ധക്ക: പ്രതിഷേധക്കാര്‍ കോടതി വളഞ്ഞ് അന്ത്യശാസനം നല്‍കിയതിനു പിന്നാലെ ബംഗ്ലാദേശ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ രാജിവച്ചു. ഒരു മണിക്കൂറിനുള്ളില്‍ രാജിവച്ചില്ലെങ്കില്‍ സുപ്രിം കോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിന്റെയും വസതികള്‍ ആക്രമിക്കുമെന്നായിരുന്നു പ്രക്ഷോഭകരുടെ മുന്നറിയിപ്പ്. അതേസമയം, രാജ്യത്തുടനീളമുള്ള സുപ്രിം കോടതിയിലേയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥാനമൊഴിയുന്നതെന്ന് ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെ രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഫുള്‍കോര്‍ട്ട് യോഗം വിളിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ സുപ്രിം കോടതിയിലേക്ക് മാര്‍ച്ച് ചെയ്താണ് കോടതി പരിസരം വളഞ്ഞത്. ഇടക്കാല സര്‍ക്കാരിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൂഢാലോചന നടത്തുകയാണെന്നാണ് പ്രക്ഷോഭകരുടെ ആരോപണം. ഇടക്കാല സര്‍ക്കാരിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ സുപ്രിം കോടതിയെയും ചീഫ് ജസ്റ്റിസിനെയും ഉപയോഗിച്ച് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നതിനാലാണ് ചീഫ് ജസ്റ്റിസിനെ നിര്‍ബന്ധിച്ച് രാജിവയ്പിക്കാനെത്തിയതെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു.
1971ലെ യുദ്ധ സേനാനികളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം വരെ സംവരണം നടപ്പാക്കുന്നതിനെതിരേ വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രക്ഷോഭമാണ് ബംഗ്ലാദേശില്‍ കലാപത്തിലേക്കെത്തിയത്. പ്രക്ഷോഭകരെ ഉരുക്കുമുഷ്ടിയിലൂടെ നേരിട്ടതോടെ പ്രതിപക്ഷം സമരം ഏറ്റെടുത്തു. തുടര്‍ന്ന് പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. സമാധാനത്തിനുള്ള നൊബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ കീഴില്‍ ഇപ്പോള്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തില്‍ 500ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.