കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ലാ' എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. 2018 ജൂലൈയിൽ പശ്ചിമ ബംഗാൾ നിയമസഭ സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കിയെങ്കിലും കേന്ദ്രം ഇതുവരെ അതിന് സമ്മതിച്ചിട്ടില്ലെന്ന് രാജ്യസഭയിൽ ശൂന്യവേളയിൽ പരാമർശിക്കവെ പാർട്ടി എംപി റിദബ്രത ബാനർജി പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പുനർനാമകരണം നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രം, സംസ്കാരം, സ്വത്വം എന്നിവയുമായി പൊരുത്തപ്പെടുന്നതായിരിക്കുമെന്നും നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങൾ അത് പ്രതിഫലിപ്പിക്കുമെന്നും" അദ്ദേഹം പറഞ്ഞു.
1947-ലെ വിഭജനത്തിലാണ് ബംഗാളിനെ വിഭജിച്ച് പശ്ചിമ ബംഗാൾ എന്നും മറുവശത്തെ കിഴക്കൻ പാകിസ്ഥാൻ എന്നും രണ്ടാക്കിയത്. പിന്നീട് 1971-ൽ കിഴക്കൻ പാകിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം രൂപീകരിക്കുകയും ചെയ്തു.