ദുബയ്: ഏഷ്യാകപ്പിലെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അവസാന മല്‍സരത്തില്‍ കരുത്തരായ പാകിസ്താനെ അട്ടിമറിച്ച് ഫൈനലിലെത്തിയ ബംഗ്ലാ കടുവകളെ ഇന്ത്യ ഇന്ന് കൂട്ടിലടയ്ക്കുമോ? ഏഴാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രത്തിലാദ്യമായി ഏഷ്യാ കപ്പ് നാട്ടിലെത്തിക്കാമെന്ന മോഹവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. മൂന്ന് തവണ ഫൈനലിലെത്തിയതാണ് അവരുടെ മികച്ച നേട്ടം.രണ്ടുവര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇത്തവണ സൂപ്പര്‍ ഫോറില്‍ മുഖാമുഖം വന്നപ്പോള്‍ ഏഴു വിക്കറ്റിനു ബംഗ്ലാദേശിനെ തോല്‍പിച്ചതും ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്നു.
ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ 124 റണ്‍സിനു തോല്‍പിച്ച ബംഗ്ലാദേശ് 119 റണ്‍സിനാണ് അഫ്ഗാനോട് തോറ്റത്. എന്നാല്‍ ഓരോ കളിയിലും കൂടുതല്‍ മെച്ചപ്പെട്ടുവരുന്ന അവര്‍ക്ക് മൂന്നു റണ്‍സിനു അഫ്ഗാനെയും 37 റണ്‍സിനു പാകിസ്താനെയും തോല്‍പിച്ച് നിര്‍ണായക മല്‍സരങ്ങളില്‍ വിജയിക്കാനായി.
ഏഷ്യാകപ്പ് തുടങ്ങിയ 1984 മുതല്‍ 2016 വരെ ആറു തവണ ജേതാക്കളായ ഇന്ത്യ ഇതിനു മുമ്പ് ബംഗ്ലാദേശുമായി ഫൈനലില്‍ ഏറ്റുമുട്ടിയത് 2016ല്‍ മാത്രമാണ്. അന്ന് മഴമൂലം 15 ഓവര്‍ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്തും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ ലക്ഷ്യം കണ്ടു. അന്നത്തെ തോല്‍വിക്കു പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബംഗ്ലാദേശ്. എന്നാല്‍ പരിക്ക് ടീമിനെ അലട്ടുന്നു. ഓപ്പണര്‍ തമീം ഇക്ബാല്‍ പരിക്കേറ്റ് മടങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും പരിക്കേറ്റത് അവരെ വലക്കുന്നുണ്ട്. ഏഴു വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള ശക്കീബ് പരിക്കു കാരണം ഫൈനലില്‍ കളിക്കില്ല. പകരം മഷ്‌റഫെ മുര്‍തസയാവും ടീമിനെ നയിക്കുക. ഏകദിനത്തില്‍ 195 മല്‍സരങ്ങളില്‍ നിന്ന് 250 വിക്കറ്റ് നേടിയിട്ടുള്ള മുര്‍തസ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തും. മുഷ്ഫിഖുര്‍റഹീമിന്റെയും മുസ്തഫിസുര്‍റഹിമാന്റെയും ഉജ്വല ഫോമും ബംഗ്ലാദേശിനു പ്രതീക്ഷ പകരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഷ്ഫിഖ് ടീമിനെ ചുമലിലേറ്റുമ്പോള്‍ ഇന്ത്യക്ക് ധോണിയില്‍ നിന്ന് ഈ സംഭാവന ലഭിക്കുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആറ് സെഞ്ച്വറികളുള്‍പ്പെടെ 177 ഇന്നിങ്‌സുകളില്‍ നിന്ന് 5125 റണ്‍സ് അടിച്ചുകൂട്ടിയ മുഷ്ഫിഖാവും ഇന്നു നടക്കുന്ന ഇന്ത്യക്കു ഫൈനലിലും കപ്പിനുമിടയിലെ തടസ്സം. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ 31കാരന്‍ ഇപ്പോള്‍ നടത്തുന്നത്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 74.25 എന്ന റണ്‍ ശരാശരിയോടെ 297 റണ്‍സ് നേടി ശിഖര്‍ ധവാനു(327) തൊട്ടു താഴെയാണ് മുഷ്ഫിഖ്. 269 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം.
