സൈബര്‍ തട്ടിപ്പിന് ഇരയായ വയോധിക ദമ്പതികള്‍ ജീവനൊടുക്കി

Update: 2025-03-29 01:11 GMT
സൈബര്‍ തട്ടിപ്പിന് ഇരയായ വയോധിക ദമ്പതികള്‍ ജീവനൊടുക്കി

ബംഗളൂരു: സൈബര്‍ തട്ടിപ്പിന് ഇരയായ വയോധിക ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ഖാനാപൂരിലെ ബീഡി ഗ്രാമത്തിലെ ശാന്തന്‍ നസറത്ത്(82), ഭാര്യ ഫഌവിയാന (79) എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇവര്‍ക്ക് മക്കളില്ല. ഇരുവരും മരിച്ചു കിടന്ന മുറിയില്‍ നിന്നും ഒരു കുറിപ്പ് കണ്ടെത്തി. സുമിത് ബിര, അനില്‍ യാദവ് എന്നീ പേരുകളിലുള്ള രണ്ടുപേര്‍ തങ്ങളുടെ ഐഡികാര്‍ഡുകള്‍ ഉപയോഗിച്ച് സ്വന്തമാക്കിയ സിം കാര്‍ഡ് കൊണ്ട് തട്ടിപ്പു നടത്തുകയാണെന്ന് കുറിപ്പ് പറയുന്നു. തട്ടിപ്പ് നടത്താതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെട്ടതിനാല്‍ അവര്‍ക്ക് 50 ലക്ഷം രൂപ നല്‍കി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ ജീവിതം നശിച്ചതായി തോന്നിയെന്നും ജീവന്‍ ഒടുക്കുകയാണെന്നും കുറിപ്പ് പറയുന്നു.

''ഇപ്പോള്‍ എനിക്ക് 82 വയസ്സായി, എന്റെ ഭാര്യക്ക് 79 വയസ്സായി. ഞങ്ങളെ പിന്തുണയ്ക്കാന്‍ ആരുമില്ല. ആരുടെയും കാരുണ്യത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ ഞങ്ങള്‍ ഈ തീരുമാനം എടുത്തിരിക്കുന്നു.''-നസറത്ത് ഒപ്പിട്ട കുറിപ്പ് പറയുന്നു. മൃതദേഹങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ മെഡിക്കല്‍ കോളജിന് നല്‍കണമെന്നും കുറിപ്പില്‍ ആവശ്യമുണ്ട്. മരണക്കുറിപ്പിന്റെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.

Similar News