തബ്‌ലീഗ് ജമാഅത്ത്: എഎന്‍ഐ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന് നോയിഡ പോലിസ്

എഎന്‍ഐ നല്‍കിയ റിപോര്‍ട്ടിന് പിന്നാലെ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന വിശദീകരണവുമായി നോയിഡ ഡിസിപി രംഗത്തെത്തി.

Update: 2020-04-08 13:43 GMT

നോയിഡ: തബ്‌ലീഗ് ജമാഅത്തിനെതിരേ വ്യാജവാര്‍ത്തയുമായി എഎന്‍ഐ. വ്യാജവാര്‍ത്തയ്‌ക്കെതിരേ നോയിഡ പോലിസ് രംഗത്തെത്തിയതോടെ വാര്‍ത്ത എഎന്‍ഐ പിന്‍വലിച്ചു. തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുമായി ബന്ധമുള്ളവരെ നോയിഡ പോലിസ് ക്വാറന്റൈനിലാക്കിയെന്നായിരുന്നു വ്യാജവാര്‍ത്ത.

എഎന്‍ഐ നല്‍കിയ റിപോര്‍ട്ടിന് പിന്നാലെ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന വിശദീകരണവുമായി നോയിഡ ഡിസിപി രംഗത്തെത്തി. വാര്‍ത്താ ഏജന്‍സിയുടെ അവകാശവാദത്തെ പരസ്യമായി തള്ളുകയും അതിനെ 'വ്യാജ വാര്‍ത്ത' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരെ നടപടിക്രമമനുസരിച്ച് ക്വാറന്‍റൈൻ ചെയ്തിട്ടുണ്ടെന്നും, തബ്‌ലീഗ് ജമാത്തിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച്ച രാത്രിയാണ് ഇത് സംബന്ധിച്ച വ്യാജവാര്‍ത്ത എഎന്‍ഐ പ്രസിദ്ധീകരിച്ചത്. നേരത്തെ, ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ പോലിസും തബ്‌ലീഗ് ജമാഅത്തിനെതിരേ മാധ്യമങ്ങള്‍ നല്‍കിയ വ്യാജവാര്‍ത്തയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. ഐസൊലേഷനില്‍ കഴിയുന്ന തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ മാംസാഹാരം ആവശ്യപ്പെട്ടിരുന്നുവെന്നും അവരുടെ ആവശ്യം പരിഗണിക്കാതെ വന്നപ്പോള്‍ കുഴപ്പമുണ്ടാക്കിയെന്നുമായിരുന്നു വ്യാജ വാര്‍ത്ത. 

Tags:    

Similar News