ജീവിതത്തിലെ ഏറ്റവും കളര്‍ഫുള്‍ ആയ കാലം കൗമാരം തന്നെയാവും. ഈ വസന്തകാലത്താണ് വ്യക്തിയില്‍ കായികവും ജൈവശാസ്ത്രപരവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. അതോടൊപ്പം തന്നെ ചിന്താക്കുഴപ്പങ്ങളുടെയും പിരിമുറക്കങ്ങളുടെയും അരക്ഷിതത്വബോധത്തിന്റെയും കൂടി കാലമാണിതെന്നതില്‍ തര്‍ക്കമില്ല. 12 മുതല്‍ 14 വയസ്സു വരെ ആദ്യകാല കൗമാരഘട്ടമെന്നും 15 മുതല്‍ 19 വയസ്സു വരെ പില്‍ക്കാല കൗമാരഘട്ടം എന്നുമാണ് വിശേഷിപ്പിക്കപ്പെടുന്നത്. കൗമാരഘട്ടത്തിലെ ശാരീരക വികസനം അതിവേഗത്തിലാണ്. തൂക്കത്തിലും പൊക്കത്തിലും കുതിച്ചുചാട്ടമുണ്ടാവും. മുഖത്ത് രോമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ശബ്ദത്തില്‍ മാറ്റമുണ്ടാവും. ആണ്‍കുട്ടികളുടെ ശബ്ദം മുഴക്കമുള്ളതും പരുക്കനുമാവുമ്പോള്‍ പെണ്‍കുട്ടികളുടേത് സൗമ്യവും മധുരമുള്ളതുമായിമാറുന്നു. ആണ്‍കുട്ടികള്‍ക്ക് മീശയും താടിയും നെഞ്ചിലും കൈകാലുകളിലും രോവും വന്നു തുടങ്ങുന്നു. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും കക്ഷങ്ങളിലും ജനനേന്ദ്രിയഭാഗങ്ങളിലും രോമം പ്രത്യക്ഷപ്പെടും.
പെണ്‍കുട്ടികളുടെ മാറിടങ്ങള്‍ വളരും. ഇടുപ്പെല്ലുകള്‍ പരക്കും. ആണ്‍കുട്ടികളില്‍ ജനനേന്ദ്രിയങ്ങള്‍ വലുതാവും. പ്രജനനശേഷി കൈവരിക്കുന്ന കാലമാവുമാണിത്. പെണ്‍കുട്ടികളില്‍ ആര്‍ത്തവവും ആണ്‍കുട്ടികളില്‍ ശുക്ലവിസര്‍ജ്ജനവും ഉണ്ടാവും. മാതാപിതാക്കളുടെയും അധ്യാപകരുടെയും എന്നുവേണ്ട എല്ലാവരെയും ഉപദേശി ലിസ്റ്റില്‍ പെടുത്തി എതിര്‍ക്കാന്‍ ആവേശമുണ്ടാവും. വികാരപ്രകടനത്തില്‍ ഇവര്‍ സ്ഥിരസ്വഭാവം പുലര്‍ത്തില്ല. ആവേശഭരിതരായും അല്ലാതായും ഇവരെ കാണാം. വിനയം, മര്യാദ, നിഷേധപ്രവണത അനുസരണക്കേട് എന്നിവ കൂട്ടിനുണ്ടാവും. ലൈംഗിക വികാരങ്ങളുടെ പിടിയില്‍ അകപ്പെട്ടുപോവും.
മുതിര്‍ന്നവരേക്കാള്‍ അറിവും കഴിവുകളും ഉണ്ടെന്ന് സ്വയം ധരിക്കും. സമപ്രായക്കാരോടൊപ്പം ഇടപഴകാനാണ് കൂടുതല്‍ താല്‍പര്യപ്പെടുക. ചുറ്റുമുള്ള കാര്യങ്ങളെപറ്റി അറിയാന്‍ താല്‍പര്യം കാണിക്കും. നിരൂപണം, യുക്തിചിന്ത, ഓര്‍മ, ഗ്രഹണം, ശ്രദ്ധ തുടങ്ങിയ കഴിവുകളുടെ ആഴം വര്‍ധിക്കും.
പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരുപോലെ കഴിവുകള്‍ വികസിച്ചുവരണമെന്നില്ല. മനുഷ്യശരീരത്തിലെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം ഇത്‌നു മുഖ്യമാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാന്ദ്യം വളര്‍ച്ചയെ മുരടിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയണം. അല്ലെങ്കില്‍ എല്ലാ കുട്ടികളെയും പോലെ എന്റെ കുട്ടി സ്മാര്‍ട്ട് അല്ലെന്നു പറഞ്ഞ് അവരോട് വഴക്കിടാന്‍ പോയാല്‍ വിപരീതമായിരിക്കും ഫലം.