യാത്രക്കാരുടെ ലഗേജുകള്‍ സമയബന്ധിതമായി നല്‍കണം; വിമാന കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം

Update: 2024-02-19 11:11 GMT
ന്യൂഡല്‍ഹി: വിമാനയാത്രക്കാരുടെ ലഗേജ് സമയബന്ധിതമായി നല്‍കാന്‍ ജാഗ്രത കാട്ടണമെന്ന് ഇന്ത്യയിലെ വിമാന കമ്പനികള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) നിര്‍ദേശം. നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴ് എയര്‍ലൈനുകള്‍ക്ക് ബിസിഎഎസ് കത്തയച്ചു. വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ യാത്രക്കാരുടെ ബാഗുകള്‍ അയക്കണം. വിമാനമിറങ്ങി 10 മുതല്‍ 30 മിനിറ്റിനുള്ളില്‍ ലഗേജുകള്‍ യാത്രക്കാരുടെ കൈയിലെത്തണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. ലഗേജ് ഡെലിവറി വൈകുന്നത് പല വിമാനത്താവളങ്ങളിലും പതിവ് പ്രശ്‌നമാണ്. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ തുടങ്ങിയ ഏഴ് വിമാന കമ്പനികള്‍ക്കാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.

    ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ലഭിക്കാന്‍ എടുക്കുന്ന സമയം നിരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. ഏഴ് എയര്‍ലൈനുകളുടെ 3600 വിമാനങ്ങളിലെ ലഗേജ് ഡെലിവറി സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് നിര്‍ദേശം. ജനുവരിയില്‍ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണെന്നും അറിയിച്ചു. ബാഗേജ് ഡെലിവറിയുമായി ബന്ധപ്പെട്ട് എല്ലാ എയര്‍ലൈനുകളുടെയും പ്രകടനം മെച്ചപ്പെട്ടെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ആദ്യത്തെ ബാഗേജ് വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ ബാഗേജ് ബെല്‍റ്റില്‍ എത്തണം. അവസാന ബാഗ് 30 മിനിറ്റിനുള്ളിലും എത്തണം.

    വിമാനത്താവളങ്ങളിലെ ബാഗേജ് ഡെലിവറി വൈകുന്നതില്‍ യാത്രക്കാര്‍ പലപ്പോഴും നിരാശ പ്രകടിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ബാഗേജ് മണിക്കൂറുകള്‍ വൈകുന്നു. ബാഗേജ് ബെല്‍റ്റില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ കാത്തിരിപ്പ് സമയം കൂടും. തടസ്സങ്ങളില്ലാതെ വിമാനയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Tags:    

Similar News