സിവിജിലിന് തിരുവനന്തപരുത്ത് വന്‍ സ്വീകാര്യത; ഇതുവരെ ലഭിച്ചത് 250 പരാതികള്‍
220 എണ്ണത്തില്‍ നടപടി സ്വീകരിച്ചു. കലക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം. പരാതികള്‍ക്ക് 100 മിനിറ്റിനകം പരിഹാരം
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ നല്‍കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവതരിപ്പിച്ച സിവിജില്‍ (cVIGIL) ആപ്പിന് തിരുവനന്തപുരത്ത് വന്‍ സ്വീകാര്യത. ജില്ലയില്‍ ഇതിനോടകം 250 ഓളം പരാതികളാണ് ആപ്പ് വഴി ലഭിച്ചത്. ഇതില്‍ 220 പരാതികളില്‍ നടപടി സ്വീകരിച്ചതായി എംസിസി നോഡല്‍ ഓഫിസറും അസിസ്റ്റന്റ് കലക്ടറുമായ ജി പ്രിയങ്ക അറിയിച്ചു.
പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട ഏതുതരം പരാതികളും ആപ്പിലൂടെ കമ്മിഷനെ അറിയിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങല്‍ും പതിപ്പിച്ച പോസ്റ്ററുകള്‍, ഫഌക്‌സുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ, അപകീര്‍ത്തികരമായ പ്രസ്താവനകള്‍, പ്രസംഗങ്ങള്‍ തുടങ്ങി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നു തോന്നുന്ന എന്തിന്റെയും ചിത്രമോ വിഡിയോയോ മൊബൈലിലെടുത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്താല്‍ 100 മിനിറ്റിനകം പരിഹാരമുണ്ടാകും.
മുന്‍പ് ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവ ഈ ആപ്പ് മുഖാന്തരം അയക്കാന്‍ കഴിയില്ല. ജിപിഎസ് സംവിധാനം ഉപയോഗിച്ച് തല്‍സമയം എടുക്കുന്നതാകണം വിഡിയോയും ചിത്രങ്ങളും. പരാതി സംബന്ധിച്ച ചെറിയ കുറിപ്പും ഇതോടൊപ്പം ചേര്‍ക്കണം. പരാതിപ്പെടുന്നയാളുടെ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നതും സിവിജിലിന്റെ പ്രത്യേകതയാണ്.
തിരുവനന്തപുരം കലക്ടറേറ്റില്‍ സിവിജിലിനായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. മൊബൈലിലൂടെ ലഭിക്കുന്ന പരാതി സംബന്ധിച്ച വിവരങ്ങള്‍ ഈ കണ്‍ട്രോള്‍ റൂമിലാണ് ലഭിക്കുന്നത്. പരാതി ലഭിച്ച് അഞ്ചു മിനിറ്റിനകം ജില്ലാ കലക്ടര്‍ക്ക് കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിപ്പ് ലഭിക്കും. പരാതി പരിശോധിച്ച് കലക്ടര്‍ ഫഌയിങ് സ്‌ക്വാഡിന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കും. ഏറ്റവും അടുത്ത സ്‌ക്വാഡ് പരാതിക്ക് ആധാരമായ സ്ഥലത്ത് എത്തി അന്വേഷണം നടത്തും. 30 മിനിറ്റിനകം അന്വേഷണം പൂര്‍ത്തിയാക്കി സ്‌ക്വാഡ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കും. തുടര്‍ന്ന് പരാതി പരിഹരിക്കുകയും റിട്ടേണിങ് ഓഫിസര്‍ പരാതിക്കാരന് ഇതു സംബന്ധിച്ച വിവരങ്ങള്‍ ആപ്പിലൂടെതന്നെ കൈമാറുകയും ചെയ്യും. പ്ലേസ്‌റ്റോറില്‍നിന്നോ ആപ് സ്‌റ്റോറില്‍നിന്നോ സിവിജില്‍(cVIGIL) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.