'ചരിത്രസ്മാരകങ്ങളും നാനൂറോളം പാര്‍പ്പിടങ്ങളും ഇല്ലാതാവും'; കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോഡ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

Update: 2021-09-13 12:23 GMT

കാസര്‍കോഡ്: നാടിനെ നെടുകെ പിളര്‍ന്നുള്ള കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സമരസമിതി കാസര്‍കോഡ് നഗരത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. കാര്‍ഷിക ഭൂമിയും തണ്ണീര്‍പ്പാടങ്ങളും നശിപ്പിക്കപ്പെടുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പദ്ധതി വന്നാല്‍ വഴിയാധാരമാകുക ആയിരക്കണക്കിന് പേരാണ്. തായലങ്ങാടി, പള്ളം, നെല്ലിക്കുന്ന്, ചേരങ്കൈ കടപ്പുറം ഭാഗങ്ങളില്‍ താമസിക്കുന്ന നൂറിലധികം കുടുംബങ്ങളുടെ സ്ഥലങ്ങളും പാര്‍പ്പിടങ്ങളുമാണ് ഇല്ലാതാവുന്നത്. കൂടാതെ കേരളത്തിലെ അതിപുരാതനമായ മാലിക് ദീനാര്‍ മസ്ജിദിന്റെ ഭാഗവും ചരിത്ര സ്മാരകങ്ങളും നഷ്ടമാവും. 

കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഓടിയെത്തുന്ന കെ റെയില്‍ വരുമ്പോള്‍ വലിയ വികസനമൊന്നും വരാന്‍ സാധ്യതയില്ലെന്നിരിക്കെ ഈ പദ്ധതി ഉപേക്ഷിക്കണമെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. 

കണ്‍വെന്‍ഷന്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. കെ റെയില്‍ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവ് മുഖ്യ പ്രഭാഷണം നടത്തി. 

സംസ്ഥാന വൈസ് ചെയര്‍മാന്‍ ടി ടി ഇസ്മാഈല്‍, കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. വിവേക്, നഗരസഭ വികസന സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭ അംഗങ്ങളായ എന്‍ ഇ അബ്ദുര്‍ റഹ്മാന്‍, സിയാന ഹനീഫ, മുശ്താഖ് ചേരങ്കൈ, എന്‍ കെ അബ്ദുര്‍ റഹ്മാന്‍ ഹാജി, അഹമദ് കുട്ടി നെല്ലിക്കുന്ന്, സി എം അശ്‌റഫ്, അബ്ദുര്‍ റഹ്മാന്‍ ചട്ടഞ്ചാല്‍, ഫാറൂഖ് ഖാസിമി, ശരീഫ് സാഹിബ്, എന്‍ എം സുബൈര്‍, എന്‍ യു ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News