വഡോദര: ആശുപത്രിയിലെ ജൈവമാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പുനരുപയോഗം സാധ്യമാകുന്ന പിപിഇ കിറ്റുമായി ഗുജറാത്തി കമ്പനി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉണ്ടാകുന്നവയിലൊന്നാണ് പിപിഇ കിറ്റുകള്‍.
''ഇത് ധരിക്കുന്നത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 100 ശതമാനം സുരക്ഷിതമാണ്. സൂട്ടിനുള്ളിലെ വായു കുറച്ചുകൂടെ ശുദ്ധവും ഓണ്‍ലൈന്‍ വഴി നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമാണ്. ഈ കിറ്റില്‍ സ്വയം വൃത്തിയായി സൂക്ഷിക്കാനുള്ള ചില സംവിധാനങ്ങളുണ്ട്. ഇത് ഉപയോഗിച്ച് വലിച്ചറിയേണ്ടതല്ലാത്തതിനാല്‍ കുറച്ചു മാലിന്യം മാത്രമേ ഉല്പാദിപ്പിക്കുകയുള്ളൂ- ഷുവര്‍ സേഫ്റ്റി(ഇന്ത്യ) ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എന്‍ ദാന്ത് പറഞ്ഞു.
''ഇന്ത്യന്‍ സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ഇന്ത്യന്‍ പ്രതിരോധസേനയ്ക്കും ഞങ്ങളുടെ കമ്പനി സുരക്ഷാഉപകരണങ്ങള്‍ നല്‍കുന്നുണ്ട്''- അദ്ദേഹം പറഞ്ഞു.
പിപിഇ കിറ്റുകളുടെ ക്ഷാമത്തിന് ഇതൊരു പരിഹാരമാവാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ പിപിഇ കിറ്റുകളുടെ അഭാവം വലിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്.
കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനില്‍ രോഗവ്യാപനത്തിന്റെ മുര്‍ദ്ധന്യാവസ്ഥയില്‍ ആറിരട്ടി മാലിന്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയിലും സമാനമായിരിക്കും സ്ഥിതിയെന്നാണ് കരുതേണ്ടത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ പുനരുപയോഗിക്കാവുന്ന പിപിഇ കിറ്റ് സഹായിക്കും.