മതിയായ ചികില്‍സയും ഭക്ഷണവും നല്‍കിയില്ല; തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തയാളുടെ മരണത്തില്‍ പ്രതിഷേധം
ന്യൂഡല്‍ഹി: മതിയായ ചികില്‍സയും ആവശ്യത്തിന് ഭക്ഷണവും നല്‍കാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ക്വാറന്റീനില്‍ വച്ച തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തയാള്‍ മരിച്ചതെന്നാരോപിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്ത്. തമിഴ്‌നാട്ടില്‍ നിന്നുളള 60 വയസ്സുളള എഞ്ചിനീയറാണ് ആവശ്യത്തിന് മരുന്നും നേരത്തിന് ഭക്ഷണവും ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചത്. മരണത്തില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
മാര്‍ച്ചിലാണ് തമിഴ്‌നാട്ടുകാരനായ ഇയാളെ 2346 പേര്‍ക്കൊപ്പം നിസാമുദ്ദീന്‍ തബ്‌ലീഗ് ജമാഅത്തില്‍ നിന്ന് ഒഴിപ്പിച്ചത്. പലരെയും പല സ്ഥലങ്ങളിലായി സര്‍ക്കാര്‍ താമസിപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിയത്. അദ്ദേഹത്തോടൊപ്പം മറ്റ് ചിലരും ഉണ്ടായിരുന്നു.
ഇതിനിടയില്‍ കടുത്ത പ്രമേഹ രോഗിയായ അദ്ദേഹത്തിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുത്തു. അധികൃതര്‍ അദ്ദേഹത്തെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരിലെ ഒരു ആശുപത്രിയിലാക്കി. തുടര്‍ന്നാണ് മരണം.
മാര്‍ച്ച് 21നാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹത്തിന് പ്രമേഹ മരുന്നുകള്‍ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.
അതേസമയം അദ്ദേഹത്തോടൊപ്പം കഴിഞ്ഞിരുന്ന ഒരു രോഗി പറയുന്നത് അദ്ദേഹത്തിന് വല്ലപ്പോഴും മരുന്നു കിട്ടിയിരുന്നെങ്കിലും 12 മണിക്കൂറില്‍ കൂടുതല്‍ വൈകിയെത്തുന്ന ഭക്ഷണം പ്രമേഹ രോഗിയായ അദ്ദേഹത്തിന്റെ രോഗബാധ വര്‍ധിപ്പിച്ചുവെന്നാണ്. നല്‍കിയ ഭക്ഷണം തെക്കേ ഇന്ത്യക്കാര്‍ക്ക് കഴിക്കാവുന്നതുമായിരുന്നില്ല. ഭാഷയും പ്രശ്‌നമായിരുന്നു.
കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്ന തബ്‌ലീഗ് പ്രവര്‍ത്തകരാണ് ഈ കേന്ദ്രത്തിലുള്ളത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ അവര്‍ പ്രതിഷേധിക്കുകയും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജീവ് ഖിര്‍വാര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഏപ്രില്‍ 20നാണ് അദ്ദേഹം ഇവിടെയെത്തിയതെന്നും കൊറോണ പോസിറ്റീവായിരുന്നുവെന്നും മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം കൊറോണ രോഗിയാണോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.
അദ്ദേഹത്തെ ഡല്‍ഹിയില്‍ തന്നെ സംസ്‌കരിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിലേക്ക് കത്തയച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.