വിമാനത്താവളങ്ങളിലെ ആര്‍ടിപിസിആര്‍ പരിശോധന: പ്രതിഷേധവുമായി പ്രവാസികള്‍

ഒരാഴ്ച്ചക്കകം മൂന്നു ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് പ്രവാസികള്‍ നടത്തേണ്ടത്.

Update: 2021-02-23 14:29 GMT

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ ആര്‍ടിപിസിആര്‍ പരിശോധനക്കെതിരേ പ്രവാസികളുടെ പ്രതിഷേധം. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നിര്‍ബന്ധമാക്കിയത്. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും പരിശോധന തുടങ്ങി. 1700 രൂപയാണു നിരക്ക്. സ്വകാര്യ ഏജന്‍സികളാണ് പരിശോധനക്ക് സൗകര്യമൊരുക്കുന്നത്.


പ്രവാസികള്‍ യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് വിമാനത്താവളത്തില്‍ എത്തുന്നത്. ഇത് കൈവശമുള്ളപ്പോള്‍ തന്നെയാണ് വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം 1700 രൂപ മുടക്കി വീണ്ടും പരിശോധന നടത്തേണ്ടി വരുന്നത്. പിന്നീട് വീട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലത്തില്‍ ഒരാഴ്ച്ചക്കകം മൂന്നു ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് പ്രവാസികള്‍ നടത്തേണ്ടത്. പുതിയ നിയമത്തിനെതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രവാസികള്‍ പ്രതിഷേധിച്ചു. നാട്ടിലെത്തിയാല്‍ വീണ്ടും സ്വന്തം ചെലവില്‍ ടെസ്റ്റ് നടത്തണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും വിമാനത്താവളങ്ങളില്‍ സൗജന്യമായി കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.




Tags:    

Similar News