ഫാത്തിമ മെര്‍നിസി

Update: 2016-01-04 14:13 GMT











പ്രകൃതിയാണ് സ്ത്രീയുടെ ഏറ്റവും നല്ല സുഹൃത്ത്, പ്രതിസന്ധിയില്‍ അകപ്പെടുകയാണെങ്കില്‍ നിങ്ങള്‍ നദിയില്‍ നീന്തുക, ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുക, അങ്ങനെയാണ് നിങ്ങളുടെ ഭയം ശമിപ്പിക്കേണ്ടത്.'ഡ്രീംസ് ഓഫ് ട്രസ്പാസിലെ മെര്‍നിസിന്റെ ഈ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.




 



 

ഷിനില മാത്തോട്ടത്തില്‍

പ്രമുഖ മുസ്‌ലിം സ്ത്രീപക്ഷ എഴുത്തുകാരിയായ ഫാത്തിമ മെര്‍നിസി 1940 ല്‍ മൊറോക്കോയിലെ ഫെസില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരിസിലെ സോര്‍ബോന്‍ സര്‍വകലാശാലയില്‍നിന്നും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദം നേടി. 1974 ല്‍ കെന്‍തുക്കിയിലെ ബ്രാന്‍ഡെയ്‌സ് സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജിയില്‍ ഡോക്ടറേറ്റ് നേടി. ഇസ്‌ലാമിക സ്ത്രീപക്ഷ കാഴ്ചപ്പാടുകളില്‍ മെര്‍നിസിയുടെ കൃതികള്‍ വളരെ സ്വാധീനം ചെലുത്തി. അറബ്-ഇസ്‌ലാമിക ലോകത്തെ ജനാധിപത്യം, മനുഷ്യാവകാശം എന്നീ വിഷയങ്ങള്‍ അവരുടെ കൃതികളില്‍ വിശദമായി പരാമര്‍ശിക്കപ്പെട്ടു.
1974-81 കാലഘട്ടത്തില്‍ റബാത്തിലെ മുഹമ്മദ്‌വി സര്‍വകലാശാലയില്‍ രീതിശാസ്ത്രം, കുടുംബശാസ്ത്രം, സൈക്കോസോഷ്യോളജി എന്നീ വിഷയങ്ങളില്‍ അധ്യാപികയായിരുന്നു. ഇസ്‌ലാമിക് ഫെമിനിസ്റ്റ് എന്ന നിലയ്ക്കാണ് അവര്‍ ലോകമെമ്പാടും അറിയപ്പെടുന്നത്. തന്റെ കൃതികളില്‍ ഉടനീളം ഇസ്‌ലാമില്‍ സ്ത്രീയുടെ സ്ഥാനം, ഇസ്‌ലാമിക ചിന്തകളുടെ വികാസം, പരിവര്‍ത്തനം എന്നീ വിഷയങ്ങള്‍ വിശദമായി വിശകലനവിധേയമാക്കുന്നുണ്ട്.

 



മാതൃരാജ്യമായ മൊറോക്കോയായിരുന്നു മെര്‍നിസിയുടെ പ്രവര്‍ത്തനമേഖലയും. യുനെസ്‌കോയുടെയും  മൊറോക്കോ സര്‍ക്കാരിന്റെയും കീഴില്‍ അവര്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി. മൊറോക്കോയിലെ സ്ത്രീപക്ഷ പ്രസിദ്ധീകരണങ്ങള്‍ക്കായി സ്ത്രീയും ഇസ്‌ലാമും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നിരവധി രചനകള്‍ നടത്തി. ശാസ്ത്ര സാമൂഹിക പൊതു രംഗങ്ങളിലെ മികച്ച സംഭാവനകള്‍ക്ക് സ്‌പെയിന്‍ നല്‍കുന്ന പ്രിന്‍സ് ഓഫ് ഓസ്ട്രിയ പുരസ്‌കാരം, 2003 ല്‍ അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സൂസന്‍ സോന്‍താഗും മെര്‍നിസിയും പങ്കിട്ടു.
1975 ല്‍ പുറത്തിറങ്ങിയ ബിയോണ്ട് ദ വെയില്‍: മെയില്‍-ഫീമെയില്‍ ഡയനാമിക്‌സ് ഇന്‍ മോഡേണ്‍ മുസ്‌ലിം സൊസൈറ്റി ആണ് മെര്‍നിസിക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത കൃതി. സ്ത്രീപക്ഷകാഴ്ചപ്പാടിലൂടെ ഇസ്‌ലാമിനെ വിശകലനം ചെയ്യുന്ന കൃതിയില്‍ പാരമ്പര്യവിശ്വാസങ്ങളെയും പുരുഷ മേധാവിത്വത്തിന് അനുകൂലമായ വ്യാഖ്യാനങ്ങളെയും വിമര്‍ശിക്കുന്നുണ്ട്. ഈ കൃതിയുടെ പരിഷ്‌കരിച്ച പതിപ്പ് 1985 ല്‍ ബ്രിട്ടനിലും 1987 ല്‍ അമേരിക്കയിലും പ്രസിദ്ധീകരിച്ചു.
മെര്‍നിസിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കൃതിയാണ് ദ വെയ്ല്‍ ആന്‍ഡ് ദ മെയ്ല്‍ എലൈറ്റ്: എ ഫെമിനിസ്റ്റ് ഇന്റര്‍പ്രട്ടേഷന്‍ ഓഫ് ഇസ്‌ലാം. മുഹമ്മദിന്റെ പത്‌നിമാരെക്കുറിച്ചാണ് 1987 ല്‍ ഫ്രഞ്ചില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം പ്രധാനമായും പ്രതിപാദിക്കുന്നത്. 1991 ല്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തു. മൊറോക്കോയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ തുറന്നുകാട്ടുന്ന ഡൂയിങ് ഡെയ്‌ലി ബാറ്റില്‍: ഇന്റര്‍വ്യൂസ് വിത്ത് മൊറോക്കന്‍ വിമണ്‍ എന്ന പ്രസിദ്ധീകരണത്തിനായി മൊറോക്കോയിലെ കര്‍ഷകത്തൊഴിലാളികളുമായും വീട്ടുവേലക്കാരികളുമായും അഭിമുഖം നടത്തി. ഇസ്‌ലാമിക ചരിത്രത്തിലെ സ്ത്രീകളുടെ സജീവ രാഷ്ട്രീയസാന്നിദ്ധ്യത്തെ കുറിച്ചും അവര്‍ സൃഷ്ടിച്ച സ്വാധീനങ്ങളെക്കുറിച്ചും ദ ഫൊര്‍ഗോട്ടന്‍ ക്വീന്‍സ് ഓഫ് ഇസ്‌ലാം എന്ന പുസ്തകത്തിലൂടെ തുറന്നുകാട്ടാന്‍ മെര്‍നിസിനു സാധിച്ചു.


