പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: അറസ്റ്റിലായ രണ്ട് പേര്‍ ബിജെപിക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത്

Update: 2020-04-25 09:54 GMT

ന്യൂഡല്‍ഹി: പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് പേര്‍ ബിജെപിക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത്. രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കൊലപ്പെടുത്തിയ പാല്‍ഘാര്‍ കേസില്‍ ഇതുവരെ 110 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാളായ ഈശ്വര്‍ ബന്ധു നിക്കോലെ(25) ഗഡ്ചിന്‍ച്ചലെ ഗ്രാമത്തിലെ ബിജെപിയുടെ ബൂത്ത് കമ്മിറ്റി അംഗമാണ്. അടുത്ത പ്രതി ഭാഹു സാത്തെയും ബിജെപി ബൂത്ത് കമ്മിറ്റി അംഗമാണ്. ഇരുവരും ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സാവന്ത് പുറത്തുവിട്ടു.

ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കാത്തതില്‍ സാവന്ത് ബിജെപിയെ കുറ്റപ്പെടുത്തി. പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ ബിജെപിക്ക് ശരിക്കും നിലപാടുണ്ടെങ്കില്‍ അറസ്റ്റിലായ രണ്ട് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊക്കെ ഉള്ളപ്പോഴാണ് ഉത്തരവാദിത്തം മുസ്‌ലിംകളുടെ തലയില്‍ കെട്ടിവച്ച് ബിജെപി പ്രശ്‌നത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരേ മതിയായ നിയമം കൊണ്ടുവരണമെന്ന സുപ്രിം കോടതി നിര്‍ദേശമുണ്ടായിട്ടും എന്തുകൊണ്ടാണ് ബിജെപി ഇതിനെതിരേ ഓഡിനന്‍സ് കൊണ്ടുവരാത്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

രണ്ട് വര്‍ഷം മുമ്പാണ് ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരേ നിയമം കൊണ്ടുവരാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്.  

Tags:    

Similar News