'ലക്ഷദ്വീപ് വിഷയത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളാണ് കഥ'; പുതിയ സിനിമയെ കുറിച്ച് ഐഷ സുല്‍ത്താന
കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് സിനിമ ചെയ്യാനൊരുങ്ങി നടിയും സംവിധായികയുമായ ഐഷ സുല്‍ത്താന. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. താന്‍ നിലവില്‍ കടന്ന് പോയ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ സിനിമയാക്കണമെന്നുണ്ട്. സിനിമയാകുമ്പോള്‍ തനിക്കുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും താന്‍ സഞ്ചരിച്ച വഴികളെ കുറിച്ചും ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തത ലഭിക്കുമെന്നും ഐഷ പറഞ്ഞു.
'സിനിമ എന്റെ കഥയാണ്. ഞാന്‍ ഇപ്പോ അനുഭവിച്ച പ്രശ്‌നങ്ങള്‍ തന്നെ സിനിമയാക്കിയാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ ഉടനെ തന്നെ അത് സിനിമയാക്കും. ഞാന്‍ എന്താണ് ഫേസ് ചെയ്തത്. ഞാന്‍ സഞ്ചരിച്ച വഴികള്‍. എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെട്ടത് എന്നുള്ളതിനെ കുറിച്ച് ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തതയുണ്ടാവും. സിനിമയില്‍ അത് ഓരോ സീന്‍ ബൈ സീനായി കൊണ്ട് വരാന്‍ സാധിക്കും. കാത്തിരിന്ന് കാണുന്നതായിരിക്കും നല്ലത്.' ഐഷ സുല്‍ത്താന വ്യക്തമാക്കി.
ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്ന് ഐഷക്കെതിരെ ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ഇത് സംബന്ധിച്ച് നടന്ന പൊലീസിന്റെ ചോദ്യം ചെയ്യല്‍ സമയത്ത് തനിക്ക് പലതും അനുഭവിക്കേണ്ടതായി വന്നു. അതെല്ലാം സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നു എന്നും താരം വ്യക്തമാക്കി. സിനിമയിലെ താരങ്ങളെ കുറിച്ചൊന്നും ഐഷ പറഞ്ഞില്ല. എന്നാല്‍ തന്റെ മനസിലുള്ള കഥയായതിനാല്‍ ഉടന്‍ തന്നെ സ്‌ക്രിപ്റ്റ് തയ്യാറാക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.