ബംഗ്ലാദേശ് മുന്‍ ഐടി മന്ത്രി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞുവച്ചു

Update: 2024-08-06 12:20 GMT

ധക്ക: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജിവച്ച് നാടുവിട്ടതിനു പിന്നാലെ ബംഗ്ലാദേശ് മുന്‍ ഐടി മന്ത്രിയെ തടഞ്ഞുവച്ചു. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ജുനൈദ് അഹമ്മദ് പാലക്കിനെ ധക്ക വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. പ്രക്ഷോഭത്തിനു പിന്നാലെ രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച സൈന്യം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിറ്റേന്നാണ് മുന്‍ മന്ത്രിയെ തടഞ്ഞുവച്ചത്. ഹസ്രത്ത് ഷാ ജലാല്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിഐപി ലോഞ്ചില്‍ കാത്തുനില്‍ക്കുമ്പോഴാണ് അഹമ്മദിനെ വിമാനത്താവള ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. പിന്നീട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇന്ത്യയിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ശെയ്ഖ് ഹസീനയും ഇന്ത്യയിലേക്കാണ് വിമാനത്തില്‍ രക്ഷപ്പെട്ടത്. ന്യൂഡല്‍ഹിക്ക് സമീപമുള്ള സൈനിക വ്യോമതാവളത്തിലാണ് ശെയ്ഖ് ഹസീന ഇറങ്ങിയത്. തുടര്‍ന്ന് ലണ്ടനിലേക്ക് പോവുമെന്നാണ് സൂചനയെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Tags:    

Similar News