ആരോഗ്യവകുപ്പ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് ബന്ധുക്കള്‍
മഞ്ചേരി: ആരോഗ്യ വകുപ്പു ജീവനക്കാരനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മങ്കട പള്ളിപ്പുറം വെണ്ണേക്കോടന്‍ കുഞ്ഞിമുഹമ്മദ് മാസ്റ്ററുടെ മകന്‍ അബ്ദുല്‍ നാസര്‍(32)ആണ് മരിച്ചത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായിരുന്നു.
ഇന്നു രാവിലെ വീട്ടില്‍ നിന്നു പള്ളിയില്‍ പോയി തിരിച്ചെത്തിയ ശേഷം ഭാര്യയോട് ചായ ആവശ്യപ്പെട്ട് കിടപ്പു മുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. പിന്നീടാണ് മുറിയില്‍ തൂങ്ങിയരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്.
ജോലിഭാരവും രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ് മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ചുങ്കത്തറ സിഎച്ച്‌സിയില്‍ അബ്ദുല്‍ നാസര്‍ ജോലിക്കു കയറിയത്. സീനിയര്‍ ജീവനക്കാര്‍ ചെയ്യേണ്ട പല ജോലികളും പുതുതായി ജോലിയില്‍ പ്രവേശിപ്പിച്ച യുവാവിനെ ഏല്‍പിച്ചിരുന്നെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇയാളെന്നും ബന്ധുക്കള്‍ പറയുന്നു.
നാസറിന്റെ ആവശ്യപ്രകാരം പിന്നീട് ചുങ്കത്തറയില്‍ നിന്നു മാറ്റി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കി. അവിടെ ഇന്നലെയാണ് ജോലിയില്‍ പ്രവേശിച്ചത്.
അബ്ദുല്‍ നാസറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും യുഡിഎഫ് അനുകൂല സംഘടനകളും രംഗത്തെത്തി. ഭരണാനുകൂല സംഘടനകള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി ജീവനക്കാരെ മാനസിക സമ്മര്‍ദത്തിലാക്കുന്നതിന്റെ ഇരയാണ് അബ്ദുല്‍ നാസറെന്നും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം ഒരുമാസത്തെ ശമ്പളം വാങ്ങാന്‍ ശ്രമമുണ്ടായതും യുവാവിനെ തളര്‍ത്തിയെന്നും ഈ സംഘടനകള്‍ ആരോപിക്കുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചു. മാതാവ്: സുലൈഖ. ഭാര്യ: ഫാത്തിമ തസ്‌നി. രണ്ടു വയസുള്ള അഫ്‌ലാഹ് ഏക മകനാണ്.