കോള്‍നില നാശത്തിന്റെ പേരില്‍ സര്‍ക്കാര്‍ സഹായം അനര്‍ഹമായി കൈപ്പറ്റുന്നതായി പരാതി
അന്നമനട ഗ്രാമപ്പഞ്ചായത്തിലെ 16ാം വാര്‍ഡ് കീഴഡൂര്‍, പൈനാട്ടുകര പ്രദേശങ്ങളലാണ് കൃഷിനാശത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നുമുള്ള ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റാന്‍ നീക്കം നടക്കുന്നത്.
മാള: കോള്‍നില നാശത്തിന്റെ പേരില്‍ സര്‍ക്കാര്‍ സഹായം അനര്‍ഹമായി കൈപ്പറ്റുന്നതായി പരാതി. അന്നമനട ഗ്രാമപ്പഞ്ചായത്തിലെ 16ാം വാര്‍ഡ് കീഴഡൂര്‍, പൈനാട്ടുകര പ്രദേശങ്ങളലാണ് കൃഷിനാശത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നുമുള്ള ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റാന്‍ നീക്കം നടക്കുന്നത്. കരിക്കാട്ടുചാലില്‍ നിന്നും കൊരട്ടിപ്പള്ളം തോട്ടിലൂടെയടക്കം വരുന്ന വെള്ളമുപയോഗിച്ചും സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റിയും ചെയ്ത കൃഷിക്കാണ് കൃഷിനാശത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനായി നീക്കമുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്നതാണ് ഈ നീക്കം.
വിളവെടുക്കാന്‍ സമയമായാലും നെല്ല് കൊയ്യാറില്ല. വേനല്‍മഴയെത്തും വരെ നെല്ല് കൊയ്യാതിരിക്കും. മഴ പെയ്തയുടനെ ഫോട്ടോയെടുക്കുകയും പിറ്റേദിവസം നെല്ല് കൊയ്‌തെടുക്കുന്ന പ്രക്രിയ തുടങ്ങുകയും ചെയ്യും. രാഷ്ട്രീയ നേതാക്കളുടെയും മറ്റും നേതൃത്വത്തില്‍ കര്‍ഷക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷമടക്കം അഞ്ച് വര്‍ഷമായി പാലക്കാടുള്ളവരാണ് കൃഷി ചെയ്യുന്നത്. പാലക്കാട് നിന്നും തൊഴിലാളികളെ കൊണ്ട് വന്ന് കൃഷിപ്പണികള്‍ ചെയ്യും. ദൈനംദിന കാര്യങ്ങള്‍ക്കായി നാട്ടുകാരായ രണ്ടുപേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിത്തും വളവും മറ്റാനുകൂല്യങ്ങളും സംഘടിപ്പിച്ചുകൊണ്ടാണ് കൃഷിയിറക്കുന്നത്.
നെല്ല് കൊയ്യാന്‍ പാകമാകുമ്പോള്‍ കൊയ്ത്ത്‌മെതി യന്ത്രവും നെല്ല് കയറ്റിക്കൊണ്ട് പോകാനുള്ള വാഹനങ്ങളുമെത്തിക്കും. പാടശേഖരങ്ങളുടെ ഉടമകള്‍ക്കും മറ്റും കൊടുക്കേണ്ടതായ വിഹിതം കൊടുത്ത ശേഷം നെല്ല് പാലക്കാട്ടുകാര്‍ കയറ്റിക്കൊണ്ട് പോകും. ഇതിനിടയില്‍ കൃഷിനാശത്തിനുള്ള ധനസഹായത്തിനായുള്ള നീക്കം നടക്കും. പ്രാദേശിക ഭരണകര്‍ത്താക്കളുടെ സഹായത്തോടെ പേപ്പറില്‍ മാത്രമുള്ള കര്‍ഷക സമിതിയംഗങ്ങള്‍ സര്‍ക്കാരിന്റെ സഹായവും നേടിയെടുക്കും. രണ്ട് കിലോമീറ്റര്‍ നീളത്തിലും ഒരു കിലോമീറ്റര്‍ വീതിയിലുമുള്ള പാടശേഖരങ്ങളാണിവിടെ ഉള്ളത്. അര്‍ഹതയുള്ളവര്‍ക്ക് കിട്ടേണ്ടതായ സഹായം കിട്ടാതെ വരികയും ഇത്തരം പേപ്പര്‍ സമിതികള്‍ക്ക് അനര്‍ഹമായി സര്‍ക്കാര്‍ സഹായം ലഭിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ അനര്‍ഹരിലേക്കെത്തുന്നത്. അതേസമയം തന്നെ കൃഷിയിറക്കുന്ന ജനുവരി കൃഷി നടക്കുന്നതിനിടയില്‍ ഏപ്രില്‍ മാസം വരെയുള്ള സമയത്ത് നെല്‍ച്ചെടിയില്‍ പൂവിട്ടത് മുതല്‍ വിളവെടുപ്പിന്റെ സമയം വരെ വെള്ളം തടയുന്നത് മൂലം കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന അവസ്ഥയുമുണ്ട്.
കരിക്കാട്ടുചാലില്‍ നിന്നും മേലഡൂര്‍ കമ്പനിപ്പടി വരെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊരട്ടിപ്പള്ളം തോട്ടിലൂടെ വെള്ളമൊഴുകിയാല്‍ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിനും കാര്‍ഷീകാവശ്യത്തിനും വെള്ളം ലഭിക്കുമായിരുന്നു. ഇതാണ് കൊയ്‌തെടുത്ത നെല്ല് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുന്നത് വരെ തടയുന്നത്. ഇതുമൂലം കിണറുകളില്‍ അപകടകരമായ വിധത്തില്‍ ജലവിധാനം താഴും. പിന്നീട് കിട്ടുന്ന വെള്ളം ഉപയോഗശൂന്യമായിരിക്കും. ചുവന്ന നിറത്തിലുള്ള വെള്ളമാണ് ഇക്കഴിഞ്ഞ ദിവസം വരെ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ലഭ്യമായിരുന്നത്. തദ്ധേശീയരായ കര്‍ഷകരാണ് കൃഷി ഇറക്കുന്നതെന്ന് സര്‍ക്കാരിനെ കബളിപ്പിച്ച് കൃഷിക്കുള്ള ആനുകൂല്യങ്ങള്‍ ഇത്രയും നാളായി കൈപ്പറ്റിക്കൊണ്ടിരിക്കുന്നതായുള്ള ആരോപണമാണ് നാട്ടുകാരിലുള്ളത്.