റായ്പൂര്‍: നിരന്തരശല്യവും ലൈംഗിക പീഡനവും സഹിക്കാനാവാതെ യുവാവ് മുതലാളിയെ കൊലപ്പെടുത്തി. ചത്തീസ്ഗണ്ഡിലെ റായ്ഘട്ടിലാണ് സംഭവം. കരാറുകാരനായ സന്ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ 28കാരന് ശങ്കര്‍ കുമാര്‍ പസ്വാനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം മാനസസരോവര്‍ അണക്കെട്ടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് ശരീരമില്ലാതെ തല മാത്രം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കൊല്ലപ്പെട്ട സന്ദീപ് സിംഗ് പ്രതി ശങ്കറിനെ ശരീരികബന്ധത്തിലേര്പ്പെടുന്നതിന് നിര്‍ബന്ധിച്ചിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്നും സന്ദീപ് ഭീഷണിപ്പെടുത്തുമായിരുന്നു.
ജോലി പോകുമെന്ന് ഭയന്ന് സന്ദീപിനെ ശങ്കര്‍ അനുസരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഇത് തുടര്‍ന്നു. ഒടുവില്‍ സന്ദീപിന്റെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ അയാളെ കൊല്ലാന്‍ ശങ്കര്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 18ന് രാത്രി സന്ദീപ് ആവശ്യപ്പെട്ടപ്രകാരം ശങ്കര്‍ അയാളുടെ വീട്ടിലെത്തി. ഇരുവരും മദ്യപിക്കുന്നതിനിടെ സന്ദീപ്, ശങ്കറിനെ കയറിപിടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ശങ്കര്‍ സന്ദീപിനെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു. പിന്നീട് മൃതദേഹം മൂന്നായി അറുത്ത് പ്ലാസ്റ്റിക് ബാഗുകളിലാക്കി മൂന്നിടങ്ങളില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് റായിഘട്ട് എസ്പി സന്തോഷ് സിംഗ് പറഞ്ഞു.