ശരിയാണ് കേരളം ഒരു മാതൃകയാണ്, എന്താ രാജസ്ഥാനിലെ ബില്‍വാര മോശമാണോ?
ബില്‍വാര ജില്ലയില്‍ മാത്രം നടന്ന കൊവിഡ്19 ടെസ്റ്റിന്റെ എണ്ണം കേരളത്തിന്റെ ഏകദേശം പകുതി!
ബില്‍വാര: കേരളം കൊവിഡ് 19 വൈറസ് ബാധയെ വിജയകരമായി തോല്‍പ്പിച്ച അല്ലെങ്കില്‍ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. ആ മികവ് ലോകം അംഗീകരിച്ചുകഴിഞ്ഞു. സ്വാതന്ത്ര്യാനന്തരവും തീര്‍ച്ചയായും അതിനു മുമ്പും കേരളത്തില്‍ തുടക്കമിട്ട പൊതുജനാരോഗ്യപദ്ധതികളും മാറിമാറിവന്ന സര്‍ക്കാരുകളുടെ ഇക്കാര്യത്തിലുള്ള ശ്രദ്ധയും കേരളത്തെ ഈ മഹാമാരിയില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ സഹായിച്ചു. തീര്‍ച്ചയായും ഇപ്പോഴത്തെ സര്‍ക്കാര്‍ മാല്‍സര്യത്തോടെ നടപ്പാക്കിയ പ്രതിരോധപ്രവര്‍ത്തനവും സഹായകരമായി. അത് ഒരാള്‍ക്കും നിഷേധിക്കാനുമാവില്ല.
അതേസമയം കേരളത്തെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ മികവോടെ രോഗബാധയെ നേരിട്ട നിരവധി മാതൃകകള്‍ രാജ്യത്തുണ്ട്. അതിലൊന്നാണ് രാജസ്ഥാനിലെ ബില്‍വാര മാതൃക. ബില്‍വാരയില ജില്ലാ കലക്ടര്‍ ദീര്‍ഘദൃഷ്ടിയോടെ ആരംഭിച്ച ലോക്ക് ഡൗണും അതുണ്ടാക്കാവുന്ന പ്രശ്‌നങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കവും വ്യാപകമായ ടെസ്റ്റിങ്ങും ജില്ലയെ പ്രതിരോധപ്രവര്‍ത്തനത്തിന്റെ മുന്നിലെത്തിച്ചു. കേരളം ഇതുവരെ നടത്തിയ ടെസ്റ്റിന്റെ ഏകദേശം പകുതി ഒരു ജില്ലയായ ബില്‍വാരയില്‍ മാത്രം നടത്തിയെന്നു പറഞ്ഞാല്‍ മനസ്സിലാവും അതിന്റെ വ്യാപ്തി.
ബില്‍വാരയിലെ ബ്രിജേഷ് ബംഗൂര്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഒരു ഡോക്ടറെയാണ് രോഗം ആദ്യം പിടികൂടിയത്. അദ്ദേഹം രോഗബാധ സ്ഥിരീകരിക്കും മുമ്പ് ആയിരക്കണക്കിനു രോഗികളുമായി നേരിട്ടും അല്ലാതെയും ഇടപെട്ടു കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബില്‍വാര കലക്ടര്‍ രാജേന്ദ്ര ഭട്ട് രംഗത്തിറങ്ങുന്നത്. മോദി ഇന്ത്യ അടച്ചിടാന്‍ തീരുമാനിച്ചതിനു മൂന്നു ദിവസം മുമ്പ് രാജേന്ദ്ര ഭട്ട് ബില്‍വാര അടച്ചുപൂട്ടി. മാര്‍ച്ച് 21 ന് എല്ലാ വ്യവസായസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും സ്‌കൂളുകളും ഇഷ്ടികക്കളങ്ങളും അടച്ചു. ഇറ്റലിയില്‍ വന്നവരുടെ ഒരു വലിയ പറ്റം തന്നെയുണ്ടായിരുന്നു അന്ന് ബില്‍വാരയില്‍.
മാര്‍ച്ച് പകുതിയിലാണ് ബില്‍വാരയില്‍ ആദ്യ രോഗബാധ സ്ഥിരീകരിച്ചത.് മാര്‍ച്ച് 31ന് രോഗം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി 27 കേസുകള്‍. പക്ഷേ, അതിനു ശേഷം ഇന്നുവരെ ഒരു കേസ് പോലും ഇവിടെനിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൃത്യമായ ടെസ്റ്റിങ്ങും സ്‌ക്രീനിങ്ങും വഴിയാണ് ബില്‍വാര ഈ നേട്ടം കൊയ്തത്. ബില്‍വാരയില്‍ ജനസംഖ്യ 2,400,000 ആണ്. ജില്ലയിലെ 92 ശതമാനം പേരെയും ആരോഗ്യപ്രവര്‍ത്തകര്‍ സ്‌ക്രീന്‍ ചെയ്തു കഴിഞ്ഞു. ഈ ജില്ലയില്‍ മാത്രം നടത്തിയ ടെസ്റ്റുകളുടെ എണ്ണം 6,000 വരും. കേരളത്തില്‍ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം, നാല് ദിവസം മുമ്പത്തെ കണക്കുപ്രകാരം, 15,683 ആണെന്ന് നാം ഓര്‍ക്കണം. അതായത് കേരളത്തിന്റെ ഏകദേശം പകുതി ഒരു ജില്ലയില്‍ മാത്രം നടന്നു.
തുടക്കത്തില്‍ രാജസ്ഥാനിലെ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കിയിരുന്ന ബില്‍വാരയില്‍ പിന്നീട് കൊവിഡ് തുടച്ചുനീക്കിയെന്നു തന്നെ പറയാം.
വീടുകേറിയിറങ്ങിയുള്ള നിരീക്ഷണം, കൃത്യതയോടെയും കാരുണ്യത്തോടെയുമുള്ള ലോക്ക് ഡൗണ്‍ ആശ്വാസപദ്ധതികള്‍ ഇതൊക്കെ ബില്‍വാരയെ മികവുറ്റതാക്കി. ഒരുപക്ഷേ, കേരളത്തിനു തന്നെ മാതൃകയായി. അതിനെ നമുക്ക് ബില്‍വാര മാജിക്കെന്നു വിളിക്കാം. രാജസ്ഥാനിലെ ബില്‍വാര മാതൃകയും ആര്‍ക്കും നിഷേധിക്കാനാവില്ല.