തിരഞ്ഞെടുപ്പിനായി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മകന്‍

Update: 2024-08-09 05:53 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ പുതിയ കാവല്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങുമെന്ന് മകന്‍ സജീബ് അഹ് മദ് വാജിദ് എന്ന സജീബ് വാജിദ് ജോയ് പറഞ്ഞു, 'മാതാവ് തല്‍ക്കാലം ഇന്ത്യയിലാണ്. ഇടക്കാല സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് തീരുമാനിക്കുന്ന നിമിഷം ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും യുഎസില്‍ കഴിയുന്ന മകന്‍ പറഞ്ഞു. അവാമി ലീഗ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും വിജയിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന്

    തിങ്കളാഴ്ചയാണ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. തുടര്‍ന്ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഒരു താല്‍ക്കാലിക സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇനി ഇവര്‍ക്കാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല. രാജ്യവ്യാപകമായി നടന്ന അക്രമങ്ങളില്‍ 300 ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യംവിട്ട ഹസീന ഇപ്പോഴും ഡല്‍ഹിയിലെ സുരക്ഷിത കേന്ദ്രത്തില്‍ അഭയം തേടിയിരിക്കുകയാണ്. നേരത്തേ, ബ്രിട്ടനിലേക്ക് പലായനം ചെയ്യാന്‍പദ്ധതിയിടുന്നതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം ഇതിന് അനുകൂലമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ബംഗ്ലാദേശിനെക്കുറിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചെങ്കിലും വിശദാംശങ്ങളൊന്നും പങ്കുവച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

Tags:    

Similar News