ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം; വ്യാജ വീഡിയോ പങ്കുവച്ച് എഎന്‍ഐയും(VIDEO)

Update: 2024-08-14 09:39 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പ്രക്ഷോഭത്തിനു പിന്നാലെ ഹിന്ദുമത വിശ്വാസികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ വീഡിയോ പങ്കുവച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയും. ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിന്റെ ദൃശ്യമെന്നു പറഞ്ഞ് എഎന്‍ ഐ ഇന്നലെ നല്‍കിയ വീഡിയോ ദൃശ്യങ്ങള്‍ സംഘപരിവാര നേതാക്കളും പ്രൊഫൈലുകളും വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നാലെയാണ് വ്യാജമാണെന്ന് വ്യക്തമായത്. വ്യാജവാര്‍ത്ത ആദ്യം ഷെയര്‍ ചെയ്തത് എഎന്‍ ഐയുടെ സ്മിതാ പ്രകാശ് ആണെന്ന് ഫാക്റ്റ് ചെക്കറും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചു. കാണാതായ മകനെ തേടി മുസ് ലിം വയോധികന്‍ നടത്തുന്ന പ്രതിഷേധത്തെയാണ് വളച്ചൊടിച്ച് ഹിന്ദുക്കള്‍ക്കെതിരായ ആക്രമണമെന്ന രീതിയില്‍ പ്രചരിപ്പിച്ചത്.


എ എന്‍ ഐ വീഡിയോ ഉള്‍പ്പെടെ നല്‍കിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിച്ചു. മുഹമ്മദ് സനി ഹവ്‌ലാദര്‍ എന്നയാളാണ് പ്രതിഷേധിക്കുന്നത്. കാണാതായ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിക്കാന്‍ മുസ് ലിം കുടുംബങ്ങള്‍ ഒത്തുകൂടിയപ്പോഴായിരുന്നു പ്രതിഷേധം. ഇതില്‍ വയോധികന്റെ ചില ദൃശ്യങ്ങള്‍ മാത്രമാണ് ഇപ്പോഴത്തേതെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. പ്രതിഷേധത്തില്‍ തൊപ്പി ധരിച്ചാണ് വയോധികന്‍ പങ്കെടുത്തിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

വ്യാജവീഡിയോ ആണെന്ന് അറിയിച്ചതോടെ എഎന്‍ ഐ ദൃശ്യം ഒഴിവാക്കിയെന്നും തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പുള്ള വീഡിയോ വലതുപക്ഷ അക്കൗണ്ടുകളും എഎന്‍ഐയെ ആശ്രയിക്കുന്ന മറ്റ് മാധ്യമങ്ങളും പങ്കിട്ടതായും മുഹമ്മദ് സുബൈര്‍ എക്‌സില്‍ കുറിച്ചു.

Tags:    

Similar News