തകയാണെന്ന് രാംകുമാര്‍ പറയുന്നു.
പ്രീഡിഗ്രിക്കു ശേഷം ഇരുമ്പനത്തെ ബിപിസിഎല്‍ എന്ന കമ്പനിയില്‍ വെല്‍ഡിംഗില്‍ ഹെല്‍പ്പറായി ജോലി ചെയ്യുകയായിരുന്നു രാംകുമാര്‍.ജോലി സമയത്ത് കണ്ണിന് ബുദ്ധിമുട്ടുണ്ടാകാറുണ്ടായിരുന്നുവെങ്കിലും രാംകുമാര്‍ അത് കാര്യമാക്കിയിരുന്നില്ല.സിപിഎമ്മിന്റെ ബാന്റ് സെറ്റില്‍ രാംകുമാര്‍ അംഗമായിരുന്നു.92 ല്‍ സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യൂനിഫോം ധരിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം വള്ളത്തില്‍ പോകുകയായിരുന്നു.പോകുന്നതിന് തൊട്ടുമുമ്പ് കണ്ണാടി നോക്കി സ്വയം മുഖം ഷേവ് ചെയ്തിട്ടാണ് യാത്രയായത്.അരൂക്കുറ്റിയിലേക്ക് വള്ളത്തില്‍ യാത്ര ചെയ്യവെ അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ച് സുഹൃത്തുക്കളുമായി പാട്ടുപാടിയായിരുന്നു യാത്ര.അക്കരയെത്തി പരിപാടിയില്‍ പങ്കെടുത്തു കഴിഞ്ഞതിന്റെ തൊട്ടു പിന്നാലെ രാംകുമാറിന്റെ കണ്ണില്‍ ഇരുട്ട് കയറി.എന്താണ് സംഭവിച്ചതെന്ന് രാംകുമാറിന് മനസിലായില്ല.കറന്റ് പോയതാണെന്നാണ് ആദ്യം വിചാരിച്ചത്.എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോഴാണ് കറന്റ് പോയതല്ല തന്റെ കാഴ്ച പോയതാണെന്ന് രാംകുമാന് മനസിലായത്.
തുടര്‍ന്ന് രാംകുമാറിനെ അങ്കമാലിയിലെ കണ്ണാശുപത്രിയില്‍ എത്തിച്ചു.110 ദിവസത്തോളം അവിടെ കിടത്തി ചികില്‍സിച്ചെങ്കിലും കാഴ്ച കിട്ടില്ലെന്ന് ബോധ്യമായി.എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ല.രണ്ടു പേരുടെ സഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായതോടെ മാനസികമായി താന്‍ തകര്‍ന്നു പോയെന്ന് രാംകുമാര്‍ പറഞ്ഞു.ഇനി ജീവിച്ചിട്ടു കാര്യമില്ലെന്ന് വിചാരിച്ച് മൂന്നു തവണ ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.തുടര്‍ന്ന് ബന്ധുമാവയ ഡോക്ടറിന്റെ ഇടപെടലിനെ തുടര്‍ന്ന് രാംകുമാറിനെ മധുരയിലെ പ്രമുഖ കണ്ണാശുപത്രിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഗ്ലോക്കോമയെന്ന അസുഖമാണ് തന്റെ കാഴ്ച നഷ്ടപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. അവസാന സ്‌റ്റേജിലെത്തിയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒരിക്കലും കാഴ്ച തിരിച്ചു കിട്ടില്ലെന്നും സ്ഥീരീകരിക്കപ്പെട്ടുവെന്നും രാംകുമാര്‍ പറഞ്ഞു.
തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ വീട്ടില്‍ തിരിച്ചെത്തി.ഇതിനിടയില്‍ കൊച്ചിന്‍ റിഫൈനിയിലെ ഡയറക്ടര്‍ കോശി വര്‍ഗ്ഗീസിന്റെ ഭാര്യയും ജീവ കാര്യുണ്യ പ്രവര്‍ത്തകയയുമായ മോളി കോശി വീട്ടിലെത്തി സംസാരിച്ചു.തുടര്‍ന്ന് അവരുടെ നേതൃത്വത്തില്‍ തന്നെ കാറില്‍ വീടിനു പുറത്തേയ്ക്ക് കൊണ്ടുപോയി.അതൊരു യാത്രായായിരുന്നു. ഫോര്‍ട്ട് കൊച്ചി മുതല്‍ ചാലക്കുടിവരെയുള്ള യാത്രയില്‍ ഏകദേശം 15 ഓളം പേരുടെ വീടുകളിലേക്കുള്ള യാത്ര..ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തവിധം തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച വ്യക്തിയുടേതടക്കമുള്ളവരുടെ വീടുകളിലായിരുന്നു പോയത്.മരുന്ന്,ഭക്ഷണം,വസ്ത്രം അടക്കമുള്ളവ നല്‍കുന്നതിനായിട്ടായിരുന്നു ആ യാത്ര.ആ യാത്രയിലൂടെ തനിക്ക് ലഭിച്ച ബോധ്യമാണ് തന്റെ മുന്നോട്ട് ഇതുവരെയുള്ള യാത്രയ്ക്ക് പ്രചോദനമായതെന്ന് രാംകുമാര്‍ പറഞ്ഞു.
ആ യാത്രയ്ക്ക് ശേഷം ഇരുമ്പനം കേന്ദ്രമാക്കി രക്തദാനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ജനശക്തി എന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങി.ഇതിനിടയില്‍ വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിനായി കസേര നെയ്യുന്നത് പഠിച്ച് ചെറിയ രീതിയില്‍ കസേര നെയ്ത്തു കേന്ദ്രം കുടങ്ങി.ഇതോടെ റിഫൈനറി,എഫ്എ സിടി,ഐഒസി അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും കസേര നെയ്യാന്‍ കിട്ടിത്തുടങ്ങി.ഇതിനിടയില്‍ കൊച്ചിന്‍ റിഫൈനറിയിലേക്ക് ഇന്റര്‍വ്യു നടത്തി രാംകുമാറിനെ ജോലിയ്‌ക്കെടുത്തതോടെ സ്ഥിരം വരുമാനമായി.തുടര്‍ന്ന് സഹപാഠിയായിരുന്ന സതീദേവിയെ വിവാഹം ചെയ്തു.ശേഷം ജീവകാര്യുണ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി.അഭയം ചാരിറ്റബിള്‍ എന്ന സംഘടനവഴി നേത്രദാനം, രക്തദാനം ഉള്‍പ്പെടെ കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് കടന്നു.ഇതിനിടയില്‍ ഐഎംഎ രാംകുമാറിനെ ആദരിച്ചു.കാഴ്ചയുടെ വില അറിയാവുന്ന രാംകുമാര്‍ മരണം സംഭവിക്കുന്ന വീടുകളില്‍ എത്തി നേത്രദാനത്തെക്കറിച്ച് ബന്ധുക്കളെ ബോധ്യപ്പെടുത്താന്‍ തുടങ്ങി.ചിലര്‍ അനുകൂലമായി പെരുമാറുകുയും സഹകരിക്കുകയും ചെയ്യുമ്പോള്‍ മറ്റു ചിലരുടെ പെരുമാറ്റം വേദനിപ്പിക്കുന്ന വിധത്തിലായിരുന്നുവെന്ന് രാംകുമാര്‍ പറഞ്ഞു.
