പരപ്പനങ്ങാടിയില്‍ പരിഭ്രാന്തി പരത്തി മസ്ജിദിനു മുകളില്‍ തീനാളങ്ങള്‍

Update: 2020-05-13 15:26 GMT

പരപ്പനങ്ങാടി: ടൗണ്‍ സുന്നി മസ്ജിദിന്റെ മുകള്‍ ഭാഗത്ത് നിന്ന് തീ നാളങ്ങള്‍ ഉയര്‍ന്നു പൊങ്ങിയത് ടൗണില്‍ പരിഭ്രാന്തി പരത്തി. ബുധനാഴ്ച്ച വൈകുന്നേരം 5.40 നാണ് സംഭവം. പൊലീസും നാട്ടുകാരുമെത്തി പരിശോധിച്ചതോടെയാണ് ആശങ്ക നീങ്ങിയത്. പള്ളിയിലെ ജീവനക്കാരന്‍ കാര്‍പെറ്റുകളും മാലിന്യങ്ങളും മുകളിലിട്ട് കത്തിച്ചതാണ് ഭീതിയുര്‍ത്തിയത്. സ്ഥലത്തെത്തിയ പരപ്പനങ്ങാടി എസ് ഐ രാജേന്ദ്രന്‍ നായരും സംഘവും പള്ളി ജീവനക്കാരനായ യുവാവിനെ ഉപദേശിച്ച് മടങ്ങി.

തിരൂരില്‍ നിന്ന് പുറപ്പെടാനിരുന്ന ഫയര്‍ യൂണിറ്റിനെ മാധ്യമ പ്രവര്‍ത്തകര്‍ നിജസ്ഥിതി വിളിച്ചറിയിച്ചതോടെ അവരുടെ അനാവശ്യയാത്ര ഒഴിവായി. ലോക്ക് ്ഡൗണിന്റെ ഒഴിവുസമയം പള്ളിയും പരിസരവും വൃത്തിയാക്കാന്‍ നടത്തിയ ശ്രമമാണ് പരിഭ്രാന്തിക്കിടയാക്കിയത്. നാട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് പള്ളി ജീവനക്കാരന്‍ തന്നെയാണ് തീയണച്ചത്. പിന്നീട് തൊട്ടടുത്ത കടകളിലെ ജീവനക്കാരും സഹായത്തിനെത്തിയിരുന്നു. 

Tags:    

Similar News