രക്തം ഛര്‍ദ്ദിക്കല്‍ ;അപൂര്‍വ്വരോഗം ബാധിച്ച യുവതി 10 വര്‍ഷത്തിനൊടുവില്‍ വിഗ്ദ ചികില്‍സയിലൂടെ വീണ്ടും ജീവിതത്തിലേക്ക്
പത്തുവര്‍ഷം മുമ്പാണ് യുവതി ആദ്യമായി രക്തം ഛര്‍ദ്ദിക്കുന്നത്. പിന്നീട് ആറുമാസം, മൂന്നുമാസം എന്നിങ്ങനെ ഇടവേളകള്‍ കുറഞ്ഞുവന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മിക്ക ആഴ്ചകളിലും രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു
കൊച്ചി: ഇടയ്ക്കിടെ രക്തം ഛര്‍ദ്ദിക്കുന്ന അപൂര്‍വ്വരോഗം ബാധിച്ച ഇരുപത്തിയാറു വയസ്സുള്ള യുവതി വിദഗ്ധ ചികില്‍സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തൃശൂര്‍ സ്വദേശിനിയാണ് പത്തു വര്‍ഷമായി അലട്ടിക്കൊണ്ടിരുന്ന രോഗത്തില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയില്‍ നടത്തിയ വിദഗ്ദ ചികില്‍സയിലൂടെ മുക്തി നേടിയത്. പത്തുവര്‍ഷം മുമ്പാണ് യുവതി ആദ്യമായി രക്തം ഛര്‍ദ്ദിക്കുന്നത്. പിന്നീട് ആറുമാസം, മൂന്നുമാസം എന്നിങ്ങനെ ഇടവേളകള്‍ കുറഞ്ഞുവന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മിക്ക ആഴ്ചകളിലും രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു.
ആവര്‍ത്തിച്ചുള്ള ന്യൂമോണിയയോ, എന്‍ഡോമെട്രിയോസിസോ മൂലമാകാം എന്ന നിലയിലാണ് ആദ്യഘട്ടങ്ങളില്‍ ആശുപത്രികളില്‍ നിന്ന് ചികില്‍സകള്‍ നല്‍കിയത്. ഒരു മാസം മുമ്പ് അവശനിലയിലായപ്പോഴാണ് വിദഗ്ധ ചികിത്‌സയ്ക്കായി എറണാകുളത്തെത്തിയത്. സി ടി സ്‌കാന്‍ പരിശോധനയില്‍ ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍ ഉള്ളതായി തൃശൂരില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. എറണാകുളത്ത് ആദ്യം കണ്ട സ്വകാര്യ ആശുപത്രിയില്‍ കോയിലിംഗ് ചികില്‍സയാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ശ്വാസകോശത്തിന് ഗുരുതരമായ തകരാറുണ്ടാകാന്‍ സാധ്യത കണ്ടതിനാല്‍ ആ ശ്രമം ഇടയ്ക്ക് വച്ച് ഉപേക്ഷിച്ചു. പിന്നീടാണ് നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്.
അതേത്തുടര്‍ന്നാണ് വിദഗ്ധാഭിപ്രായത്തിനായി യുവതി ലിസി ആശുപത്രിയിലെത്തിയത്. ആദ്യം പള്‍മണോളജി വിഭാഗത്തിലെയും തുടര്‍ന്ന് കാര്‍ഡിയോ തൊറാസിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ യുവതിയെ പരിശോധിച്ചു. വളരെ വിശദമായി നടത്തിയ മള്‍ട്ടിഫേസിക് സി ടി സ്‌കാന്‍ പരിശോധനയിലാണ് അത്യപൂര്‍വ്വമായ രോഗമാണ് യുവതിക്കുള്ളതെന്ന് കണ്ടെത്തിയത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി യുവതിയുടെ മഹാധമനിയായ അയോര്‍ട്ടയില്‍ നിന്ന് ശ്വാസകോശത്തിന്റെ കീഴ്ഭാഗത്തേക്ക് ഒരു വലിയ രക്തക്കുഴല്‍ ഉള്ളതായി കണ്ടെത്തി.
ലോകത്ത് തന്നെ അത്യപൂര്‍വ്വമായാണ് ഇത്തരമൊരു അസുഖം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.യുവതിയുടെ പ്രായവും അസുഖത്തിന്റെ ഗൗരവവും കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളില്‍ നിന്നായി ഡോ. ലിജേഷ് കുമാര്‍ (ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി), ഡോ. മുരുകന്‍ പദ്മനാഭന്‍ (തൊറാസിക് സര്‍ജറി), ഡോ. പരമേശ് (പള്‍മണോളജി), ഡോ. രാജീവ് കെ. (അനസ്തീഷ്യ) എന്നിവര്‍ കൂടിയാലോചനകള്‍ നടത്തി ശ്വാസകോശം മുറിച്ചു മാറ്റുന്നതിനു പകരം നൂതന സാങ്കേതികവിദ്യയിലൂടെ ശ്വാസകോശത്തിലേക്ക് അധികമായി വരുന്ന രക്തം ഒരു പ്ലഗ് വഴി നിയന്ത്രിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ചീഫ്ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. ലിജേഷ് കുമാറിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ ആ വലിയ രക്തക്കുഴല്‍ വിജയകരമായി പ്ലഗ് വഴി അടയ്ക്കുകയായിരുന്നു. ഡോ. ദിലീപ്കുമാര്‍, സിസ്റ്റര്‍ ബെറ്റി ഇങഇ, എ. ജെ. വില്‍സണ്‍, ജിബിന്‍ തോമസ് എന്നിവരും ചികില്‍സ പ്രക്രിയയില്‍ പങ്കാളികളായി. ലോക്കല്‍ അനസ്തീഷ്യ നല്‍കി ഇടതുകൈത്തണ്ടയിലെ ആര്‍ട്ടറിയിലൂടെ കത്തീറ്റര്‍ കടത്തിവിട്ട് അതിലൂടെ പ്ലഗ് കടത്തി രക്തക്കുഴല്‍ അടയ്ക്കുകയാണ് ചെയ്തത്.
യുവതിയെ അന്നുതന്നെ മുറിയിലേക്ക് മാറ്റി. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനകളില്‍ ശ്വാസകോശം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കുകയും ഇന്നലെ യുവതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.