മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ രക്ഷപ്പെടുത്തി
ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുംബൈയ്ക്ക് സമീപം ഭീവണ്ടി പട്ടേല്‍ കോമ്പൗണ്ട് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണത്.
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇതുവരെ ഒരു കുട്ടിയുള്‍പ്പെടെ 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആദ്യം 20 പേരെയും പിന്നീട് അഞ്ചുപേരെയുമാണ് രക്ഷപ്പെടുത്തിയത്.
നിരവധി പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുംബൈയ്ക്ക് സമീപം ഭീവണ്ടി പട്ടേല്‍ കോമ്പൗണ്ട് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണത്. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിനുള്ളില്‍ 20 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് റിപോര്‍ട്ടുകള്‍.