വാഷിങ്ടണ്‍: പാക്-മാന്‍ എന്ന ജനപ്രിയ വീഡിയോ ഗെയിം ഗൂഗ്‌ളിന്റെ ഹോം പേജില്‍ ഇട്ടതു മുതല്‍ അത് കവര്‍ന്നെടുത്തത് 48 ലക്ഷം പ്രവര്‍ത്തി മണിക്കൂറുകള്‍.
ജപ്പാനില്‍ പാക്-മാന്‍ നിര്‍മിച്ചതിന്റെ 30ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗുഗ്‌ളിന്റെ ഹോംപേജില്‍ മെയ് 21ന് ഗെയിം ഉള്‍പ്പെടുത്തിയത്.
എന്നാല്‍, മൂന്നു ദിവസം കൊണ്ട് തന്നെ വിവിധ കമ്പനി ജോലിക്കാരുടെ ലക്ഷക്കണക്കിനു മണിക്കൂറുകളാണ് കളി കവര്‍ന്നെടുത്തത്.
സോഫ്റ്റ്്‌വെയര്‍ കമ്പനിയായ റെസ്‌ക്യു ടൈം ആണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളികള്‍ എന്ത് ചെയ്യുന്നു, ഓണ്‍ലൈനില്‍ എവിടെയൊക്കെ സഞ്ചരിക്കുന്നു എന്നു രഹസ്യനിരീക്ഷണം നടത്തുന്ന ടൈം ട്രാക്കിങ് സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്ന കമ്പനിയാണ് റെസക്യു ടൈം.
മിക്ക ആളുകളും ഒരു ദിവസം ശരാശരി ഗുഗ്‌ളില്‍ 22 സേര്‍ച്ചുകളെങ്കിലും നടത്തുന്നു എന്നാണ് കണക്ക്. ഓരോ സെര്‍ച്ചും ശരാശരി 11 സെക്കന്റ് നീളും.
പാക്-മാന്‍ വന്നതോടെ അത് 36 സെക്കന്റ് ആയി ഉയര്‍ന്നു. 11,000 റെസ്‌ക്യു ടൈം ഉപയോക്താക്കളുടെ ബ്രൗസിങ് സ്വഭാവം പരിശോധിച്ചാണ് ഈ കണക്ക് തയ്യാറാക്കിയത്.
ഗൂഗ്‌ളിന്റെ പ്രധാന പേജ് ഓരോ ദിവസവും സന്ദര്‍ശിക്കുന്ന 504 ദശലക്ഷം ഉപയോക്താക്കളുടെ കണക്ക് വച്ച് കൂട്ടിയാല്‍ ഇത് 48 ലക്ഷം മണിക്കൂറാകും. അതായത് 549 വര്‍ഷം.
ഒരാള്‍ക്ക് മണിക്കൂറില്‍ 25 ഡോളര്‍ നല്‍കുന്നു എന്നു കണക്കാക്കിയാല്‍ കമ്പനികള്‍ക്ക് നഷ്ടം 120 ദശലക്ഷം ഡോളര്‍.
ഗൂഗ്ള്‍ സെര്‍ച്ച് ബോക്‌സിന്റെ മുകളിലുള്ള ലോഗോ കളിക്കാന്‍ സാധിക്കുന്നതാണെന്ന് പലര്‍ക്കും മനസ്സിലാവാത്തത് കൊണ്ടാണ് സമയ നഷ്ടം ഇത്ര കുറഞ്ഞതെന്ന് കമ്പനി പറയുന്നു.
തോറു ഗവതാനി നിര്‍മിച്ച ഈ കളി 1980 മെയ് 22ന് ജപ്പാനിലെ നാംകോ കമ്പനിയാണ് പുറത്തിറക്കിയത്.
കളിയുടെ വന്‍ജനപ്രീതി കണക്കിലെടുത്ത് ഗൂഗ്ള്‍ പാക്-മാന് വേണ്ടി പ്രത്യേക പേജ് തയ്യാറാക്കിയിട്ടുണ്ട്.