ന്യൂഡല്‍ഹി: ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 70ലധികം സര്‍വീസുകള്‍ റദ്ദാക്കി. 300ലധികം മുതിര്‍ന്ന ജീവനക്കാരാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ അസുഖഅവധിയെടുത്തത്. ഇതേത്തുടര്‍ന്ന് 79ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ടുചെയ്തു.
ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം. കൂട്ടഅവധിയെടുത്ത ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ അവധിയെടുത്തു തുടങ്ങിയത്. ഇതോടെ വിമാനങ്ങള്‍ വൈകാനും പലതും റദ്ദാക്കാനും തുടങ്ങി. ജീവനക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിടേണ്ടിവരുന്ന അസൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും എയര്‍ഇന്ത്യ വക്താവ് പറഞ്ഞു.
വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കുകയോ ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടര്‍ന്ന് രോഷവും നിരാശയും നിരവധിപേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എട്ടിന് ശേഷമുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി. റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബെഹ്‌റൈന്‍, കുവൈത്ത് വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.
അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്നും റദ്ദ് ചെയ്തത്. സമാനമായ രീതിയില്‍ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11ന് യാത്രതിരിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസും റദ്ദാക്കിയിരുന്നു.
തിരുവനന്തപുരത്ത് നിന്നും പകല്‍ പുറപ്പെടാനുള്ള വിമാന സര്‍വീസുകളും റദ്ദാക്കാന്‍ സാധ്യതയുണ്ട്.
അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാരാണ് വിവിധ വിമാനത്താവളത്തില്‍ കുടുങ്ങിയത്. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ ഇവര്‍ പ്രതിേഷധിച്ചു.