ആധുനിക ജീവന്‍രക്ഷാ സംവിധാനം തുണയായി;കൊവിഡാനന്തര ഗുരുതരരോഗങ്ങള്‍ ബാധിച്ച യുവാവ് വീണ്ടും ജീവിതത്തിലേക്ക്
കൊവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിച്ച അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോമിനൊപ്പം (എആര്‍ഡിഎസ്) മറ്റേതാനും ഗുരുതരരോഗങ്ങളും ബാധിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീഷിന് (31) ആണ് വിവി എക്‌മോ തുണയായത്. ഹൃദയത്തിനും ശ്വാസകോശത്തിനും ആധുനിക ജീവന്‍രക്ഷാ പിന്തുണയൊരുക്കുന്ന സംവിധാനമാണ് വിവി എക്‌മോ
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് ഗുരുതരരോഗങ്ങള്‍ ബാധിച്ച മുപ്പത്തൊന്നുകാരന്റെ ജീവന്‍ രക്ഷിച്ച് വിവി എക്‌മോ. കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലാണ് കൊവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തെ ബാധിച്ച അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോമിനൊപ്പം (എആര്‍ഡിഎസ്) മറ്റേതാനും ഗുരുതരരോഗങ്ങളും ബാധിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അനീഷിന് (31) വിവി എക്‌മോ തുണയായത്. ഹൃദയത്തിനും ശ്വാസകോശത്തിനും ആധുനിക ജീവന്‍രക്ഷാ പിന്തുണയൊരുക്കുന്ന സംവിധാനമാണ് വിവി എക്‌മോ. 96 ദിവസം നീണ്ടുനിന്ന ആശുപത്രിവാസത്തില്‍ 52 ദിവസവും വിവി എക്‌മോയുടെ പിന്തുണയോടെ ജീവന്‍ നിലനിര്‍ത്തിയ അനീഷ് ഇന്ന് ആശുപത്രി വിട്ടു.
കൊവിഡിനെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളോടെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അനീഷിനെ കൊച്ചിയില്‍ നിന്ന് അവിടെയെത്തിയ വിപിഎസ് ലേക്‌ഷോറിലെ റീട്രീവല്‍ സംഘം സെപ്തംബര്‍ രണ്ടിനാണ് വിവി എക്‌മോ സപ്പോര്‍ട്ടിലാക്കിയത്. തുടര്‍ന്ന് രോഗിയെ വിപിഎസ് ലേക്‌ഷോറിലേയ്ക്ക് മാറ്റി. രോഗിയ്ക്ക് 100 കിലോയിലധികം ഭാരമുണ്ടെന്നതായിരുന്നു പ്രധാന വെല്ലുവിളി. ജല/വായു സമ്മര്‍ദ്ദത്താല്‍ സംഭവിക്കുന്ന പരിക്കായ ബാരോട്രോമ, ന്യൂമോതൊറാക്‌സ് (ശ്വാസകോശങ്ങള്‍ക്ക് സംഭവിക്കുന്ന തകരാര്‍), ന്യൂമോപെരികാര്‍ഡിയം, എയര്‍ ലീക് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ന്യൂമോ മെഡിയാസ്റ്റിനം എന്നീ ഗുരുതരഅവസ്ഥകളും അനീഷിന്റെ സ്ഥിതി വഷളാക്കി.
ഇതിനിടെ പെരിടോണിയത്തിനു പുറത്തായി രക്തസ്രാവവും (റെട്രോപെരിടോണിയല്‍ ബ്ലീഡ്) ഉണ്ടായി. രക്തക്കുഴലിനു പുറത്ത് വലിയ തോതില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തസമ്മര്‍ദം അപകടരമാം വിധം താഴുന്നതിനും (ഹൈപ്പോടെന്‍ഷന്‍) ഇത് കാരണമായി. കൊവിഡ് ന്യൂമോണിയയ്‌ക്കൊപ്പം രക്തത്തിലെ അണുബാധ (സെപ്‌സിസ്), ശ്വാസകോശ അണുബാധ, കാനുല അണുബാധ എന്നിവയ്ക്കും ചികില്‍സ വേണ്ടി വന്നു. അതീവശ്രദ്ധ ആവശ്യമായ ചികിത്സാരീതികളിലൂടെയാണ് അനീഷ് കടന്നു പോയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
നിലവില്‍ അനീഷ് പൂര്‍വസ്ഥിതി പ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ എല്ലാ രക്തപരിശോധന ഫലങ്ങളും നോര്‍മലാണ്. ഹൃദയത്തിന്റെയും കരളിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തി. ആദ്യആഘാതത്തില്‍ നിന്ന് ശ്വാസകോശങ്ങളും മുക്തമാകാന്‍ തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കാര്‍ഡിയാക് സര്‍ജന്‍ ഡോ. സുജിത് ഡി എസ്, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ എം എസ് നെഭു, ഡോ സന്ധ്യ, പെര്‍ഫ്യൂഷണിസ്റ്റുമാരായ ജിയോ, സുരേഷ്, ഒടി ഇന്‍ ചാര്‍ജ് സൗമ്യ, ഐസിയു ഇന്‍ചാര്‍ജ് ബിജി, അനസ്‌തേഷ്യ വിഭാഗത്തിലെ അമല്‍, ചീഫ് ന്യൂട്രീഷ്യനിസ്റ്റ് മഞ്ജു, ഫിസിയോതെറാപ്പിസ്റ്റ് സാദിക് എന്നിവരുള്‍പ്പെട്ട സംഘമാണ് അനീഷിനെ ചികില്‍സിച്ചത്.