 

ഡ്രീംസ് ഓഫ് ട്രസ്പാസ്: ടയില്‍സ് ഓഫ് ഹാറെം ഗേള്‍ഹുഡ് എന്ന പേരിലുള്ള മെര്‍നിസിയുടെ ഓര്‍മ്മക്കുറിപ്പും ശ്രദ്ധിക്കപ്പെട്ട ഒരു കൃതിയാണ്. ദ ഹാെറം വിതിന്‍ എന്നായിരുന്നു ഈ പുസ്തകം യുഎസില്‍ ആദ്യം അറിയപ്പെട്ടിരുന്നത്. പ്രകൃതിയാണ് സ്ത്രീയുടെ ഏറ്റവും നല്ല സുഹൃത്ത്, പ്രതിസന്ധിയില്‍ അകപ്പെടുകയാണെങ്കില്‍ നിങ്ങള്‍ നദിയില്‍ നീന്തുക, ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുക, അങ്ങനെയാണ് നിങ്ങളുടെ ഭയം ശമിപ്പിക്കേണ്ടത്.'ഡ്രീംസ് ഓഫ് ട്രസ്പാസിലെ മെര്‍നിസിന്റെ ഈ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
വുമണ്‍സ് റബല്യന്‍ ആന്‍ഡ് ഇസ്‌ലാമിക് മെമ്മറി, ഷഹര്‍സാദ് നെസ്റ്റ് പാസ് മറോകെയ്ന്‍, ദ വെയില്‍ ആന്റ് ദ മെയില്‍ എലൈറ്റ്, ഇസ്‌ലാം ആന്റ് ഡെമോക്രസി തുടങ്ങിയവയാണ് അവരുടെ പ്രശസ്തമായ മറ്റു കൃതികള്‍.
രാജ്യത്തും പുറംലോകത്തും ഒരേപോലെ ശ്രദ്ധിക്കപ്പെട്ട മെര്‍നിസിയുടെ പുസ്തകങ്ങള്‍ ജര്‍മന്‍, ഇംഗ്ലീഷ്, ഡച്ച്, ജാപ്പനീസ് എന്നീ ഭഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മൊറോക്കോ, അള്‍ജീരിയ, തുണിഷ്യ എന്നിവിടങ്ങളിലെ സ്ത്രീ പ്രസിദ്ധീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിട്ടുള്ള മെര്‍നിസി ഫ്രഞ്ച്, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. എഴുത്തിലൂടെയും സജീവ പ്രവര്‍ത്തനത്തിലൂടെയും അവര്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി.
2013 അറേബ്യന്‍ ബിസിനസ് മാഗസിന്റെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയിലുള്‍പ്പെട്ട ഒരേയൊരു മൊറോക്കന്‍ വനിതയായിരുന്നു അവര്‍. പശ്ചിമ-പൂര്‍വ സ്ത്രീപക്ഷ വാദങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇസ്‌ലാമില്‍ ശ്രദ്ധിക്കപ്പെടേണ്ടതും പ്രസക്തവുമായ സുപ്രധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതില്‍ വിജയിച്ച എഴുത്തുകാരിയായിരുന്നു അവര്‍. മെര്‍നിസി നവംബര്‍ 30 ന് റബാത്തില്‍ അന്തരിച്ചു.
Tags:    

Similar News