.ഒരിക്കല്‍ മരിച്ച ഒരു വീട്ടിലെത്തി ആ വ്യക്തിയുടെ കണ്ണ് ദാനം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ തന്റെ കഴുത്തിന് പിടിച്ചു തള്ളിയിറക്കിവിട്ടെന്നും രാം കുമാര്‍ പറഞ്ഞു.എങ്കിലും ഉദ്യമത്തില്‍ നിന്നും പിന്തിരിയാന്‍ താന്‍ തയ്യാറായിരുന്നില്ല.കാരണം കാഴ്ചയുടെ വില ഏറ്റവും അധികം മനസിലാക്കിയ വ്യക്തിയാണ്. താന്‍ എന്നും രാംകുമാര്‍ പറഞ്ഞു. കാഴ്ചയുണ്ടായിരിക്കുകയും പെട്ടെന്ന് ഒരു നാള്‍ അത് ഇല്ലാതാകുകയും ചെയ്തപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണെന്നും രാംകുമാര്‍ പറഞ്ഞു.കണ്ണ് മുഴുവനായും എടുക്കുമെന്നും ഇതു മൂലം മൃതേദഹത്തന്റെ മുഖം വികൃതമായിപോകുമെന്നൊക്കെയുള്ള മിഥ്യാ ധാരണകളാണ് പലര്‍ക്കുമുള്ളതെന്ന് രാംകുമാര്‍ പറഞ്ഞു.മറ്റു ചിലര്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്.കണ്ണിനുള്ളിലെ കോര്‍ണിയ മാത്രമാണ് എടുക്കുന്നത്.ഇത് ഒട്ടുമിക്ക ആളുകള്‍ക്കും അറിയില്ല. അതാണ് അവര്‍ എതിര്‍ക്കാന്‍ കാരണമെന്നാണ് തന്റെ ഇത്രയും നാളത്തെ അനുഭവത്തില്‍ നിന്നും വ്യക്തമായിട്ടുള്ളത്.നേത്രദാനം എന്നതിനു പകരം നേത്രപടല ദാനം എന്നാക്കണം.അപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്നും രാംകുമാര്‍ പറഞ്ഞു.
ഇതുവരെ 78 പേരുടെ നേത്രപടലം ദാനം ചെയ്യിക്കാന്‍ തനിക്ക് സാധിച്ചു.ഇതിലൂടെ 110 ലധികം പേര്‍ക്ക് കാഴ്ച കിട്ടുകയാണ് ചെയ്തതെന്നും രാംകുമാര്‍ പറഞ്ഞു.വിവിധ ആശുപത്രികളും രാംകുമാറിന്റെ ഉദ്യമത്തിന് സഹായവുമായി ഒപ്പമുണ്ട്. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കുമായി ഇന്ത്യയിലാകെ പ്രവര്‍ത്തിക്കുന്ന സക്ഷമ എന്ന സംഘടനയുടെ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റു കൂടിയാണ് ഇപ്പോള്‍ രാംകുമാര്‍.നേത്രദാനവുമായി ബന്ധപ്പെട്ടാണ് കൂടുതലും പ്രവര്‍ത്തനങ്ങള്‍.ഒപ്പം രക്തദാനവും നടത്തുന്നുണ്ട്.ഒരു വര്‍ഷം മുമ്പ് ജോലിയില്‍ നിന്നും വിആര്‍എസ് എടുത്തു. രാംകുമാറിന്റെ നേതൃത്വത്തില്‍ കൊവിഡ് കാലത്ത് മരുന്ന്,വസ്ത്രങ്ങള്‍ എന്നിവയുടെ വിതരണം അടക്കം ഒട്ടേറെ സഹായപ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു.
എറണാകുളത്തെ കെഎസ്ആര്‍ടിസി ബസുകള്‍ അടക്കം കൊവിഡ് കാലത്ത് രാംകുമാറിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചിരുന്നു. തനിക്ക് കാഴ്ചയില്ലാത്തത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവും സൃഷ്ടിക്കുന്നില്ലെന്ന് രാംകുമാര്‍ പറഞ്ഞു.തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി തന്റെ കുടുംബവും സുഹൃത്തുക്കളുമുണ്ടെന്നും ഇവരാണ് തന്റെ ശക്തിയെന്നും രാംകുമാര്‍ പറഞ്ഞു.സതീദേവിയാണ് ഭാര്യ.രണ്ടു മക്കള്‍.മൂത്തയാള്‍ ഡോ.അപര്‍ണ്ണ ആര്‍ മേനോന്‍,രണ്ടാമത്തെയാള്‍ ഐശ്വര്യ ആര്‍ മേനോന്‍ എന്നിവരാണ്.നേത്രദാനം,രക്തദാനം എന്നിവയുടെ മഹത്വം പരമാവധി ആളുകളില്‍ എത്തിച്ച് അതിന് എല്ലാവരെയും സന്നദ്ധരാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് രാംകുമാര്‍ പറഞ്ഞു.