ഉത്തരാഖണ്ഡിലും ബലാല്‍സംഗക്കൊല; നഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഉത്തരാഖണ്ഡ്: കൊല്‍ക്കത്തയ്ക്കു പിന്നാലെ ഉത്തരാഖണ്ഡിലും ബലാല്‍സംഗക്കൊല. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗര്‍ ജില്ലയിലാണ് ദാരുണ സംഭവം. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സിന്റെ മൃതദേഹം ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് കണ്ടെത്തിയത്. ജൂലൈ 30നാണ് സംഭവം നടന്നതെന്നാണ് റിപോര്‍ട്ട്.
ബറേലി സ്വദേശി ധര്‍മേന്ദ്ര കുമാറാണ് പ്രതി. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ നഴ്‌സിനെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു. രാത്രി വീട്ടില്‍ വരാത്തതിനെ തുടര്‍ന്ന് ഇരയുടെ സഹോദരി ജൂലൈ 31ന് ലോക്കല്‍ പോലിസില്‍ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് ആഗസ്ത് എട്ടിനാണ് നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതി യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാല്‍സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് പറയുന്നത്. ഇതിനുശേഷം യുവതിയിടെ ആഭരണങ്ങള്‍ കവര്‍ന്നെടുത്ത് ഇയാള്‍ കടന്നുകളഞ്ഞു. ആഗസ്ത് ഒമ്പതിന് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് വളപ്പില്‍ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉത്തരാഖണ്ഡിലും സമാനരീതിയിലുള്ള സംഭവം നടന്നത്.