മോദിക്കെതിരേ ബെറോജ്ഗര്‍; ട്വിറ്റര്‍ കാംപയിന് തുടക്കമിട്ട് ഹര്‍ദിക്ക് പട്ടേല്‍
അതേസമയം, രാജ്യത്തെ അഴിമതിക്കാര്‍ക്കെല്ലാം ചൗക്കിദാര്‍ പേര് നല്‍കിയും മോദിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ട്വിറ്ററില്‍ മോദിയുടെ ചൗക്കീദാര്‍(കാവല്‍ക്കാരന്‍) പേരുമാറ്റത്തിനെതിരേ ഹര്‍ദിക്ക് പട്ടേലിന്റെ ബെറോജ്ഗര്‍(തൊഴിലില്ലാത്തവന്‍) കാംപയ്ന്‍. ട്വിറ്ററില്‍ കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, തന്റെ പേരിന് മുന്നില്‍ ചൗക്കീദാര്‍ എന്നു ചേര്‍ത്ത് ചൗക്കീദാര്‍ നരേന്ദ്രമോദി എന്നാക്കിയത്. തുടര്‍ന്ന് ഈ കാംപയിന്‍ ബിജെപി നേതാക്കളും മന്ത്രിമാരും ഏറ്റെടുത്തു. എല്ലാവരുടെയും പേരിനുമുന്നില്‍ ചൗക്കീദാര്‍ ചേര്‍ത്തു. തുടര്‍ന്നാണ് ഇതിന് പരിഹസിച്ച് ഹര്‍ദിക്ക് പട്ടേല്‍ രംഗത്തെത്തിയത്.
മോദിയുടെയും ബിജെപി നേതാക്കളുടേയും പേര് മാറ്റത്തെ പരിഹസിച്ച് ബെറോജ്ഗര്‍ പേരുമായി രംഗത്തെത്തിയ പട്ടേല്‍ നേതാവും കോണ്‍ഗ്രസ് അംഗവുമായ ഹര്‍ദിക് പട്ടേലിന് മികച്ച പിന്തുണായാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബെറോജ്ഗര്‍ കാംപയിനിലൂടെ രാജ്യത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാത്തതിനെതിരെയും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വര്‍ധിച്ച തൊഴിലില്ലായ്മയെ കുറിച്ചും ഹര്‍ദിക് പട്ടേല്‍ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹെ) എന്ന വിമര്‍ശനത്തെ പ്രതിരോധിക്കുന്നതിനായാണ് മോദി (മെം ഭി ചൗക്കിദാര്‍) എന്ന പ്രചരണം ആരംഭിച്ചത്. അതേസമയം, രാജ്യത്തെ അഴിമതിക്കാര്‍ക്കെല്ലാം ചൗക്കിദാര്‍ പേര് നല്‍കിയും മോദിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.