ഫൈനലുറപ്പിച്ച ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ

Update: 2018-09-25 08:53 GMT

ദുബയ്: സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്താനെ നേരിടും. ഏഷ്യാകപ്പില്‍ നിന്നു പുറത്തായെങ്കിലും അവസാന മല്‍സരം ഗംഭീരമാക്കാനുറച്ചാണ് അഫ്ഗാന്‍ പാഡ് കെട്ടുക. അതേസമയം ഇതിനകം ഫൈനലില്‍ കടന്ന ഇന്ത്യക്ക് ഇന്നത്തെ മല്‍സരം ഫൈനലിനു മുമ്പുള്ള ഒരു പ്രദര്‍ശനമല്‍സരം മാത്രമാവും. അതിനാല്‍ തന്നെ ടീമിലെ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കിയാവും രോഹിത് ശര്‍മ എത്തുന്നത്. പകരക്കാരായെത്തുന്നവര്‍ ഓരോരുത്തരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ യുവതാരങ്ങള്‍ക്ക് ഫൈനലില്‍ അവസരം ഉറപ്പാക്കാന്‍ ഇന്നത്തെ കളിയിലെ മിന്നും പ്രകടനം അനിവാര്യമാണ്.
ബൗളിങിലും ബാറ്റിങിലും ടീം ഒരുപോലെ ഫോം നിലനിര്‍ത്തുന്നതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാംപ്. മുന്നില്‍ നിന്നു കളി നയിക്കുന്ന ക്യാപ്റ്റന്‍ രോഹിത്ശര്‍മയും ശിഖര്‍ധവാനും ടീമിലെ യുവതാരങ്ങള്‍ക്കു നല്‍കുന്ന ഊര്‍ജം ചെറുതല്ല.
ടൂര്‍ണമെന്റില്‍ ഇതുവരെ 81.75 എന്ന റണ്‍ശരാശരിയോടെ 327 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്. 269 റണ്‍ നേടി രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ സ്ഥിരത നിലനിര്‍ത്തുന്നതിനാല്‍ 134.50 എന്ന മികച്ച റണ്‍ ശരാശരിയുമായി മുന്നില്‍ തന്നെ. അതേസമയം ബൗളിങില്‍ മൂന്നും അഞ്ചും സ്ഥാനത്താണ് ഇന്ത്യന്‍ താരങ്ങള്‍. ജസ്പ്രീത് ബുംറ ഏഴും ഭുവനേശ്വര്‍ കുമാര്‍ ആറും വിക്കറ്റാണ് ഇതുവരെ നേടിയിട്ടുള്ളത്.
ബാറ്റിങില്‍ അമ്പാട്ടി റായിഡു തന്റെ റോള്‍ മനോഹരമായി ചെയ്യുന്നു. എംഎസ് ധോണിക്കു പകരം ലോകേഷ് രാഹുലിനെ ഇന്നു കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ആദ്യ മല്‍സരത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഖലീല്‍ അഹമ്മദിനും അവസരം ലഭിച്ചേക്കും.
ബൗളിങില്‍ ടീമിന്റെ കുന്തമുനയായ ഭുവനേശ്വറിനു വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. സ്പിന്നര്‍മാരില്‍ ഒരാളും പുറത്തിരിക്കും.
അഫ്ഗാനാവട്ടെ, ഇന്നത്തെ കളിയില്‍ ഇന്ത്യക്കെതിരായ വിജയം അവര്‍ക്ക് ഏഷ്യാകപ്പ് കിട്ടിയ പരിവേഷമാണ് നല്‍കുക. അതിനാല്‍തന്നെ ഒന്നും നഷ്ടപ്പെടാനില്ലാത്ത അവര്‍ രണ്ടും കല്‍പിച്ചാണ് ഗ്രൗണ്ടിലിറങ്ങുക. നിലവില്‍ ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ളത് അഫ്ഗാന്റെ റാഷിദ് ഖാനാണ്. ഏഴു വിക്കറ്റുമായി അവരുടെ മുജീബുറഹിമാന്‍ മറ്റു രണ്ടുപേരുടെ കൂടെ രണ്ടാംസ്ഥാനം പങ്കിടുന്നു. ബാറ്റിങില്‍ അഫ്ഗാന്റെ ഹശ്മത്തുല്ല ഷാഹിദി 263 റണ്‍സുമായി രോഹിത് ശര്‍മയുടെ തൊട്ടു പിന്നിലുണ്ട്.
ഗ്രൂപ്പ്തല മല്‍സരങ്ങളിലും സൂപ്പര്‍ ഫോറിലും എല്ലാ മല്‍സരവും വിജയിച്ചാണ് ഇന്ത്യ വരുന്നതെങ്കില്‍ ഗ്രൂപ്പ് ബിയിലെ ആദ്യ മല്‍സരത്തില്‍ 91 റണ്‍സിന് ശ്രീലങ്കയെ തോല്‍പിച്ച അഫ്ഗാനിസ്താന്‍ ബംഗ്ലാദേശിനെതിരേ 136 റണ്‍സിന്റെ ഗംഭീരവിജയമാണ് നേടിയിരുന്നത്. പിന്നീട് സൂപ്പര്‍ ഫോറില്‍ പാകിസ്താനോട് മൂന്നു വിക്കറ്റിനു തോറ്റത് അവര്‍ക്കു തിരിച്ചടിയായി. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസത്തെ നിര്‍ണായക കളിയില്‍ ബംഗ്ലാദേശിനോട് കേവലം മൂന്നു റണ്‍സിനു തോറ്റതോടെ അവരുടെ വിധി എഴുതപ്പെട്ടു. നാളത്തെ കളിയില്‍ പാകിസ്താനോടു പരാജയപ്പെട്ട് ബംഗ്ലാദേശ് പുറത്താവുകയാണെങ്കില്‍ അഫ്ഗാന് വലിയ സങ്കടമായിരിക്കും അതു സമ്മാനിക്കുക.
Tags:    

Similar News