അപകടം കാരണം കണ്ടെത്താന്‍ ബ്ലാക്ക് ബോക്‌സ് തന്നെ ആശ്രയം
ദുബയില്‍ നിന്നും ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 1344 വിമാനം അപകടത്തില്‍ പെടാനുണ്ടായ ശരിയായ കാരണം കണ്ടെത്താന്‍ ഇനി ബ്ലാക്ക് ബോക്‌സിനെ തന്നെ ആശ്രയിക്കേണ്ടി വരും. സാധാരണ വിമാനങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രധാന കാരണം ലാന്റിംഗ് ഗിയര്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ
കബീര്‍ എടവണ്ണ
ദുബയില്‍ നിന്നും ഇന്നലെ പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 1344 വിമാനം അപകടത്തില്‍ പെടാനുണ്ടായ ശരിയായ കാരണം കണ്ടെത്താന്‍ ഇനി ബ്ലാക്ക് ബോക്‌സിനെ തന്നെ ആശ്രയിക്കേണ്ടി വരും. സാധാരണ വിമാനങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രധാന കാരണം ലാന്റിംഗ് ഗിയര്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ്. ഇത്തരം എന്ത് പ്രശ്‌നങ്ങളുണ്ടാകുമ്പോഴും പൈലറ്റും സഹ പൈലറ്റും കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ (എടിസി) റൂമിലേക്ക് വിവരം അറിയിക്കേണ്ടതാണ്. ഇത്തരം സന്ദേശം എടിസിയിലേക്ക് വന്നിരുന്നെങ്കില്‍ അവിടെ നിന്നും ഫയര്‍ സര്‍വ്വീസ് അടക്കമുള്ള എല്ലാ എമര്‍ജന്‍സി ടീമിനും വിവരം അറിയിക്കും. മുന്നറിയിപ്പ് ലഭിച്ചാല്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ എല്ലാ ഫയര്‍ എന്‍ജിനുകളും കരിപ്പൂരിലേക്ക് കുതിക്കും. പൊതുജനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തുന്നതിന് മുമ്പ് തന്നെ അധികൃതര്‍ തന്നെ നിയന്ത്രണം ഏറ്റെടുക്കും. എടിസിയില്‍ പോലും വിവരം ലഭിക്കാത്ത കാര്യം ആയത് കൊണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ ബ്ലാക്ക് ബോക്‌സിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നത്. ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന ഓറഞ്ച് നിറത്തിലുള്ള ഈ ഉപകരണത്തിന് രണ്ട് തരം റിക്കാര്‍ഡുകളാണുണ്ടായിരിക്കുക. എഫ്ഡിആര്‍ എന്നറിയപ്പെടുന്ന ഫ്‌ളൈറ്റ് ഡാറ്റ റിക്കാര്‍ഡറും, സിവിആര്‍ എന്നറിയപ്പെടുന്ന കോക്ക്പിറ്റ് വോയ്‌സ് റിക്കാര്‍ഡറും. എഫ്ഡിആര്‍ ല്‍ ഒരു സെക്കന്റിനകത്ത് നടക്കുന്ന നിരവധി സംഭവങ്ങളാണ് റിക്കാര്‍ഡ് ചെയ്യപ്പെടുന്നത്. സിവിആര്‍ ല്‍ കോക്ക്പിറ്റില്‍ നടക്കുന്ന എല്ലാ ശബ്ദങ്ങള്‍ പോലും സാക്ഷ്യപ്പെടുത്തും. പൈലറ്റുകളുടെ അവസാന ശ്വാസം പോലും ഈ പ്രമാണത്തിലുണ്ടായിരിക്കും. 1000 ഡിഗ്രി മുകളിലുള്ള ഉഷ്ണത്തില്‍ പോലും കേട് കൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വിമാനത്തിന്റെ കേപ്റ്റന്‍ ദീപക് വസന്ത് സാഥേ പറത്തിയ എയര്‍ഫോഴ്‌സ് വിമാനം 1990 ല്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് 6 മാസം ചികില്‍സയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്ത് കൊണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വീണ്ടും അപകടത്തില്‍ പെടുന്നു?
കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ട് 32 വര്‍ഷം കഴിഞ്ഞിട്ടും ആദ്യമായിട്ടാണ് ഇത്തരം അപകടം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി മറ്റു വലിയ വിമാനങ്ങള്‍ ഇവിടെ നിന്നും സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഒരു അപകടവും ഇതു വരെ ഉണ്ടായിട്ടില്ല. അതേ സമയം 10 വര്‍ഷത്തിനുള്ള ചെറിയ വിമാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സൃഷ്ടിക്കുന്ന രണ്ടാമത്തെ അപകടമാണിത്. മംഗ്ലൂരു വിമാനത്താവളത്തിനകത്തുണ്ടായ അപകടത്തില്‍ 158 പേര്‍ മരിക്കുകയും 8 പേര്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. ലോകത്തിലെ സുരക്ഷിതമായ 50 വിമാനങ്ങളുടെ പട്ടികയില്‍ ബജറ്റ് വിമാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്ത് കൊണ്ടാണ് സ്ഥാനം പിടിക്കാത്തത്. ബജറ്റ് വിമാനമായ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്ിന്റെ മംഗ്ലൂരു വിമാനത്താവളത്തില്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വര്‍ഷങ്ങളോളം നിയമ പോരാട്ടം നടത്തിയതിന് ശേഷമാണ് നഷ്ടപരിഹാരം പോലും ലഭിക്കുന്നത്. ചിലവ് ചുരുക്കി ലാഭത്തില്‍ കൊണ്ട് പോകാന്‍ നോക്കുമ്പോള്‍ വിമാനത്തിന്റെ സുരക്ഷയുടെ കാര്യവും സംശയം ജനിപ്പിക്കുന്നു.
റണ്‍വേ അറ്റകുറ്റപണികള്‍ ശരിയായി നടക്കുന്നില്ല.
അതി വേഗതയില്‍ നിലത്തിറക്കുന്ന റണ്‍വേയുടെ അറ്റകുറ്റ പണികള്‍ ശരിയായി നടത്താത്തതും അപകടത്തിന് ഇടയാക്കുന്നു. ശക്തമായ മഴയും മഞ്ഞും അടക്കമുള്ള പ്രതികൂല കാലാവസ്ഥയില്‍ വിമാനം ലാന്റ് ചെയ്യുമ്പോള്‍ വഴുതാതിരിക്കാന്‍ വിമാനത്തിന്റെ മര്‍ദ്ദം കൂടുതല്‍ വര്‍ദ്ധിപ്പിച്ചാണ് വിമാനം റണ്‍വേയില്‍ തൊടുന്നത്. ഈ സമയത്ത് കൂടുതല്‍ ഘര്‍ഷണം നടക്കുമ്പോള്‍ ടയറുകള്‍ കൂടുതല്‍ തേയുകയും അതിന്റെ നിക്ഷേപം റണ്‍വേകളില്‍ അടിയുകയും ചെയ്യുമ്പോള്‍ അത് ശരിയായി മാറ്റിയിട്ടില്ലെങ്കില്‍ ഈ പാതയിലൂടെ വീണ്ടും സഞ്ചരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ തെന്നിമായാന്‍ സാധ്യതയും കൂടുതലാണ്. വിദേശ രാജ്യങ്ങളില്‍ ഇത് സമയത്തിന് മാറ്റാറുണ്ടെങ്കിലും ചില രാജ്യങ്ങള്‍ കാര്യമായി ശ്രദ്ധിക്കാറില്ലെന്ന് ഒരു പൈലറ്റ് വെളിപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളം ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന വിമാനത്താവളമാണന്നും ലൈറ്റിംഗ് സിസ്റ്റവും റണ്‍വേയും ശരിയായി അറ്റകുറ്റ പണി നടത്തുന്നില്ലെന്നും ആനന്ദ് മോഹന്‍ രാജ് എന്ന പൈലറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.