വയനാട്ടില്‍ കെണിയില്‍ കുരുങ്ങി കടുവ ചത്ത സംഭവം; വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി
കല്‍പ്പറ്റ: വയനാട്ടില്‍ കെണിയില്‍ കുരുങ്ങി കടുവ ചത്ത സംഭവത്തില്‍ വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി. അമ്പുകുത്തി പാട്ടുപറമ്പ് നാല് സെന്റ് കോളനിയിലെ ഹരിയാണ് തൂങ്ങി മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണ് ഹരി ജീവനൊടുക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍, ഈ ആരോപണം വനംവകുപ്പ് നിഷേധിച്ചു.
ഹരി കേസില്‍ പ്രതിയല്ലെന്നും സാക്ഷിയായി രേഖപ്പെടുത്തിയിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. കഴിഞ്ഞ ഒന്നാം തിയ്യതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്തുകിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു.
എന്നാല്‍, സ്ഥലം ഉടമ മുഹമ്മദ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്നും കേസെടുത്ത് മുന്നോട്ടുപോയാല്‍ പ്രതിഷേധം കനക്കുമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം. അതേസമയം, ഹരിയുടെ മരണത്തെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഇന്ന് രാവിലെ ദേശീയപാത ഉപരോധിക്കും.