ട്രംപിനെതിരേ 24 മണിക്കൂർ 20 മിനുട്ട് പ്രസംഗിച്ച് സെനറ്റർ

Update: 2025-04-02 03:15 GMT

വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ്  ട്രംപിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് അംഗം
കോറി ബുക്കർ 24 മണിക്കൂറും 20 മിനിറ്റും പ്രസംഗിച്ചു. ശരീരം അനുവദിക്കുന്നതുവരെ പ്രസംഗിക്കുമെന്ന് പ്രഖ്യാപിച്ചാണ് ന്യൂജഴ്സിയിൽ നിന്നുള്ള 55കാരനായ സെനറ്റർ രംഗത്തെത്തിയത്.

വിവിധ സർക്കാർ വകുപ്പുകൾക്കുള്ള
ധനസഹായം വെട്ടിക്കുറയ്ക്കൽ, ജീവനക്കാരെ പിരിച്ചുവിടൽ, ആരോഗ്യ പരിരക്ഷാ പരിപാടികൾ നിർത്തൽ, രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിച്ച മറ്റ് നയങ്ങൾ എന്നിവയിൽ ട്രംപിനെതിരെ ബുക്കർ വിമർശനം ഉന്നയിച്ചു

" യുഎസ് ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. അമേരിക്കൻ ജനതയ്ക്കും അമേരിക്കൻ ജനാധിപത്യത്തിനും നേരെയുള്ള ഭീഷണികൾ ഗുരുതരവും അടിയന്തിരവുമാണ്, അവയ്‌ക്കെതിരെ നിലകൊള്ളാൻ നാമെല്ലാവരും കൂടുതൽ ശ്രമിക്കേണ്ടതുണ്ട്. അധികാരത്തിലേറി കേവലം 71 ദിവസങ്ങൾക്കുള്ളിൽ, അമേരിക്കൻ പ്രസിഡൻ്റ് അമേരിക്കക്കാരുടെ സുരക്ഷയിൽ വളരെയധികം ദോഷം വരുത്തി.  സാമ്പത്തിക സ്ഥിരത, ജനാധിപത്യത്തിൻ്റെ അടിത്തറ എന്നിവ തകർത്തു." ബുക്കർ പറഞ്ഞു.

ആഫ്രിക്കൻ വംശജർക്ക് അവകാശങ്ങൾ നൽകുന്നതിനെതിരേ 1957ൽ റിപ്പബ്ലിക്കൻ സെനറ്റർ സ്ട്രോം
തർമണ്ട് നടത്തിയ 24 മണിക്കൂർ 18 മിനുട്ട് പ്രസംഗത്തിൻ്റെ റെക്കോർഡും ബുക്കർ തകർത്തിട്ടുണ്ട്.

Similar News