പാകിസ്താനെ 37 റണ്‍സിനു തകര്‍ത്ത് ബംഗ്ലാദേശിനു ഫൈനല്‍ ബെര്‍ത്ത് നല്‍കിയ മല്‍സരത്തിലും മുഷ്ഫിഖിന്റെ ഇന്നിങ്‌സ് (99) നിര്‍ണായകമായി. മുഹമ്മദ് മിഥുനും (60) മികച്ച ബാറ്റിങ് കാഴ്ചവയ്ക്കുന്നു. പാകിസ്താനെതിരേ നേരത്തേ പുറത്തായെങ്കിലും ലിറ്റന്‍ ദാസും (6) ഇന്ത്യ ഭയക്കേണ്ട ബാറ്റ്‌സ്മാനാണ്. 10 മല്‍സരങ്ങളില്‍ നിന്ന് 345 റണ്‍സ് നേടിയിട്ടുള്ള മഹ്്മൂദുല്ലയും സൂക്ഷിക്കേണ്ട താരമാണ്.
നാലു വിക്കറ്റ് വീഴ്ത്തി പാകിസ്താനെ 202 റണ്‍സിനു പുറത്താക്കിയ മുസ്തഫിസുര്‍റഹിമാന്റെയും മെഹ്ദി ഹസന്റെയും (രണ്ടു വിക്കറ്റ്) പന്തുകള്‍ ഇന്ത്യ എങ്ങനെ നേരിടുമെന്നതും പ്രധാനമാണ്. എട്ടു വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് മുസ്തഫിസ്. ഫൈനലിലെ പ്രകടനത്തോടെ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാന്റെ റാഷിദ് ഖാനെ (10 വിക്കറ്റ്) കടത്തിവെട്ടാനാവും മുസ്തഫിസിന്റെ ശ്രമം. റൂബല്‍ ഹുസൈനും ബൗളിങില്‍ ഇന്ത്യക്കു ഭീഷണായാവും.
18 റണ്‍സ് എടുക്കുന്നതിനിടെ പാകിസ്താന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ശുഹൈബ് മാലിക്കിനെ പുറത്താക്കാന്‍ റൂബലിന്റെ പന്തില്‍ മുര്‍തസ എടുത്ത ക്യാച്ച് ഫീല്‍ഡിങിലെ ബംഗ്ലാദേശിന്റെ മികവിന് ഉദാഹരണമാണ്. പാകിസ്താനു വേണ്ടി ജുനൈദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രിദിയും ഹസന്‍ അലിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഇമാമുല്‍ ഹഖിന്റെ (105 പന്തില്‍ 83 റണ്‍സ്) ഒറ്റയാള്‍ പോരാട്ടമില്ലായിരുന്നെങ്കില്‍ പാകിസ്താന്‍ 200 കടക്കില്ലായിരുന്നു.
ഫൈനലില്‍ ഇന്ത്യന്‍ ഓപ്പണിങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മടങ്ങിയെത്തുമ്പോള്‍ ഫോമിലുള്ള കെഎല്‍ രാഹുല്‍ ടീമിന് പുറത്തിരിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ബൗളിങില്‍ ജസ്പ്രീത് ബൂംറയും ഭുവനേശ്വര്‍ കുമാറും തന്നെയാവും ഇന്ത്യയെ നയിക്കുക. മധ്യ ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാനും വിക്കറ്റെടുക്കാനും കഴിവുള്ള ജഡേജ-കുല്‍ദീപ്-ചാഹല്‍ ത്രയവും നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കുന്ന കേദാര്‍ ജാദവുമാണ് ഇന്ത്യയുടെ ശക്തി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്നേറ്റ കനത്ത തോല്‍വി മറക്കാന്‍ ഇന്ത്യക്ക് ഏഷ്യാകപ്പ് കിരീടം കൂടിയേ തീരൂ. ക്യാപ്റ്റന്‍ വിരാട് കോഹ്്‌ലിയുടെ അഭാവത്തില്‍ കിരീടം നേടിയാല്‍ അത് തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാവും.
ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുന്ന ബംഗ്ലാ ബൗളിങ് നിര ഇന്ത്യന്‍ മധ്യനിരയെ കശക്കിയെറിഞ്ഞില്ലെങ്കില്‍ വിജയം ഇന്ത്യയുടെ കൂടെ തന്നെ നില്‍ക്കും. മുന്‍നിര താരങ്ങളില്ലാതെ തന്നെ അഫ്ഗാനോട് സൂപ്പര്‍ഫോറില്‍ സമനില പിടിക്കാനായതും ഇന്ത്യന്‍ ക്യാംപിന് ആത്മവിശ്വാസമേകുന്നു.