ലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ പെണ്‍പട

Update: 2018-09-25 10:19 GMT

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ വനിതാ ട്വന്റി20 പരമ്പര തുത്തുവാരി ഇന്ത്യ. നേരത്തേ പരമ്പര സ്വന്തമാക്കിയ ഇന്ത്യ അവസാനത്തെയും അഞ്ചാമത്തെയും മല്‍സരം 51 റണ്‍സിന് ജയിച്ചതോടെ പരമ്പര തുത്തുവാരുകയായിരുന്നു. നേരത്തേ നടന്ന നാല് മല്‍സരങ്ങളില്‍ ഒരെണ്ണം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ അവശേഷിക്കുന്ന മൂന്ന് മല്‍സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിര 156 റണ്‍സിന് എല്ലാവരും പുറത്തായെങ്കിലും എതിരാളികളെ 17.4 ഓവറിനുള്ളില്‍ 105 റണ്‍സിന് പുറത്താക്കി അഞ്ചാം മല്‍സരത്തിലും ഇന്ത്യ വെന്നിക്കൊടി നാട്ടുകയായിരുന്നു.
ടോസ് നേടിയ ശ്രീലങ്കന്‍ വനിതകള്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ ഇന്ത്യ ഒന്ന് പതറിയെങ്കിലും പിന്നീട് റണ്‍ നിരക്ക് ഉയര്‍ത്തി ഒരിക്കല്‍ കൂടി കരുത്തുകാട്ടി. സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് ചേര്‍ന്നപ്പോഴേക്കും സൂപ്പര്‍ താരം സ്മൃതി മന്ദാന റണ്ണൊന്നുമെടുക്കാതെ പവലിയനിലേക്ക് മടങ്ങി. പരമ്പരയില്‍ താരത്തിനിതുവരെ ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മിതാലി രാജ് 12 റണ്‍സെടുത്തും മടങ്ങി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ജെമീമ റോഡ്രീഗസും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും ചേര്‍ന്ന് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് ഏഴോവറില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക സമ്മാനിച്ചത്. ജെമിമ റോഡ്രീഗസ് 31 പന്തില്‍ 6 ബൗണ്ടറികളുമടക്കം 46 റണ്‍സ് നേടിയപ്പോള്‍ ഹര്‍മന്‍ പ്രീത് മറുവശത്ത് ഗംഭീര ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 38 പന്തില്‍ 63 റണ്‍സ് നേടിയ ഹര്‍മന്‍പ്രീതിന്റെ ബാറ്റില്‍ നിന്നും 3 ബൗണ്ടറികളും 5 സിക്‌സറുകളും പിറന്നു.
157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും ഇന്ത്യയെ വെല്ലുവിളിക്കാനായില്ല. ലങ്കന്‍ നിരയില്‍ നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കാം കടക്കാനായത്. 29 റണ്‍സെടുത്ത അനുഷ്‌ക സഞ്ജീവനിയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി പൂനം യാദവ് മൂന്നും ദീപ്തിശര്‍മ, രാധാ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
Tags:    

Similar News